തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗക്കേസിന്റെ വിചാരണയ്ക്കിടെ പരാതിക്കാരനായ ആർ.എസ്. ശശികുമാറിനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ലെന്ന് വാർത്താക്കുറിപ്പിൽ വിശദീകരണവുമായി ലോകായുക്ത. അതൊരു കുപ്രചാരണമാണ്. പരാതിക്കാരനും കൂട്ടാളികളും ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയെന്നത് സത്യമാണ്. ഇതിനൊക്കെ മറുപടി പറയാത്തത് ജഡ്ജിമാരുടെ വിവേകം കൊണ്ടാണെന്നാണ് പറഞ്ഞത്. ഇതിന്റെ ഉദാഹരണമായാണ് വഴിയിൽ പേപ്പട്ടി നിൽക്കുന്നത് കണ്ടാൽ അതിന്റെ വായിൽ കോലിടാൻ നിൽക്കാതെ ഒഴിഞ്ഞു മാറിപ്പോവുന്നതാണ് വിവേകമെന്ന് ചൂണ്ടിക്കാട്ടിയത്. പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത് നിയമപ്രശ്നത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്. ലോകായുക്ത പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മാദ്ധ്യമങ്ങളും ചേർന്ന് ആ തൊപ്പി അദ്ദേഹത്തിന്റെ ശിരസിൽ അണിയിച്ചതാണ്- നാലുപേജുള്ള വാർത്താക്കുറിപ്പിൽ ലോകായുക്ത പി.ആർ.ഒ വ്യക്തമാക്കി.
കക്ഷികളുടെ ആഗ്രഹവും താത്പര്യവുമനുസരിച്ച് ഉത്തരവിടാനാവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർക്ക് പണം നൽകിയെന്നതാണ് ലോകായുക്തയിലുള്ള പരാതി. മുഖ്യമന്ത്രിയോ മന്ത്രിമാരോ പണം അപഹരിച്ചെന്നല്ല. ആർ.എസ്. ശശികുമാറിന്റെ ഹർജി നിലനിൽക്കുന്നതാണോ എന്നറിയാൻ ഫുൾബഞ്ചിന് വിട്ടെന്ന ആക്ഷേപവും ശരിയല്ല. ഡിവിഷൻ ബഞ്ച് ഉത്തരവിൽ ഹർജിയുടെ സാധുതയെന്ന വാക്കുപോലുമില്ല. ഉത്തരവിനെ കോടതിയിൽ ചോദ്യംചെയ്യുന്നതിന് പകരം ജഡ്ജിമാരെ പൊതുജനമദ്ധ്യത്തിൽ അധിക്ഷേപിക്കുകയാണ്.
ഇഫ്താർ വിരുന്ന്
ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് പിണറായി വിജയൻ നടത്തിയ സ്വകാര്യ ഇഫ്താർ വിരുന്നിലല്ല, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിരുന്നിലാണ്. വിവിധ രംഗങ്ങളിലുള്ള പ്രമുഖർക്കൊപ്പമാണ് പങ്കെടുത്തത്. മനുഷ്യാവകാശ കമ്മിഷൻ, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, പിന്നാക്ക വിഭാഗ കമ്മിഷൻ അദ്ധ്യക്ഷന്മാരും വിരുന്നിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യ സംഭാഷണം നടത്തിയെന്നത് പച്ചക്കള്ളമാണ്.
വിരുന്നല്ല വിധിയെഴുത്ത്
ഡൽഹിയിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, നിയമമന്ത്രി, അറ്റോർണി ജനറൽ എന്നിവരും സംസ്ഥാനത്ത് ഗവർണർ, മുഖ്യമന്ത്രി എന്നിവരും നടത്തുന്ന ഔദ്യോഗിക വിരുന്ന് സത്കാരങ്ങളിൽ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ പങ്കെടുക്കുന്നത് പതിവാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കക്ഷികളായ കേസുകൾ കോടതികളിലുണ്ടെന്നത് അതിന് തടസമായി കരുതാറില്ല. വിരുന്നിൽ പങ്കെടുത്താൽ സർക്കാരിന് അനുകൂലമായി വിധിയെഴുതുന്നവരാണ് ജഡ്ജിമാരെന്ന ചിന്ത അധമവും സംസ്കാര രഹിതവുമാണ്.
പെരുമാറ്റച്ചട്ട ലംഘനം
മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ലോകായുക്തയും ഉപലോകായുക്തയും ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. സുപ്രീംകോടതി അംഗീകരിച്ച പെരുമാറ്റച്ചട്ടം ജഡ്ജിമാർക്കു വേണ്ടിയുള്ളതാണ്. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും ഔദ്യോഗിക സത്കാരമല്ല, മറിച്ച് അഭിഭാഷകർ, ബിസിനസുകാർ, ഇടനിലക്കാർ, കമ്പനികൾ, വിദേശ സർക്കാരുകൾ, ഏജൻസികൾ എന്നിവയുടെ ആഥിത്യം ജഡ്ജിമാർ സ്വീകരിക്കരുതെന്നാണ് സുപ്രീംകോടതി ഉദ്ദേശിച്ചിട്ടുള്ളത്.
ലോകായുക്തയുടെ വാർത്താക്കുറിപ്പ് കുറ്റബോധം മറച്ചുപിടിക്കാൻ: ശശികുമാർ
വിചാരണയ്ക്കിടെ തന്നെ ലോകായുക്ത പേപ്പട്ടി എന്ന് വിളിച്ചത് ഉദാഹരണം പറഞ്ഞതാണെന്ന വിശദീകരണം സാമാന്യ മര്യാദയ്ക്ക് ചേരുന്നതല്ലെന്ന് പരാതിക്കാരൻ ആർ.എസ്. ശശികുമാർ. 11ന് കേസ് പരിഗണിക്കവേയുണ്ടായ വിവാദ പരാമർശം മാദ്ധ്യമങ്ങളിൽ വാർത്തയായിട്ടും എന്തെങ്കിലും വിശദീകരണം നൽകാനോ വ്യക്തത വരുത്താനോ പിറ്റേന്ന് കേസ് പരിഗണിച്ചപ്പോൾ ലോകായുക്ത തയ്യാറായില്ല. ഇപ്പോൾ പരസ്യ പ്രതികരണവുമായി വന്ന ലോകായുക്തയുടെ നടപടി കൂടുതൽ ദുരൂഹമാണ്. ലോകായുടെ മുന്നിൽ പരാതിയുമായി വരുന്നയാൾക്ക് നീതി നൽകുന്നതിനു പകരം അയാളെ പേപ്പട്ടി എന്ന് വിളിച്ചാൽ അതിനെതിരെ പൊതു സമൂഹത്തിന്റെ പ്രതികരണം സ്വാഭാവികമാണ്. ആ സാഹചര്യം ഒഴിവാക്കേണ്ടത് ലോകായുക്തയാണ്.
ഒരു ജുഡീഷ്യൽ ബോഡി, തങ്ങൾ പ്രസ്താവിച്ച ഉത്തരവിനെ സംബന്ധിച്ച് വിശദീകരണവുമായി വാർത്താക്കുറിപ്പിലൂടെ രംഗത്ത് വരുന്നത് ചരിത്രത്തിൽ കേട്ടുകഴിവില്ലാത്ത കാര്യമാണ്. ന്യായാധിപന്മാർ പൊതു ജനത്തോട് സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല; അവരുടെ വിധി ന്യായത്തിലൂടെയാവണം. തങ്ങളുടെ കുറ്റബോധം മറച്ചുപിടിക്കാനാണ് ലോകായുക്ത ഇത്തരത്തിൽ പത്രക്കുറിപ്പുമായി രംഗത്തുവന്നിട്ടുള്ളത്. തരംതാഴുന്നതിന് തങ്ങൾക്ക് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് ഇന്നത്തെ പത്രക്കുറിപ്പ്. മുഖ്യമന്ത്രി ആതിഥ്യം നൽകിയ ഔദ്യോഗിക ഇഫ്താർ വിരുന്നിലാണ് ലോകായുക്ത പങ്കെടുത്തത് എന്നാണ് തന്റേയും പരാതി. മുഖ്യമന്ത്രി പ്രതിയായ കേസ്സ് പരിഗണനയിലിരിക്കെ ആ കേസ്സ് പരിഗണിക്കുന്ന ന്യായാധിപന്മാർ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചത് ഔചിത്യമായില്ലെന്ന അഭിപ്രായം ശരിവക്കുക മാത്രമാണ് ലോകായുക്ത ചെയ്തത്. ഇത് മനസ്സിലാക്കാൻ ന്യായാധിപ ബുദ്ധിയൊന്നും വേണ്ടെന്നും ശശികുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |