വിദേശത്തോ അന്യസംസ്ഥാനങ്ങളിലോ ജോലിചെയ്യുന്നവരില്ലാത്ത കുടുംബങ്ങൾ കുറവാണ് കേരളത്തിൽ. ഭൂരിപക്ഷവും നാട്ടിലേക്ക് വരുന്ന അവധിക്കാലമാണിത്. ഇവരാകട്ടെ ആകാശത്തും ഭൂമിയിലും കൊള്ളയടിക്കപ്പെടുകയാണ്. കൂടിയ വിമാന, ട്രെയിൻ, ബസ് ടിക്കറ്റുകൾ നല്‌കാൻ തയ്യാറായാൽ പോലും വാഹനങ്ങൾ കിട്ടാനില്ല. വിമാനക്കമ്പനികളും സ്വകാര്യ ദീർഘദൂര ബസ് സർവീസുകാരും ഓരോ ദിവസവും ചാർജ് വർദ്ധിപ്പിച്ചുകൊണ്ട് ഈ അവസരം പരമാവധി മുതലെടുക്കാനും തുടങ്ങിയിരിക്കുന്നു. അവധിക്കാലത്ത് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചാൽ ഈ പ്രശ്നത്തിന് ഒരളവ് വരെ പരിഹാരമാകുമായിരുന്നു. അതിനാകട്ടെ റെയിൽവേ ശ്രമിക്കുന്നുമില്ല. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ സമ്മർദ്ദം ചെലുത്തേണ്ട എം.പിമാരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അതിനാൽ യാത്രചെയ്യേണ്ടിവരുന്ന മലയാളികൾ അതിദുഷ്‌കരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നത്.
ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്നൊന്നും കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല. മൂന്ന് മാസം മുമ്പെങ്കിലും ടിക്കറ്റെടുത്തവർക്ക് മാത്രമാണ് യാത്രചെയ്യാനാകുന്നത്. ഇത് മുതലെടുത്താണ് സ്വകാര്യ ബസുകൾ ചാർജ് രണ്ടും മൂന്നും ഇരട്ടിയായി കൂട്ടിയിരിക്കുന്നത്. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള ബസുകളിലാണ് വൻ വർദ്ധന. സ്വകാര്യ ബസുകൾ ഈസ്റ്ററിന് 60 ശതമാനം മുതൽ 90 ശതമാനം വരെയാണ് നിരക്ക് കൂട്ടിയത്. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന ബസുകൾ എ.സി സ്ളീപ്പറിന് 3000 മുതൽ 5000 വരെ ഈടാക്കി. വിഷു അടുക്കുന്നതോടെ ഇതിനിയും ഉയരാം. പതിവ് നിരക്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത് മാത്രമാണ് ഏക ആശ്വാസം. ഏപ്രിൽ 15 വരെ നിലവിലുള്ള സർവീസുകൾക്ക് പുറമെ കെ.എസ്.ആർ.ടി.സി 30 സർവീസ് ബംഗളൂരുവിലേക്കും അഞ്ച് സർവീസ് ചെന്നൈയിലേക്കും അധികം നടത്തുന്നുണ്ട്. ഇതിനിയും കൂട്ടിയാലും യാത്രക്കാർക്ക് കുറവുണ്ടാകില്ല.
രാത്രിയാത്രാ നിരോധനവും മറ്റും ബംഗളൂരുവിൽ നിന്നുള്ള യാത്രാപ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. ഈ അവസരത്തിൽ നിലവിലുള്ള സർവീസുകളിൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ അടിയന്തര നടപടിയെടുക്കേണ്ടതാണ്. നാട്ടിൽ സ്‌കൂൾ അവധിയായതിൽ പ്രവാസി കുടുംബങ്ങൾ ഗൾഫ് യാത്ര നടത്തുന്ന സമയം കൂടിയാണിത്. ഈ അവസരം മുതലെടുത്ത് വിമാനസർവീസുകാർ വൻ വർദ്ധനവാണ് ടിക്കറ്റ് ചാർജിൽ വരുത്തിയിരിക്കുന്നത്. അതിനിടയിൽ എയർ ഇന്ത്യ വലിയ വിമാനങ്ങൾ പിൻവലിച്ചു. അതോടെ കോഴിക്കോട്ടുനിന്നു മാത്രം 500 സീറ്റുകൾ കുറഞ്ഞു. കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ 21 സർവീസ് ഏഴായി വെട്ടിച്ചുരുക്കുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളിലേക്ക് പതിനായിരം രൂപയിൽ കുറവായിരുന്ന ടിക്കറ്റിന് ഇപ്പോൾ 36,000 രൂപ വരെയാണ് നിരക്ക്.
അവധിക്കാലത്ത് യാത്രചെയ്യുന്ന മലയാളി കുടുംബങ്ങൾ എല്ലാ അർത്ഥത്തിലും ചൂഷണം ചെയ്യപ്പെടുകയാണ്. ഇത് എല്ലാ അവധിക്കാലത്തും ആവർത്തിക്കുകയും ചെയ്യുന്നു. ഇതിന് ഒരു ശാശ്വതപരിഹാരം കാണാൻ എന്തുവേണമെന്ന് സർക്കാരും ചിന്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |