SignIn
Kerala Kaumudi Online
Friday, 20 September 2024 12.10 AM IST

സഞ്ചാരികളേ ഇതിലേ...

Increase Font Size Decrease Font Size Print Page

tourism

വേനലവധി ആരംഭിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളെല്ലാം തയ്യാറെടുത്തുകഴിഞ്ഞു. ടൂറിസം, ജലസേചനം, വനം, ഫിഷറീസ്, കെ.ടി.ഡി.സി വകുപ്പുകളുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണികൾ തകൃതിയായി പുരോഗമിക്കുകയാണ്. വേനൽ അവധിക്കായി സ്കൂളുകളും കോളേജുകളും അടച്ചതോടെ ഏപ്രിൽ, മേയ് മാസങ്ങളിൽ തിരക്കുണ്ടാവുമെന്നാണു പ്രതീക്ഷ. സ്വകാര്യ സംരംഭങ്ങളും സന്ദർശകരെ ആകർഷിക്കാനുള്ള സംവിധാനങ്ങളൊരുക്കി സജീവമായുണ്ട്.

നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും അവ നടപ്പാക്കുന്നതിലും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനുള്ള താത്പര്യം പ്രശംസനീയമാണ്. ഉത്തരവാദിത്ത ടൂറിസം, മലബാർ ലിറ്റററി ടൂറിസം സർക്യൂട്ട്, ക്യാരവൻ ടൂറിസം, കെ.എസ്.ആർ.ടി.സി ടൂറിസം യാത്രകൾ എന്നിവ അതിന് ഉദാഹരണങ്ങൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ പഞ്ചായത്തിലും ടൂറിസ്റ്റ് സ്‌പോട്ടുകൾ കണ്ടെത്തി വികസിപ്പിക്കുക, കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകളുടെ സമഗ്രവിവരങ്ങൾ പ്രതിപാദിക്കുന്ന ആപ്പ്, ഫുഡ് ടൂറിസം, ഫാം ടൂറിസം എന്നിങ്ങനെ പദ്ധതികൾ ഇനിയും വരാനിരിക്കുന്നു. അവയെല്ലാം യാഥാർത്ഥ്യമായാൽ ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് ഇനിയുമേറെ തിളങ്ങാനാവും.

വേനലിൽ

വരുമാനം കുറഞ്ഞു

കടുത്ത ചൂടായതിനാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മേഖലയിൽ വൻനഷ്ടമുണ്ടായതായി ടൂറിസം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. മലമ്പുഴ ഉദ്യാനത്തിൽ സാധാരണ ഒരു ദിവസം 25,000 രൂപയോളം വരുമാനം ലഭിക്കാറുണ്ട്. ഇതു 10,000 രൂപയിൽ താഴെയായി കുറഞ്ഞു. 10,000 രൂപ വരെ ദിവസവും ലഭിച്ചിരുന്ന കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ വരുമാനവും നാലായിരത്തിൽ താഴെയായി കുറഞ്ഞു. ജലസേചന വകുപ്പിനു കീഴിലുള്ള പോത്തുണ്ടി, മംഗലം ഡാം ഉദ്യാനത്തിലും ഫിഷറീസ് വകുപ്പിനു കീഴിലുള്ള മലമ്പുഴ അക്വേറിയത്തിലും വനംവകുപ്പിനു കീഴിലുള്ള മലമ്പുഴ പാമ്പ് വളർത്തൽ കേന്ദ്രത്തിലും പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിലും വരുമാനം കുത്തനെ കുറഞ്ഞു. ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന വ്യാപാരികൾ, ഹോട്ടൽ, ലോഡ്ജ്, വഴിയോര കച്ചവടക്കാർ എന്നിവർക്കും വൻ നഷ്ടമുണ്ടായി. അവധിക്കാല ടൂറിസത്തിലാണ് ഇവരുടെ പ്രതീക്ഷ.

വേനൽക്കാലത്ത് സൈലന്റ് വാലിയിൽ സാധാരണ സന്ദർശകരുടെ തിരക്ക് കൂടാറുണ്ട്. പക്ഷേ, സൈലന്റ്‌ വാലിയിൽ റോഡ് നിർമ്മാണം ആരംഭിച്ചതോടെ കഴിഞ്ഞ ഡിസംബർ മുതൽ അടച്ചിട്ടിരിക്കുകയാണ്. ഏപ്രിലി?ൽ തുറക്കുമെന്നാണു പ്രതീക്ഷ. ധോണി വെള്ളച്ചാട്ടവും അടച്ചിട്ടിരിക്കുകയാണ്. കാട്ടുതീ ഭീതിയെത്തുടർന്ന് കാട് സന്ദർശനത്തിനും പ്രദേശത്ത് വിലക്കുണ്ട്.

തണുപ്പുതേടി

കേരളംവിട്ടു

പാലക്കാട് നിന്നു കൂടുതൽ വിനോദ സഞ്ചാരികൾ പോയതു തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാൽ, വാൽപ്പാറ തുടങ്ങിയ തണുപ്പുള്ള സ്ഥലങ്ങളിലേക്ക്. ഊട്ടിയിലും കൊടൈക്കനാലിലും ഫെബ്രുവരി പകുതിയോടെ തുടങ്ങിയ തിരക്ക് തുടരുന്നുണ്ട്. പക്ഷേ, ഊട്ടിയിലും വാൽപ്പാറയിലും ചൂട് ക്രമാതീതമായി കൂടിയതോടെ സന്ദർശകരുടെ എണ്ണം കുറഞ്ഞതായാണ് പ്രാദേശിയ ടൂറിസ്റ്റ് ഗൈഡുകൾ വ്യക്തമാക്കുന്നത്. പാവങ്ങളുടെ ഊട്ടിയെന്ന വിശേഷണമുള്ള നെല്ലിയാമ്പതിയിലും ചൂട് കൂടിയതോടെ സന്ദർശകരുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. കാട്ടുചാലകളും വറ്റിവരണ്ട അവസ്ഥയിലാണ്. സാധാരണ വേനലിൽ 30 ഡിഗ്രി സെൽഷ്യസ് വരെയുണ്ടായിരുന്നത് ഇത്തവണ 35 ആയി ഉയർന്നത് തിരിച്ചടിയായി. പോത്തുണ്ടി താഴ്‌വാരത്തു നിന്നുള്ള നെല്ലിയാമ്പതി മലനിരകളുടെ പച്ചപ്പ് നിറഞ്ഞ കാഴ്ചകളാണ് കടുത്ത വേനലിൽ കരിഞ്ഞത്.

എവിടെ തങ്ങും?​

പാലക്കാട് ജില്ലയിലെ മലമ്പുഴ, മംഗലംഡാം, മീൻവല്ലം, അട്ടപ്പാടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങൾ പലതും നിലച്ചതും പുഴകൾ വറ്റിയതും ടൂറിസം മേഖലയിൽ മുമ്പൊന്നുമില്ലാത്ത പ്രതിസന്ധിയുണ്ടാക്കി. അകമലവാരത്തെത്തുന്ന സഞ്ചാരികളെ കൂടുതൽ ആകർഷിച്ചിരുന്ന മൂന്നു തോടുകളായിരുന്നു ഒന്നാംപുഴയും കൊച്ചിത്തോടും മയിലാടിപ്പുഴയും. ഉരുളൻകല്ലുകളാലും ചെറിയ വെള്ളച്ചാട്ടങ്ങളാലും മനോഹരമായ ഇവിടങ്ങൾ വറ്റിയതോടെ സന്ദർശകർ തീരെ കുറഞ്ഞു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആവശ്യത്തിനു താമസ സൗകര്യങ്ങളില്ലാത്തതു സഞ്ചാരികൾക്കു ദുരിതമാകുന്നുണ്ട്. കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള സൗകര്യങ്ങൾ പ്രദേശത്ത് എവിടെയുമില്ല. കെ.ടി.ഡി.സിയിൽ സൗകര്യമുണ്ടെങ്കിലും സന്ദർശകരുടെ തിരക്കു കൂടുമ്പോൾ പലർക്കും മുറി ലഭിക്കാത്ത അവസ്ഥയാണ്. ജലസേചന വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും മുറികൾ ലഭിക്കാൻ ഓൺലൈൻ ബുക്ക് ചെയ്യണം. വെബ്‌സൈറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നതിനാൽ മുറികൾ ബുക്ക് ചെയ്യാനാകുന്നില്ലെന്നാണ് പ്രധാന പരാതി. മുറികളുടെ വാടക ഉയർത്തിയതും തിരിച്ചടിയായിട്ടുണ്ട്.


വിദേശികളുടെ

വരവ് കുറഞ്ഞു

കൊവിഡ് കാലത്തിനുശേഷം ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതായി കണക്കുകൾ. മലമ്പുഴ, പാലക്കാട് കോട്ട, പറമ്പിക്കുളം, സൈലന്റ് വാലി ഉൾപ്പെടെ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. സാംസ്‌കാരികവും കലകളും പൈതൃകവും സംരക്ഷിക്കപ്പെടുന്ന മേഖലകൾ തേടി സാധാരണ നിരവധി വിദേശികൾ എത്താറുണ്ടെന്നു ട്രാവൽ ഏജൻസി അധികൃതർ പറയുന്നു. എന്നാൽ ഇത്തരം പദ്ധതികൾ പ്രോൽസാഹിപ്പിക്കാൻ പദ്ധതികളില്ലാത്തതു മേഖലയെ തളർത്തി. കൊവിഡ് കാലത്തിനു ശേഷം ട്രാവൽ ഏജൻസികൾ പലതും പൂട്ടി.

യാത്രകളുമായി

ഡി.ടി.പി.സി

ഗ്രാമങ്ങളെ അറിയുക, ഗ്രാമങ്ങളുടെ ചരിത്രം പഠിക്കുക, പരമ്പരാഗത തൊഴിലും ഉപജീവനങ്ങളും പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായി മുൻവർഷങ്ങളിലേതു പോലെ വിദേശ സംഘങ്ങളുമായി ഗ്രാമാന്തരങ്ങളിലൂടെ യാത്ര നടത്താനുള്ള ആലോചനയിലാണ് ഡി.ടി.പി.സി. അപൂർവ വാദ്യോപകരണങ്ങളും നെയ്ത്തും പാലക്കാടിന്റെ പ്രത്യേകതകളാണ്. ഇവയൊക്കെ പഠിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കായാണ് ഗ്രാമങ്ങളെ കോർത്തിണക്കുന്ന ഉത്തരവാദിത്ത ടൂറിസം ആരംഭിച്ചത്. ചെണ്ടയും മദ്ദളവും ഇടയ്ക്കയും നിർമ്മിക്കുന്ന പെരുവെമ്പ്, ലോക പൈതൃകഗ്രാമമായി പ്രഖ്യാപിച്ച് നവീകരിച്ച കൽപ്പാത്തി, കഥകളി പാഠ്യപദ്ധതിയായി ഉൾപ്പെടുത്തിയ സർക്കാർ സ്‌കൂൾ സ്ഥിതിചെയ്യുന്ന വെള്ളിനേഴി എന്നീ ഗ്രാമങ്ങളെ കോർത്തിണക്കിയുള്ള യാത്രയാണ് ആലോചനയിൽ. പ്രകൃതിഭംഗി നന്നായി നിലനിൽക്കുന്ന പാലക്കാടൻ ഗ്രാമങ്ങളെ ആസ്വാദ്യകരമാക്കുന്ന ടൂറിസം പാക്കേജാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TOURISM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.