ന്യൂഡൽഹി: ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസിൽ മൂന്നു ജീവനുകൾ കവർന്ന തീവയ്പ്പിനു പിന്നിൽ ഭീകരസംഘടനയായ ഐസിസ് ബന്ധം തിരഞ്ഞ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). 2017മാർച്ചിൽ ഭോപ്പാൽ- ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം നടത്തിയ ഐസിസ് ബന്ധമുള്ള യുവാക്കൾ അതിനു മുമ്പ് കോഴിക്കോട്ടെത്തി ദിവസങ്ങൾ തങ്ങിയതാണ് സംശയത്തിന് വഴിവച്ചത്. ഇവരടക്കം ഏഴു പ്രതികൾക്ക് എൻ.ഐ.എ കോടതി ഒരുമാസം മുൻപ് വധശിക്ഷ വിധിച്ചു. ഇതിന്റെ പ്രതികാരമാണോ കോഴിക്കോട്ടെ ആക്രമണമെന്നാണ് എൻ.ഐ.എ അന്വേഷിക്കുന്നത്.
ഐസിസ് ബന്ധമുള്ള സംഘടന രാജ്യത്ത് നടത്തിയ ആദ്യ ആക്രമണമായിരുന്നു ഭോപ്പാൽ- ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ 10പേർക്ക് പരിക്കേറ്റ സ്ഫോടനം. പ്രധാനപ്രതി മൂസാഫിർ രൂപീകരിച്ച തീവ്രവാദ സംഘടനയാണ് സ്ഫോടനം നടത്തിയത്. ഇതിന് ഐസിസുമായി ബന്ധമുണ്ടായിരുന്നു. 2017മാർച്ച് 7നായിരുന്നു സ്ഫോടനം. അതിന് രണ്ടുമാസം മുൻപ് ജനുവരിയിലാണ് പ്രതികൾ കോഴിക്കോട്ടെത്തിയത്. ഐസിസിൽ ചേരാൻ സിറിയയിലേക്കും അഫ്ഗാനിലേക്കും പോവുന്ന യുവാക്കളെ കാണാനെത്തിയതായിരുന്നെന്നാണ് എൻ.ഐ.എ കണ്ടെത്തിയത്. ബംഗളൂരു, മൈസൂരു വഴിയെത്തിയ ഇവർ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലടക്കമെത്തുകയും കോഴിക്കോട്ട് തങ്ങുകയും ചെയ്തിരുന്നു. കോഴിക്കോട്ടു നിന്ന് ബസിൽ മൈസൂരുവിലേക്ക് തിരികെപ്പോയെന്നാണ് എൻ.ഐ.എ കണ്ടെത്തിയത്.
കോഴിക്കോട് അടക്കം എട്ട് നഗരങ്ങളിൽ ട്രെയിനിൽ സ്ഫോടനത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ കുറ്റപത്രത്തിലുണ്ട്. നേതാക്കൾക്ക് വധശിക്ഷ വിധിച്ച സാഹചര്യത്തിൽ സംഘടന ആസൂത്രണം ചെയ്ത പ്രതികാരമാണോ ട്രെയിനിലെ തീവയ്പ്പെന്നാണ് അന്വേഷിക്കുന്നത്. മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡുകളുമായി ചേർന്നാണ് എൻ.ഐ.എ ഇതേക്കുറിച്ച് അന്വേഷിക്കുന്നത്.
ആറു കേസുകൾ
പുനഃപരിശോധിക്കുന്നു
ട്രെയിനിന് തീവയ്ക്കുന്നത് തീവ്രവാദ സംഘടനകളുടെ രീതിയായതിനാൽ മുൻപുണ്ടായ ഇത്തരം കേസുകൾ എൻ.ഐ.എ പുനഃപരിശോധിക്കുകയാണ്
ഒഡിഷയിലെ പുരി, ഹൈദരാബാദ്, ഹരിദ്വാർ, ഭുവനേശ്വർ, ഖരഗ്പൂർ, ഗയ എന്നിവിടങ്ങളിലെ ട്രെയിനിലെ തീവയ്പ് കേസുകൾ എൻ.ഐ.എയാണ് അന്വേഷിച്ചത്.
ആ കേസുകളിൽ ഭീകരവിരുദ്ധനിയമമായ യു.എ.പി.എയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |