
പച്ചക്കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിലൂടെ മലപ്പുറം ഇത്രത്തോളം ഹരിതാഭമാവുമെന്ന് മുസ്‌ലിം ലീഗ് പോലും പ്രതീക്ഷിച്ചതല്ല. രണ്ടു തവണയായി സംസ്ഥാന ഭരണത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധികൾക്കിടെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മുസ്‌ലിം ലീഗിന് സംഘടനാതലത്തിലടക്കം പുത്തൻ ഉണർവേകിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരുവർഷം മുമ്പെ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മികച്ച ഫലമുണ്ടാക്കാൻ സാധിച്ചതോടെ ഒട്ടുംസമയം കളയാതെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് വേഗം കൂട്ടാനാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. അടുത്ത ആഴ്ചയോടെ രൂപരേഖ തയ്യാറാക്കി സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ പ്രധാന നേതാക്കൾക്ക് തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുടെ ചുമതല നൽകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 1,072 മെമ്പർമാരാണ് മലപ്പുറത്ത് മുസ്‌ലിം ലീഗിന് ഉണ്ടായിരുന്നത്. അത് ഇത്തവണ 1,341 ആയി വർദ്ധിച്ചു. സി.പി.എമ്മിന് 224 സീറ്റുകൾ കുറഞ്ഞപ്പോൾ ലീഗിന് 269 സീറ്റുകൾ വർദ്ധിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു. ഇതിൽ 23 പേരും ലീഗിന്റെ അംഗങ്ങളാണ്. ഇത്തവണ പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്തെന്ന വിശേഷണം കൂടിയുണ്ട് മലപ്പുറത്തിന്. തദ്ദേശ തിരഞ്ഞെടുപ്പിലെ വൻവിജയം ചുവടുപിടിച്ച് ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിൽ 15ഉം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് മുസ്‌ലിം ലീഗ്. ഇടതുകോട്ടയായ പൊന്നാനി ഒഴികെ 15 ഇടങ്ങളിലും വിജയ സാദ്ധ്യത മുസ്‌ലിം ലീഗ് മുന്നിൽ കാണുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പൊന്നാനിയിൽ ആത്മവിശ്വാസം പകരുന്നുണ്ടെങ്കിലും ചിത്രം നിയമസഭയിൽ മാറിയേക്കാമെന്നാണ് വിലയിരുത്തൽ.
ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിൽ 12 ഇടത്ത് മുസ്ലിം ലീഗും നാലിടത്ത് കോൺഗ്രസുമാണ് മത്സരിക്കാറുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 27 മണ്ഡലങ്ങളിൽ മത്സരിച്ചപ്പോൾ 15 ഇടത്താണ് മുസ്‌ലിം ലീഗ് വിജയിക്കാനായത്. ഇതിൽ 11 സീറ്റും മലപ്പുറത്തിന്റെ സംഭാവനയാണ്. മലപ്പുറത്ത് മത്സരിക്കുന്ന മുഴുവൻ ഇടത്തും വിജയിക്കുകയെന്ന ലക്ഷ്യമാണ് മുസ്ലിം ലീഗിന് മുന്നിലുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ആറിടങ്ങളിൽ 30,000ത്തിന് മുകളിലാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം. ഇതിൽ വേങ്ങര നിയമസഭ മണ്ഡല പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം 45,863 വോട്ടെന്നത് ലീഗിന്റെ കണക്കുകൂട്ടലുകളെ മറികടക്കുന്നതാണ്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 30,596 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. തദ്ദേശത്തിൽ 15,000ത്തോളം അധിക വോട്ട് ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം നിയമസഭ മണ്ഡലം പരിധിയിൽ 40,186 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 35,208 വോട്ടിന്റെ ഭൂരിപക്ഷമാണ് മുസ്ലിം ലീഗിലെ പി.ഉബൈദുള്ളയ്ക്ക് ലഭിച്ചത്. അന്ന് ജില്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്.
താനൂർ മുഖ്യ ലക്ഷ്യം
നിയമസഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ട് തവണയും താനൂരിലേറ്റ തിരിച്ചടി ആവർത്തിക്കരുതെന്ന ലക്ഷ്യത്തോടെ താഴെതട്ടു മുതൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ മുസ്‌ലിം ലീഗ് സജീവമാക്കിയിട്ടുണ്ട്. ഇടതുസ്വതന്ത്രനായി മത്സരിച്ച മന്ത്രി വി.അബ്ദുറഹിമാനാണ് രണ്ട് തവണയും താനൂരിൽ വിജയക്കൊടി പാറിച്ചത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 985 വോട്ടിനാണ് താനൂർ ലീഗിനെ കൈവിട്ടത്. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് മന്ത്രി വി.അബ്ദുറഹ്മാനെ നേരിട്ടപ്പോൾ ലീഗ് കോട്ടയിൽ അടിപതറി. അബ്ദുറഹ്മാന് 70,704 വോട്ടും പി.കെ. ഫിറോസിന് 69,719 വോട്ടുമാണ് ലഭിച്ചത്. മുൻ കോൺഗ്രസുകാരനായ വി.അബ്ദുറഹിമാന് വേണ്ടി കോൺഗ്രസിലെ ഒരുവിഭാഗം വോട്ട് ചോർത്തിയെന്നാണ് ലീഗിന്റെ ആരോപണം.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്‌ലിം ലീഗ് - കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങൾ ഇടപെട്ട് താഴെതട്ടിൽ ഐക്യം പുനഃസ്ഥാപിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പൊന്മുണ്ടം പഞ്ചായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. 25 വർഷമായി ലീഗ് തനിച്ച് ഭരിക്കുന്ന പഞ്ചായത്തിൽ ഇത്തവണ കോൺഗ്രസും സി.പി.എമ്മും കൈകോർത്ത് മത്സരിച്ച അപുർവ്വതയ്ക്കും സാക്ഷിയായി. തദ്ദേശ ഫലം പുറത്തുവന്നപ്പോൾ ഈ സാമ്പാർ മുന്നണി അധികാരം പിടിച്ചെടുത്തു. ലീഗിന് കടുത്ത തിരിച്ചടി നേരിട്ടു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും താനൂർ നിയോജക മണ്ഡലം പരിധിയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി 16,756 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ലീഗ് നേതൃത്വം.
പൊന്നാവുമോ പൊന്നാനി
തിരഞ്ഞെടുപ്പുകളിൽ കാലങ്ങളായി പൊന്നാനിയുടെ നിറം കടുംചുവപ്പാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 17,043 വോട്ടിന്റെ ഭൂരിപക്ഷമാണ് സി.പി.എമ്മിന്റെ പി.നന്ദകുമാറിന് ലഭിച്ചത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ 12 നഗരസഭകളിൽ 11 ഇടത്തും യു.ഡി.എഫ് വിജയിച്ചപ്പോൾ ചെങ്കൊടി ഉയർന്നത് പൊന്നാനിയിൽ മാത്രമാണ്. യു.ഡി.എഫിലെ സീറ്റ് ധാരണപ്രകാരം പൊന്നാനി നിയോജക മണ്ഡലത്തിൽ കോൺഗ്രസാണ് മത്സരിക്കാറുള്ളത്. ഇതിന് പുറമെ തവനൂർ, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കാറുള്ളത്. ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിലൂടെ നിലമ്പൂർ പിടിച്ചെടുത്തു. ഇടതിന്റെ സിറ്റിംഗ് സീറ്റായ തവനൂർ പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളിൽ 9,440 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഫിറോസ് കുന്നുംപറമ്പിലിനെ 2,564 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.ടി. ജലീൽ പരാജയപ്പെടുത്തിയത്. ആഞ്ഞുപിടിച്ചാൽ തവനൂരും കൂടെ പോരുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.
പെരിന്തൽമണ്ണ സുരക്ഷിതം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടന്ന പെരിന്തൽമണ്ണയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം മുസ്ലിം ലീഗിന് വലിയ ആത്മവിശ്വാസമേകുന്നുണ്ട്. 16,833 വോട്ടിന്റെ മുൻതൂക്കം യു.ഡി.എഫിനുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷം കുറിക്കപ്പെട്ടത് പെരിന്തൽമണ്ണയിൽ ആയിരുന്നു. സി.പി.എം സ്വതന്ത്രനായി ലീഗിന്റെ മുൻ മലപ്പുറം നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് മുസ്തഫ ലീഗിന്റെ നജീബ് കാന്തപുരത്തിനെതിരെ മത്സരിച്ചപ്പോൾ 38 വോട്ടിനാണ് പരാജയപ്പെട്ടത്. നജീബിന് 76,530 വോട്ട് ലഭിച്ചപ്പോൾ മുസ്തഫയ്ക്ക് 76,492 വോട്ട് ലഭിച്ചു.
നിയമസഭയിലേക്ക് കടുത്ത മത്സരം നേരിട്ട മങ്കടയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഫലം മണ്ഡലം സുരക്ഷിതമെന്നതിന്റെ തെളിവായി ലീഗ് ചൂണ്ടിക്കാട്ടുന്നുണ്ട്. സി.പി.എമ്മിന്റെ അഡ്വ. റഷീദലിക്കെതിരെ 6,246 വോട്ടിനാണ് ലീഗിന്റെ മഞ്ഞളാംകുഴി അലി വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിനെ ഞെട്ടിച്ച ഭൂരിപക്ഷമാണ് മങ്കടയിലേത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ലീഗിന് 31,563 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |