
തിരുവനന്തപുരം: സംഘടനാ പരിരക്ഷയോടെ തദ്ദേശവകുപ്പിൽ ഒരേ ഓഫീസിൽ കാലങ്ങളായി ഇരിക്കുന്ന ജീവനക്കാർ പൊതുസ്ഥലംമാറ്റത്തിൽ ഉൾപ്പെടുമെന്ന് ഉറപ്പായതോടെ സംഘടനാ നേതൃത്വമായി ഇടയുന്നു. കൂട്ടസ്ഥലംമാറ്റം ഉണ്ടാകില്ലെന്നാണ് ഇടതു സംഘടനാ നേതാക്കൾ ഉൾപ്പെടെ വിശ്വസിപ്പിച്ചിരുന്നതെങ്കിലും അത് നടക്കാത്തതാണ് ചില ജീവനക്കാരെ ചൊടിപ്പിച്ചത്.
സ്ഥലംമാറ്റത്തിന് ഓപ്ഷൻ നൽകാനുള്ള സമയം ബുധനാഴ്ച അവസാനിച്ചു.
ഭരണാനുകൂല സംഘടനയായ കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയനിലാണ് (കെ.എം.സി.എസ്.യു) പ്രധാനമായും ആഭ്യന്തരകലഹം രൂക്ഷമായത്. ആദ്യഘട്ടത്തിൽ കൂട്ട സ്ഥലംമാറ്റം വേണ്ടെന്ന സംഘടനകളുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. തദ്ദേശ പൊതു സർവീസ് നിലവിൽ വന്നതോടെ പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ എൻജിനിയറിംഗ്, നഗരഗ്രാമാസൂത്രണം, മുൻസിപ്പൽ കോമൺ സർവീസ് വിഭാഗങ്ങളിലെ ജീവനക്കാരെ പരസ്പരം മാറ്റി നിയമിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലംമാറ്റം. ഒരേ സീറ്റിൽ മൂന്നുകൊല്ലം പൂർത്തിയായവരെയാകും മാറ്റുക.
ഉടൻ സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരുന്നവർ പൊതു സ്ഥലംമാറ്റം വന്നാൽ അതിന് കാലതാമസം ഉണ്ടാകുമോ എന്ന ആശങ്കയിലാണ്. ഈ മാസം 30ന് മുമ്പ് സ്ഥലംമാറ്റം പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. അതേസമയം, മുപ്പതിനായിരത്തിലധികം ഉദ്യോഗസ്ഥരെ പരിശീലനം നൽകാതെ പുനർവിന്യസിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് ആക്ഷേപമുണ്ട്.
ഓപ്ഷൻ നൽകാതെ
എൻജിനിയർമാർ
പൊതുസ്ഥലം മാറ്റത്തിനായി ഓപ്ഷൻ നൽകേണ്ടതില്ലെന്ന നിലപാടിലാണ് എൻജിനിയർമാർ. പ്രതിഷേധത്തിന്റെ ഭാഗമായി 26ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തും. അതേസമയം, ഓപ്ഷൻ നൽകിയില്ലെങ്കിലും സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സർക്കാർ നിലപാട്.
30758 ജീവനക്കാർ
പഞ്ചായത്ത് ..........................................13404
ഗ്രാമവികസനം..................................... 4905
നഗരകാര്യം........................................... 228
മുനി. കോമൺ സർവീസ്..................... 6202
നഗരഗ്രാമാസൂത്രണം ..................561
തദ്ദേശ എൻജിനിയറിംഗ്......................5458
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |