
ക്രൂഡും വിദേശ നിക്ഷേപ ഒഴുക്കും തിരിച്ചടിയായി
കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളി ഉയർത്തി അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ റെക്കാഡ് തകർച്ച തുടരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 110 ഡോളറിന് മുകളിൽ തുടരുന്നതും ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിന്മാറുന്നതുമാണ് തിരിച്ചടിയായത്. ഇന്നലെ ഡോളറിനെതിരെ രൂപ 82 പൈസയുടെ നഷ്ടത്തോടെ ചരിത്രത്തിലാദ്യമായി 93.71ൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ആക്രമണം കടുപ്പിച്ചതോടെ ആഗോള രംഗത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും ആശങ്ക ഉയർത്തുന്നു. സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചത് പണം വൻതോതിൽ തിരിച്ചുകൊണ്ടുപോയി.
സാമ്പത്തിക മേഖലയിലും വെല്ലുവിളി
രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച ആഭ്യന്തര വിപണിയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുന്നു. ഇറക്കുമതി ചെലവ് കുത്തനെ കൂടാൻ രൂപയുടെ വിലയിടിവ് കാരണമാകും. ഇന്ധന പ്രതിസന്ധിയും രൂപയുടെ തകർച്ചയും വ്യാവസായിക, കാർഷിക രംഗത്ത് വിലക്കയറ്റം രൂക്ഷമാക്കും. വ്യാപാര കമ്മി കുതിച്ചുയരുമെന്നതാണ് പ്രധാന വെല്ലുവിളി. ക്രൂഡോയിൽ വില ബാരലിന് ഒരു ഡോളർ ഉയർന്നാൽ രാജ്യത്തെ വാർഷിക ഇറക്കുമതി ബില്ലിൽ 15,000 കോടി രൂപയുടെ വർദ്ധനയുണ്ടാകും.
തകർച്ചയ്ക്ക് പിന്നിൽ
1. രാജ്യാന്തര ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ. സപ്ളൈ ശൃംഖല തടസപ്പെടുന്നതോടെ സാമ്പത്തിക രംഗം മുരടിക്കും
2. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ധന ലഭ്യത കുറഞ്ഞതിനാൽ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന ആശങ്കയേറുന്നു
3. ഭൗമ രാഷ്ട്രീയ സംഘർഷം കണക്കിലെടുത്ത് ഫണ്ടുകൾ ഓഹരിയിൽ നിന്ന് പണം ഡോളറിലേക്കും യു.എസ് ബോണ്ടിലേക്കും മാറ്റുന്നു
4. കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശയിൽ മാറ്റം വരുത്താത്തതിനാൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിക്കുന്നു
ക്രൂഡ് വില ഒരു ഡോളർ കൂടുമ്പോൾ പ്രതിവർഷ അധിക ഇറക്കുമതി ബാദ്ധ്യത
15,000 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |