
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് മണ്ണാർക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതി കണ്ടെത്തി. ഇവർക്കെതിരായ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം തെളിഞ്ഞതായി ജഡ്ജി കെ.എം. രതീഷ് കുമാർ വിധി പ്രസ്താവത്തിൽ പറഞ്ഞു. ശിക്ഷ ഇന്ന് വിധിക്കും.
ഒന്നാംപ്രതി താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ (59), രണ്ടാംപ്രതി കള്ളമല മുക്കാലി കിളയിൽ മരയ്ക്കാർ (41), മൂന്നാംപ്രതി കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീൻ (41), അഞ്ചാംപ്രതി രാധാകൃഷ്ണൻ (38), ആറാംപ്രതി ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കർ (39), ഏഴാംപ്രതി കള്ളമല മുക്കാലി പടിഞ്ഞാറെപ്പള കുരിക്കൾ വീട്ടിൽ സിദ്ദീഖ് (46), എട്ടാംപ്രതി കള്ളമല മുക്കാലി തൊട്ടിയിൽ ഉബൈദ് (33), ഒമ്പതാംപ്രതി മുക്കാലി വിരുത്തിയിൽ നജീബ് (41), പത്താംപ്രതി കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടിൽ ജൈജുമോൻ (52), പന്ത്രണ്ടാം പ്രതി കള്ളമല കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്ക്കൽ സജീവ് (38), പതിമൂന്നാം പ്രതി കള്ളമല മുക്കാലി മുരിക്കട സതീഷ് (43), പതിനാലാം പ്രതി മുക്കാലി ചെരുവിൽ ഹരീഷ് (42), പതിനഞ്ചാം പ്രതി മുക്കാലി ചെരുവിൽ ബിജു (45), പതിനാറാം പ്രതി മുക്കാലി വിരുത്തിയിൽ മുനീർ (36) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
നാലാംപ്രതി കൽക്കണ്ടി കക്കുപ്പടി കുന്നത്ത് വീട് അനീഷ് (38), പതിനൊന്നാം പ്രതി കള്ളമല മുക്കാലി ചോലയിൽ അബ്ദുൾ കരീം (52) എന്നിവരെയാണ് അക്രമത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ട് വെറുതെവിട്ടത്. പ്രതികളിൽ 13 പേർക്കെതിരെ ഐ.പി.സി 304 (2) വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യാകുറ്റവും അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ, പട്ടിക വർഗ അതിക്രമം എന്നീ കുറ്റങ്ങളും തെളിഞ്ഞു. 16-ാം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോഗം മാത്രമെന്ന് കണ്ടെത്തിയ കോടതി ഐ.പി.സി 352-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ഇതുപ്രകാരം മൂന്നുമാസം വരെ തടവും 500 രൂപ പിഴയും ലഭിക്കാം.
മധു കൊല്ലപ്പെട്ട് അഞ്ചുവർഷത്തിനു ശേഷമാണ് വിധി വന്നത്. കോടതി പരിസരത്ത് കനത്ത പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു. ഒരു വർഷത്തോളം നീണ്ട വിചാരണയിൽ മാർച്ച് പത്തിനാണ് വാദം പൂർത്തിയായത്.
അരി മോഷ്ടിച്ചെന്ന് പറഞ്ഞ് മർദ്ദനം
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) കടയിൽ നിന്ന് അരി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. വീട്ടുകാരിൽ നിന്നകന്ന് ഉൾക്കാട്ടിലെ ഗുഹയിലാണ് മാനസിക പ്രശ്നമുള്ള മധു താമസിച്ചിരുന്നത്. പ്രതികൾ സംഘം ചേർന്ന് ഉൾക്കാട്ടിൽ നിന്ന് മധുവിനെ പിടികൂടി കൈകൾ ബന്ധിച്ച് മർദ്ദിച്ചു. മുക്കാലിയിലെത്തിച്ച മധു അവശനായി. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പ്രതികളുടെ ആക്രമണത്തിലേറ്റ മാരക പരിക്കുമൂലം മധു കൊല്ലപ്പെട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്. കാട്ടിൽ അതിക്രമിച്ചു കയറിയതിന് വനം വകുപ്പ് കേസും നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |