കൊച്ചി: ജി 20 ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസിനുള്ള(ജി20 ഡി.ഐ.എ) ദേശീയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് കേരളവും. ആഗസ്റ്റ് 16 ന് ബംഗളുരുവിലാണ് സമ്മേളനം.
ജി20 ഡിഐഎയ്ക്ക് മുന്നോടിയായി കളമശേരിയിൽ നടത്തിയ റോഡ് ഷോയിൽ ഇൻകുബേറ്റർമാർ, വിസി നിക്ഷേപക സംരംഭങ്ങൾ, എയ്ഞ്ചൽ നിക്ഷേപക ശൃംഖല, സ്റ്റാർട്ടപ്പ് സ്ഥാപകർ, വിദഗ്‌ദ്ധോപദേശകർ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ ശൈശവ ദശയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ആഗോള അവസരങ്ങൾ നേടിയെടുക്കാനുള്ള സമഗ്ര സാദ്ധ്യത തേടുകയാണ് ലക്ഷ്യം.
രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് ഹാർഡ് വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജ് സംഘടിപ്പിച്ച പരിപാടി കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലാണ് നടന്നത്. നാല് പ്രഭാഷണങ്ങൾ, മൂന്ന് പാനൽ ചർച്ചകൾ, ഉത്പന്ന പ്രദർശനം എന്നിവയുണ്ടായിരുന്നു. ഡിജിറ്റൽ സൊല്യൂഷൻസ് ടു സോൾവ് ഗ്ലോബൽ ചലഞ്ചസ് എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള ഡിജിറ്റൽ സർവകലാശാല, കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ്, മെ്ര്രയി സ്റ്റാർട്ടപ്പ് ഹബ് എന്നിവയുടെ സഹകരണത്തോടെയാണ് നടന്നത്.
ഐ.ഒ.ടി, റോബോട്ടിക്‌സ് എന്നിവയിലൂന്നിയ നൂതന ഉത്പന്നങ്ങൾ പലതും പ്രാദേശിക സാമൂഹ്യ ആവശ്യങ്ങൾക്കപ്പുറം സാദ്ധ്യതയുള്ളതാണെന്ന് മേക്കർ വില്ലേജ് സി.ഇ.ഒ നിസാമുദ്ദീൻ മുഹമ്മദ് പറഞ്ഞു.
ഇലക്ട്രോണിക് ഡിസൈൻ, പ്രോഡക്ട് ഡെവലപ്മന്റ് എന്നീ മേഖലയിൽ സംസ്ഥാനത്തിന് പുത്തൻ സാധ്യതകൾ ഈ സമ്മേളനം നൽകുമെന്ന് കേരള ഡിജിറ്റൽ സർവകലാശാല ഡീൻ ഡോ. അലക്‌സ് പി ജെയിംസ് പറഞ്ഞു.
ആകെ 174 സ്റ്റാർട്ടപ്പുകളാണ് പങ്കെടുക്കുന്നതെന്ന് എം.എസ്. എച്ച് പ്രോഗ്രാം ഡയറക്ടർ ഓംകാർനാഥ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് മാത്രമാണ് പങ്കെടുക്കാവുന്നത്.
കെ.എസ്.യു.എം, മേക്കർ വില്ലേജ് എന്നിവയിൽ ഇൻകുബേറ്റ് ചെയ്ത സിൽസിയം സ്റ്റാർട്ടപ്പിന്റെ ആദ്യ സെമികണ്ടക്ടർ റോഡ്‌ഷോയുടെ ഉദ്ഘാടന വേളയിൽ പുറത്തിറക്കി. ഇതിനു പുറമെ കേരള ഡിജിറ്റൽ സർകലാശാലയുടെ കെടോയ് ഡോട് കോം എന്ന ഉത്പന്നവും അവതരിപ്പിച്ചു.
ജി 20 ഡിഐഎ റോഡ് ഷോയുടെ എട്ടാമത്തെ വേദിയായിരുന്നു കൊച്ചി. സൂറത്ത്, ഇൻഡോർ, ഭുവനേശ്വർ, ബംഗളുരു, ഇംഫാൽ, ഗ്രേറ്റർ നോയിഡ, ചെന്നൈ എന്നിവിടങ്ങളിലാണ് ഇതിനു മുമ്പ് റോഡ് ഷോ നടന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |