തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് താൽക്കാലിക ആശ്വാസം പകരുന്ന ലോകായുക്ത ഉത്തരവിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്‍ എം പി രംഗത്തെത്തി. അഴിമതിക്കെതിരെ പോരാടാനുള്ള കേരളത്തിന്റെ ഏക സ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് പിണറായി നടത്തിയതെന്നും ഇതിന് മുഖ്യകാർമ്മികത്വം വഹിച്ചതിൽ മുഖ്യമന്ത്രിക്കും കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍പോലും ത്രാണിയില്ലാതെ ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'ഇതിലൊരു വലിയ ഡീൽ നടന്നിട്ടുണ്ടെന്ന് നേരത്തേ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അവിഹിതമായി നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ജനം കഴുത്തിന് കുത്തിപ്പിടിച്ച് പുറത്താക്കുന്നതിന് മുമ്പ് രാജിവച്ച് പുറത്തുപോകണം. മുഖ്യമന്ത്രിയെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയതിന്റെ തെളിവാണ് വിധിയിലുള്ളത്. ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019 ല്‍ ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍, ജസ്റ്റിസ് എ കെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തിയശേഷമാണ് കേസുമായി മുന്നോട്ടുപോയത്. അന്നത്തെ ലോകായുക്തയുടെ തീരുമാനത്തെ പിണറായി വിജയനെ രക്ഷിക്കാന്‍ ഇപ്പോഴത്തെ ലോകായുക്ത ചോദ്യം ചെയ്തത് അവരോട് ചെയ്ത നെറികേടാണ്'-കെ പി സി സി അദ്ധ്യക്ഷൻ പറഞ്ഞു.
'ഒരു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് 2022-ല്‍ പൂര്‍ത്തിയായ ഹീയറിങ്ങിന്റെ വിധി ഒരു വര്‍ഷം കഴിഞ്ഞും നീട്ടിക്കൊണ്ടുപോയതെന്ന് പറഞ്ഞ് മലയാളികളെ മണ്ടന്മാരാക്കരുത്. മുന്‍ ലോകയുക്തയുടെ ഫുള്‍ ബെഞ്ചും ഇപ്പോള്‍ രണ്ടിലൊരു ലോകായുക്തയും സര്‍ക്കാരിനെതിരായ നിലപാട് എടുത്തിട്ടുണ്ട് എന്നത് ഈ കേസിന് ഏറ്റവും ശക്തമായ ആയുധമായിരിക്കും.35 വര്‍ഷമായി ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ടുപോകാന്‍ അസാമാന്യ വൈഭവം കാണിച്ച പിണറായി വിജയന്‍ അഞ്ച് വര്‍ഷമായി ദുരിതാശ്വാസ കേസും നീട്ടിക്കൊണ്ടു പോകുകയാണ്. കേരളത്തിലെ ജനങ്ങള്‍ നീതിക്കായി മുട്ടിവിളിക്കുന്ന ഏക ജാലകമാണ് പിണറായിക്കുവേണ്ടി കൊട്ടിയടച്ചതെന്ന് ലോകായുക്ത മറക്കരുത്. വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കര്‍ണാടകത്തിലെ ലോകായുക്തയപ്പോലെ കടിച്ചില്ലെങ്കിലും കുരച്ചിരുന്നെങ്കില്‍ എന്ന് ജനങ്ങള്‍ ആശിച്ചുപോകുന്നു. ജനങ്ങളുടെ പണമാണിതെന്ന് ആരും മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിധിക്കെതിരെ വിമർശനവുമായി നേരത്തേ രംഗത്തെത്തിയിരുന്നു.
ഇന്ന് രാവിലെയാണ് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിട്ടത്. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും.കേസിലെ വിധി സംബന്ധിച്ച് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർക്കിടയിൽ ഭിന്നത ഉണ്ടായതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിടാൻ തീരുമാനിച്ചത്
. ന്യായാധിപരിൽ ഒരാൾ പരാതിയെ അനുകൂലിച്ചും മറ്റൊരാൾ എതിർത്തും വിധിയെഴുതി. കേസ് നിലനിൽക്കുമോ എന്ന കാര്യത്തിലും ഈ വിഷയം ലോകായുക്തയ്ക്ക് പരിശോധിക്കാമോ എന്ന കാര്യത്തിലുമായിരുന്നു ഭിന്നത. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിടാൻ തീരുമാനമെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |