അടുക്കളപ്പുറത്തെത്തുന്ന കാട്ടാനയുടെ കാലൊച്ചകൾക്ക് കാതോർക്കാതെ ചിന്നക്കനാൽ, ശാന്തമ്പാറ നിവാസികൾക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം. ആനയെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി വിധി ഇടുക്കിക്ക് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല. ഈസ്റ്ററിന് ശേഷം ദൗത്യം നടപ്പാക്കാനാണ് വനം വകുപ്പ് തീരുമാനം. 30 വയസ്സുള്ള കൊമ്പൻ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വീടും കടകളും തകർത്ത് ചാക്കുകണക്കിന് അരി അകത്താക്കിയാണ് 'അരിക്കൊമ്പൻ' ആയത്. അരിക്കൊമ്പന്റെ അതിക്രമങ്ങൾ നാട്ടിൽ ചർച്ചയാകുന്നത് 301 കോളനി ജനവാസത്തോടെ സജീവമായ ശേഷമാണ്.
ജനുവരി 25ന് വനം വകുപ്പ് വാച്ചർ ശക്തിവേലിനെ പന്നിയാറിനു സമീപം കാട്ടാനക്കൂട്ടം കൊലപ്പെടുത്തിയത് വൻ ജനകീയ പ്രതിഷേധത്തിനു കാരണമായതോടെയാണു പ്രശ്‌നപരിഹാരത്തിന് വനം വകുപ്പ് നിർബന്ധിതമായത്. 26ന് അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി കോടനാട്ടേക്കു കൊണ്ടുപോകാനായിരുന്നു വനംവകുപ്പ് ആദ്യം തീരുമാനിച്ചത്. എന്നാൽ, പീപ്പിൾസ് ഫോർ അനിമൽസ് എന്ന സംഘടനയുടെ ഹർജിയെ തുടർന്ന് 25ന് രാത്രി ഹൈക്കോടതി ഓപ്പറേഷൻ അരിക്കൊമ്പന് 29 വരെ താൽക്കാലിക സ്റ്റേ ഏർപ്പെടുത്തി. ഇതിനെതിരെ പൂപ്പാറയിലും സിങ്കുകണ്ടത്തും പെരിയകനാലിലും സ്ത്രീകളും കുട്ടികളും വയോധികരുമടക്കം നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. വാഹനങ്ങൾ തടയുകയും 10 പഞ്ചായത്തിൽ ഹർത്താൽ നടത്തുകയും ചെയ്തു. 29ന് വീണ്ടും കേസ് പരിഗണിച്ച കോടതി വിഷയം പഠിച്ച് ഏപ്രിൽ അഞ്ചിന് റിപ്പോർട്ട് നൽകാൻ അഞ്ചംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കോടതി നിയോഗിച്ച വിദഗ്ധസമിതി പലതവണ യോഗം ചേരുകയും 3ന് മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ സന്ദർശനം നടത്തി നാട്ടുകാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിദഗ്ദ്ധ സമിതി അംഗങ്ങളോട് നെഞ്ചുപൊട്ടിയാണ് പലരും അരിക്കൊമ്പൻ മൂലം തങ്ങൾ അനുഭവിക്കുന്ന ദുരിതം വിവരിച്ചത്. തുടർന്ന്, മനുഷ്യരുടെ ആശങ്കകൾ ഇല്ലാതാക്കാനും അരിക്കൊമ്പന്റെ ആവാസവ്യവസ്ഥ പരിരക്ഷിക്കാനും സഹായിക്കുന്ന ബദൽ മാർഗങ്ങൾ സമിതി ആരാഞ്ഞു. വനം, വന്യജീവി വകുപ്പിൽ നിന്നും പ്രദേശവാസികളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും സമിതി അംഗങ്ങൾ ഇത് സംബന്ധിച്ച വിവരങ്ങൾ തേടുകയും അഞ്ചുതവണ യോഗം ചേരുകയും ചെയ്തു. അരിക്കൊമ്പന്റെ ആവാസവ്യവസ്ഥയും സംഘം ആഴത്തിൽ വിലയിരുത്തി. അരിക്കൊമ്പനെ പിടികൂടി കോടനാട്ടെ ആനപ്പന്തിയിലേക്കു കൊണ്ടു പോകുന്നതിൽ വിദഗ്ധ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച് മറ്റൊരു വനത്തിൽ തുറന്നു വിടണമെന്നായിരുന്നു സമിതിയുടെ ഏകാഭിപ്രായം. ഇതിനായി ജില്ലയിൽ തന്നെയുള്ള മറ്റൊരു വന്യജീവി സങ്കേതം ആദ്യം പരിഗണിച്ചെങ്കിലും അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലകളിൽ ഇറങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ട് പറമ്പിക്കുളത്തേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ചിന്നക്കനാലിൽ നിന്ന് ആറുമണിക്കൂർ കൊണ്ട് പൊള്ളാച്ചി വഴി പറമ്പിക്കുളത്ത് എത്താൻ കഴിയുന്നതും വിദഗ്ദ്ധ സമിതി പരിഗണിച്ചു. അരിക്കൊമ്പന് അതിജീവനത്തിന് ആവശ്യമായ ഭക്ഷണം, വെള്ളം, പ്രകൃതി വിഭവങ്ങൾ എന്നിവയുടെ ലഭ്യത, മനുഷ്യനും കാട്ടാനയും തമ്മിലുള്ള സംഘർഷത്തിന് ഏറ്റവും സാധ്യത കുറഞ്ഞപ്രദേശം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് പറമ്പിക്കുളം തിരഞ്ഞെടുത്തത്. തുടർന്നാണ് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുക എന്ന നിർദേശം റിപ്പോർട്ടിൽ മുന്നോട്ട് വെച്ചതും കോടതി ബുധനാഴ്ച ഇത് അംഗീകരിച്ചതും.
ഒരുക്കിയിരുന്നത് വൻ സന്നാഹം
അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കോടനാട്ടേക്ക് കൊണ്ടുപോകാൻ വൻ സന്നാഹമാണ് വനം വകുപ്പ് ഒരുക്കിയത്. ഇനി ഇത് ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ഉപയോഗിക്കും. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ദിവസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് മുന്നൊരുക്കം പൂർത്തിയാക്കിയത്. 71 പേരടങ്ങുന്ന എട്ട് സംഘങ്ങൾ ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. ഇവരെ സഹായിക്കാൻ വിക്രം, സൂര്യൻ, കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നിങ്ങനെ നാല് കുങ്കിയാനകളെ വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തിച്ചു. ആനയെ വെടിവെക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ദൗത്യം നിർവഹിക്കാനുള്ള ഉപകരണങ്ങൾ സജ്ജമാക്കുകയും ഇവ സംഘാംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. സിമന്റുപാലത്തിനടുത്ത് അരിക്കെണിയൊരുക്കി ആനയെ ആകർഷിക്കാനായിരുന്നു തീരുമാനം. പിടികൂടുന്ന ആനയെ കോടനാട്ടേക്ക് കൊണ്ടുപോകാൻ ലോറിയും ഒരുക്കി. മൂന്നാറിൽ നിന്ന് മുറിച്ച 128 മരങ്ങൾ ഉപയോഗിച്ച് ആറ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് കോടനാട്ട് അരിക്കൊമ്പനെ പാർപ്പിക്കാൻ കൂട് പണിതത്.
18വർഷം,
കവർന്നത്
34 ജീവനുകൾ
കോടതിയിൽ വിദഗ്ധസമിതി നൽകിയ റിപ്പോർട്ടുപ്രകാരം 2005 മുതൽ കാട്ടാന ആക്രമണത്തിൽ മേഖലയിൽ പൊലിഞ്ഞത് 34 ജീവനുകളാണ്. 11പേർക്ക് ഗുരുതരമായി പരിക്കേറ്റു. വീടുകൾ ഉൾപ്പടെ 179കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ഈ കാലയളവിൽ കാട്ടാനകൾ കൃഷിയിടങ്ങൾ ചവിട്ടിമെതിച്ചത് 90തവണയാണ്. 2015ൽ ആനയാക്രമണത്തിൽ ഒരു പശുവും ചത്തിരുന്നു. വനംവകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുള്ള നഷ്ടങ്ങളുടെ കണക്കാണിത്. എന്നാൽ യാഥാർത്ഥ്യം ഇതിലും പതിൻമടങ്ങാണ്. അരിക്കൊമ്പൻ ദൗത്യം രണ്ടുതവണ മുടങ്ങിയപ്പോൾ നിരാശയിലായിരുന്നു ചിന്നക്കനാലുകാർ. കോടതി ഇടപെടലുണ്ടായതോടെ അരിക്കൊമ്പൻ ഒഴിയാബാധയായി ചിന്നക്കനാലിൽ തുടരുമെന്ന് പലരും വിശ്വസിച്ചു. എന്നാൽ തളർന്നിരിക്കാതെ പോരാടുകയാണ് ഈ സാധാരണക്കാർ ചെയ്തത്. അതിനാൽ കോടതിയുടെ അനുകൂല തീരുമാനത്തെ കുടിയേറ്റ കർഷകരുടെ സമരവീര്യത്തിന്റെ വിജയവുമായാണ് വിലയിരുത്തപ്പെടുന്നത്.
പറമ്പിക്കുളത്തും എതിർപ്പ്
അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ പാലക്കാടും എതിർപ്പ് ശക്തമാകുകയാണ്. നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കെ. ബാബു എം.എൽ.എ കത്ത് നൽകിയിട്ടുണ്ട്. വനംവകുപ്പ് ഈ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന ആവശ്യവുമായി കർഷക സംരക്ഷണ സമിതി രംഗത്തെത്തിയിട്ടുണ്ട്. പറമ്പിക്കുളം ആദിവാസി മേഖലയാണ്. പത്ത് ആദിവാസി കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങളിവിടെയുണ്ട്. ഇത് കൂടാതെ പറമ്പിക്കുളം ആളിയാർ പ്രൊജക്ട് കോളനികളുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടം പൊതുവെ കാട്ടാന ശല്യമുള്ള പ്രദേശവുമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും താഴേക്ക് ഇറങ്ങിവന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. കൃഷിക്ക് പ്രാധാന്യമുളള പ്രദേശമാണിത്. വ്യാപകമായി കൃഷിനാശമുണ്ട്. ഒരു വർഷം തന്നെ നാൽപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കണക്കാക്കുന്നത്. ഇങ്ങനെയുള്ള ഒരു സ്ഥലത്തേക്ക് അരിക്കൊമ്പൻ കൂടി എത്തുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നാണ് ഇവിടെയുള്ളവർ പേടിയോട് കൂടി ചിന്തിക്കുന്ന കാര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |