മലയാള സിനിമാ പ്രേമികൾക്ക് മറക്കാനാകാത്ത കൂട്ടുകെട്ടാണ് ജയറാം- രാജസേനൻ സിനിമകൾ. മേലേപ്പറമ്പിൽ ആൺവീട്, സി.ഐ.ഡി ഉണ്ണികൃഷ്‌ണൻ, കടിഞ്ഞൂൽ കല്യാണം, അനിയൻബാവ ചേട്ടൻബാവ, ആദ്യത്തെ കൺമണി തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം തന്നെ ഇന്നും പ്രേക്ഷകമനസിൽ സ്ഥാനമുണ്ട്. ജയറാം എന്ന നടന് മലയാളസിനിമയിൽ സൂപ്പർതാര പരിവേഷം നേടികൊടുത്ത ചിത്രങ്ങളായിരുന്നു ഇവയെല്ലാം തന്നെ. എന്നാൽ പിന്നീട് ഇരുവരും അകലുന്ന കാഴ്‌ചയ്‌ക്കും മലയാള സിനിമ സാക്ഷ്യം വഹിച്ചു. അതിനു പിന്നിലെ കാരണമെന്തെന്ന് രാജസേനൻ തന്നെ വ്യക്തമാക്കുകയുണ്ടായി. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലവായിരുന്നു രാജസേനൻ മനസു തുറന്നത്.
രാജസേനന്റെ വാക്കുകൾ-
'എവിടെയൊക്കെയോ ഞങ്ങൾ തമ്മിൽ മാനസികമായി ചില പ്രശ്‌നങ്ങൾ ഉണ്ടായി. ചില പിന്തിരിപ്പൻ ശക്തികൾ പ്രവർത്തിച്ചു തുടങ്ങി എന്നു പറയണം. ജയറാമിനാണത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ല. ജയറാമിനെന്തൊക്കെയോ തെറ്റായ ധാരണകളുണ്ടായിരുന്നു. ഫോണിൽ കൂടി കഥ പറഞ്ഞ്, ആ കഥകേട്ട് മാത്രം വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ പതിനാറും. ഇപ്പോൾ അങ്ങനെയല്ല, മറ്റു പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി.
എന്റെ കൈയിലേക്ക് ഒരു സ്‌റ്റാറിനെ കിട്ടിയാൽ അയാൾ എങ്ങനെ ആകുമെന്നത് ജയറാമിനെ കണ്ടാൽ മാത്രം മനസിലാകും. ജയറാമിന്റെ ഏറ്റവും മോശം അവസ്ഥയിൽ, ജയറാമിനെ വച്ച് കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ തിയേറ്ററിൽ പുള്ളിയെ കണ്ടാൽ കൂവും, പുള്ളിക്ക് സിനിമകളില്ല, സിനിമാ ഇൻഡസ്ട്രി മുഴുവൻ ശത്രുക്കളാണ് ആ സമയത്ത്. ആ ആളിനെയാണ് ഞാൻ ഇത്രയും വർഷം 16 സിനിമകളി കൂടി ഇവിടെ പ്രതിഷ്‌ഠിച്ചത്'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |