തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് എൻട്രൻസ് കമ്മിഷണർ ഒരു അവസരം കൂടി നൽകും. നീറ്റ്- യു.ജി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷമായിരിക്കും ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന അവസരം. നീറ്റ് യോഗ്യത നേടിയവർക്കായിരിക്കും അപേക്ഷിക്കാനാവുക. തീയതിയും വിവരങ്ങളും പിന്നീട് പ്രസിദ്ധീകരിക്കും. പ്രവേശനത്തിന് ഇതുവരെ രജിസ്ട്രേഷൻ നടത്താത്തവർക്കും ഈ അവസരം ഉപയോഗിക്കാനാകും.
എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ മേയ് 17നാണ്. ചോദ്യപേപ്പർ തയ്യാറാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നതിനാൽ ഈ കോഴ്സുകളിൽ പ്രവേശനത്തിന് ഇനി സമയം നീട്ടിനൽകില്ല. ഏപ്രിൽ 10ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. എന്നാൽ ആറു മുതൽ തുടർച്ചയായ അവധി കാരണം നിരവധി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനായില്ല. അക്ഷയ കേന്ദ്രങ്ങളും ഈ ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്നില്ല.
രേഖകൾ അപ്‌ലോഡ് ചെയ്യാനടക്കം വിദ്യാർത്ഥികൾക്ക് കഴിഞ്ഞില്ല. എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്തിയശേഷം ഫീസടച്ച വിദ്യാർത്ഥികൾക്ക് രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യാൻ വീണ്ടും അവസരം നൽകും. അപേക്ഷയുടെ വെരിഫിക്കേഷൻ 20ന് തുടങ്ങിയ ശേഷം ഇവർക്ക് പിശകുകൾ പരിഹരിക്കാനുള്ള മെമ്മോ അയയ്ക്കും. എന്നാൽ സംവരണം അടക്കമുള്ളവയുടെ വെരിഫിക്കേഷൻ പിന്നീടായിരിക്കും നടത്തുക.
ആർക്കിടെക്ചർ പ്രവേശനത്തിന് നാഷണൽ ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റാ) യോഗ്യത നേടണം. ആർക്കിടെക്ചറിൽ പുതുതായി അപേക്ഷിക്കാൻ നാറ്റാ റാങ്ക് ലിസ്റ്റ് വന്നശേഷം ഒരു അവസരം കൂടി നൽകിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |