SignIn
Kerala Kaumudi Online
Friday, 23 January 2026 3.47 AM IST

സ്വർണക്കൊള്ള കേസിന്റെ നീരാളിപ്പിടിത്തം

Increase Font Size Decrease Font Size Print Page
s

''കടന്നൽക്കൂടാണ് ഇളക്കിവിടുന്നതെന്ന് ഞങ്ങൾ കരുതിയിരുന്നില്ല."" സ്വർണപ്പാളി അറ്റകുറ്റപ്പണിയിലെ സ്വർണക്കൊള്ള തിരിച്ചറിഞ്ഞ സമയം ഹൈക്കോടതി ദേവസ്വംബെ‌ഞ്ച് രേഖപ്പെടുത്തിയതാണിത്. കഴിഞ്ഞ ദിവസത്തെ ഇടക്കാല ഉത്തരവിലും ദേവസ്വംബെഞ്ച് ഇതാവർത്തിച്ചു. സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച വി.എസ്.എസ്.സിയുടെ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് കോടതിക്ക് ഇത് വീണ്ടും പറയേണ്ടി വന്നത്. കുറ്റക‌ൃത്യത്തിന്റെ വ്യാപ്തി വർദ്ധിക്കുകയാണെന്നാണ് കോടതി വ്യക്തമാക്കുന്നത്. ഒറിജിനൽ പാളികൾ മാറ്റി ഡ്യൂപ്ലിക്കേറ്റ് സ്ഥാപിച്ചുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് രാസ പരിശോധനാ റിപ്പോർട്ട്. തട്ടിപ്പുകാർ കണ്ണുവച്ചത് അയ്യപ്പന്റെ സ്വർണത്തിൽ മാത്രമല്ലെന്ന നിഗമനമാണ് ശക്തിപ്പെടുത്തുന്നത്. ശബരിമലയിലെ പവിത്രമായ വസ്തുക്കൾ അനധികൃത പുരാവസ്തു വിപണിയിലോ 'ഭക്തി" മാർക്കറ്റിലോ സ്വപ്ന വിലയ്ക്ക് മറിച്ചുവിറ്റിരിക്കാമെന്നതിലേക്കാണ് അന്വേഷണം എത്തുന്നത്. സ്വർണക്കൊള്ള കേസിൽ ദേവസ്വംബെഞ്ച് ക്ഷമയോടെ നീങ്ങുമ്പോൾ, പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്ന സിംഗിൾബെ‌ഞ്ച് കൂടുതൽ കർശനമായ നിലപാടാണ് സ്വീകരിക്കുന്നത്. അറസ്റ്റിലായ പ്രതികൾക്കൊന്നും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ കൊല്ലം വിജിലൻസ് കോടതിയും ശക്തമായ നിലപാടെടുക്കുന്നു. ഇതിനിടെയാണ് സർവ്വയിടവും അരിച്ചുപെറുക്കി, അതിവിപുലമായ അന്വേഷണ സംവിധാനവുമായി എൻഫോഴ്സ് ഡയറക്ട്രേറ്റിന്റെ രംഗപ്രവേശം. സി.ബി.ഐ അന്വേഷണം തേടുന്ന ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഡിവിഷൻബെഞ്ച് നിഗമനങ്ങൾ

ശബരിമല ക്ഷേത്ര സ്വത്തിന്റെ ആസൂത്രിതമായ കവർച്ച നടന്നെന്നാണ് ശാസ്ത്രീയ പരിശോധനഫലത്തിൽ നിന്ന് രണ്ടംഗ ദേവസ്വംബെ‌ഞ്ച് വിലയിരുത്തിയത്. സ്വർണം പൊതിഞ്ഞ യഥാർത്ഥ പാളികളിൽ നിക്കൽ, അക്രലിക് പോളിമർ എന്നിവയുടെ ലെയർ ഉണ്ടായിരുന്നില്ല. എന്നാൽ തുടർന്ന് സ്വർണം പൂശിയ ചെമ്പ് പാളികളിൽ ഇവയുണ്ട്. എന്നാൽ മെർക്കുറിയില്ല. ഇതുകൂടാതെ, സ്വർണപ്പാളികളിൽ കൃത്രിമം കാട്ടിയെന്നും മാറ്റിവച്ചുവെന്നും രാസപരിശോധന സൂചിപ്പിക്കുന്നുണ്ട്. ഭരണപരമായ വീഴ്ച, കെടുകാര്യസ്ഥത തുടങ്ങിയവ തുടർച്ചയായി ക്ഷേത്ര സ്വത്ത് നഷ്ടപ്പെടാൻ ഇടയാക്കിയെന്നും കോടതി പറഞ്ഞു. അതേസമയം, പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം 5 പേരെ കൂടി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്. ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട തിരിമറിയിൽ മൂന്നുപേരും കട്ടിളപ്പാളികളിൽ നിന്ന് സ്വർണം ചോർത്തിയതിൽ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. ആദ്യ കേസിലെ 16 പ്രതികളിൽ 11 പേർ അറസ്റ്റിലായി. കട്ടിളപ്പാളി കേസിൽ 13 പ്രതികളിൽ 11 പേരെ അറസ്റ്റു ചെയ്തു. അഷ്ടദിക്പാലകരുടെ കാര്യത്തിലുള്ള അന്വേഷണം അനിവാര്യമാണ്. കൂടുതൽ സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്. കൊടിമരം സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ചില പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അംഗബലം വർദ്ധിപ്പിച്ചാണ് എസ്.ഐ.ടി മുന്നോട്ടുപോകുന്നത്.

സിംഗിൾബെഞ്ചിന്റെ നിലപാട്


സ്വർണക്കൊള്ള കേസിൽ കവർച്ച ചെയ്ത സ്വർണം വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്നും അല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ യുക്തിസഹമായ കാരണങ്ങൾ ബോധിപ്പിക്കണമെന്നാണ് ഹൈക്കോടതി സിംഗിൾബെഞ്ച് പറഞ്ഞത്. സ്വർണം വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടാൽ പ്രതികൾക്ക് ശിക്ഷയിൽനിന്നു രക്ഷപ്പെടാനാവുമെന്നും അന്വേഷണം അർത്ഥമില്ലാത്തതാകുമെന്നുമാണ് പ്രതികളുടെ ജാമ്യഹർജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചത്. ഇതുവരെ കേട്ടുകേൾവിയില്ലാത്ത ക്രമക്കേടാണ് സംഭവിച്ചത്. അയ്യപ്പനു സമർപ്പിച്ചു കഴിഞ്ഞാൽ ചെറിയ അളവിലാണെങ്കിൽപ്പോലും അതിനു വിലമതിക്കാനാവാത്ത മൂല്യമുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്നയാളുടെ താത്പര്യമനുസരിച്ച് അതിനു ചിന്തിക്കാവുന്നതിനും അപ്പുറത്തെ വിലയുണ്ടാകും. ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പടിയിലെയും സ്വർണത്തിന്റെ വില കണക്കാക്കാനാകില്ല. അസാധാരണമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതാണിതെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
ദ്വാരപാലക ശില്പങ്ങൾ, കട്ടിളപ്പടി തുടങ്ങിയവ സംബന്ധിച്ച രണ്ടു കേസുകളിലായി 4147 ഗ്രാം സ്വർണം കവർന്നെന്നാണു പ്രോസിക്യൂഷൻ ആരോപണം. ഗോവർധനിൽനിന്നു 474.960 ഗ്രാം സ്വർണം മാത്രമാണു കണ്ടെടുത്തത്. ബാക്കിയുള്ള സ്വർണത്തിന് എന്തു സംഭവിച്ചെന്ന് അറിയാൻ പ്രതി ഗോവർദ്ധനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇ.ഡിയുടെ ഇടപെടൽ

സംസ്ഥാനത്തും പുറത്തുമായി 21 ഇടങ്ങളിൽ വൻ സുരക്ഷാ സന്നാഹങ്ങളോടെ റെയ്ഡ് നടത്തിയാണ് ശബരിമല കേസിൽ എൻഫോഴ്സ്മെന്റിന്റെ രംഗപ്രവേശം. ഓപ്പറേഷൻ എസ്.ഐ.ടിയോ ലോക്കൽ പൊലീസോ അറിഞ്ഞിരുന്നില്ല. സ്വർണപ്പാളികളുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ നിഗമനം. സ്വർണക്കൊള്ളയെക്കാൾ വലിയ സാമ്പത്തിക ക്രമക്കേടാണു ശബരിമലയിലെ കാണിക്കയുടെയും വഴിപാടിന്റെയും കണക്കിൽ ദേവസ്വം ബോർഡ് അധികാരികളും കൂട്ടാളികളും നടത്തിയിരിക്കുന്നതെന്ന് ഇ.ഡി കണ്ടെത്തി. സ്വർണപ്പാളികളെ ചെമ്പ് പാളികളാക്കാൻ നടത്തിയ തിരിമറികളുടെ രേഖകൾ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നും പിടിച്ചെടുത്തു. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടിയുടെ ഭാഗമായി ഒന്നാം പ്രതി ഉണ്ണിക്കൃ ഷ്ണൻ പോറ്റിയുടെ 1.30 കോടി രൂപ വിലമതിക്കുന്ന 8 സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. ഇതിൽ സ്ഥലവും കെട്ടിടങ്ങളും ഉൾപ്പെടുന്നു. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തു. മറ്റു പ്രതികളുടെ സ്വത്തു കണ്ടുകെട്ടാനുള്ള കണക്കെടുപ്പ് ഉടൻ പൂർത്തിയാകും. ക്രമക്കേടിന്റെ യഥാർത്ഥ വ്യാപ്തി കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിക്കു ലഭിച്ചിരിക്കുന്ന നിർദ്ദേശം. 'കലാശക്കൊട്ടിനൊരുങ്ങുന്ന" എസ്.ഐ.ടിയും കൂടുതൽപ്പേരെ പൂട്ടാനുള്ള ശ്രമത്തിലാണ്. രാജ്യാന്തര ബന്ധങ്ങളടക്കം സംശയിക്കുന്ന സ്വർണക്കൊള്ള കേസിൽ സി.ബി.ഐ അന്വേഷണത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ കേസിൽ കുടുങ്ങിയവരും കുടുങ്ങാനിരിക്കുന്നവരും നിയമനടപടികളുടെ നീരാളിപ്പിടിത്തത്തിലാകും. അഴിയ്ക്കുള്ളിൽ നിന്ന് ജാമ്യത്തിലിറങ്ങുക ഇവർക്ക് ശ്രമകരമാകും. നേതാക്കളാരെങ്കിലും ഏതെങ്കിലും വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അവരുടെ രാഷ്ട്രീയ നേതൃത്വവും പ്രതിരോധത്തിലാകും.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.