കൊച്ചി: വിഷു എത്തിയതോടെ പുത്തൻ നോട്ടിനായി ബാങ്കുകളിൽ തിരക്കോട് തിരക്ക്. പ്രീയപ്പെട്ടവർക്ക് വിഷുക്കൈ നീട്ടം നൽകാൻ പുതുമണം മാറാത്ത നോട്ടുകൾ ബാങ്കുളിൽ നിന്ന് വാങ്ങാനായി രണ്ടു ദിവസമായി ബാങ്കുകളിൽ വൻ തിരക്കാണ്. പുത്തൻ നാണയങ്ങൾക്കും ആവശ്യക്കാരുണ്ട്.
കൊവിഡ് മൂലം ആർഭാടങ്ങളില്ലാതെ കടന്നു പോയ സമീപ വർഷങ്ങളിലെ വിഷുവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വിഷു ആഘോഷമാക്കാൻ ഒരുക്കങ്ങൾ മുൻകൂട്ടി തുടങ്ങിക്കഴിഞ്ഞു. ഇക്കുറി വിഷുവിന് ആഴ്ചകൾക്ക് മുമ്പേ തന്നെ ബാങ്കുകളിൽ പുതിയ നോട്ടുകൾക്കും നാണയങ്ങൾക്കുമായുള്ള തിരക്ക് തുടങ്ങിയിരുന്നുവെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഒന്ന്, അഞ്ച്, 10, 20, 50, 100, 200, 500 എന്നിങ്ങനെ നോട്ടുകളാണ് വിഷു പ്രമാണിച്ച് ബാങ്കുകളിലെത്തിയത്. 10,20,50,100 നോട്ടുകൾക്കായിരുന്നു ആവശ്യക്കാരേറെയും.
താരം 100 ന്റെ നാണയത്തുട്ട്
ഇക്കുറി വിഷുക്കൈനീട്ടത്തിൽ നാണയത്തുട്ടുകളിൽ താരം 100ന്റെ നാണയങ്ങൾ. 10,20 തുട്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഒരു രൂപ നോട്ടുകൾ വിപണിയിൽ ഇല്ലായിരുന്നെങ്കിലും ഇത്തവണ വിഷു പ്രമാണിച്ച് അച്ചടിച്ച് ഇറക്കിയിട്ടുണ്ട്. ഇതിനും ആവശ്യക്കാരുണ്ട്. മുൻ വർഷങ്ങളിലും വിഷുവിന് മുന്നേ റിസർവ് ബാങ്ക് കൊച്ചി ശാഖയിൽ പുത്തൻ നോട്ടുകളും നാണയത്തുട്ടുകളും മാറ്റിവാങ്ങാനുള്ള സൗകര്യമൊരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |