ജംഷഡ്പൂർ 3-2ന് ഗോകുലം കേരളയെ തോൽപ്പിച്ചു
കോഴിക്കോട്: പൊരുതിക്കളിച്ച ഗോകുലത്തെയും തോൽപ്പിച്ച് ജംഷഡ്പൂർ എഫ്.സി സൂപ്പർ കപ്പ് ഫുട്ബാൾ സെമിഫൈനലിലെത്തി. കരുത്തത്തർ അണിനിരന്ന സൂപ്പർ കപ്പ് ഗ്രൂപ്പ് സിയിൽ മൂന്ന് കളികളും വിജയിച്ച് ഒമ്പത് പോയിന്റുമായാണ് ജംഷഡ്പൂരിന്റെ സെമി പ്രവേശനം. ഐ.എസ്.എൽ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻബഗാനെയും നിലവിലെചാമ്പ്യന്മാരായ എഫ്.സി ഗോവയെയും മറികടന്നാണ് ജംഷഡ്പൂരിന്റെ സെമിയിലേക്കുള്ള മാർച്ച്. മൂന്ന് കളികളും തോറ്റ ഗോകുലത്തിന് സ്വന്തം മൈതാനത്ത് നടന്ന സൂപ്പർ കപ്പ് സമ്മാനിച്ചത് നിരാശമാത്രം.
ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 3-2നാണ് ജംഷഡ്പൂർ ഗോകുലത്തെ തോൽപ്പിച്ചത്. ജംഷഡ്പൂരിനായി ഹാരിസൺ സോയർ, ഫാറൂഖ് ചൗധരി, ഇഷാൻ പണ്ഡിത എന്നിവർ ഗോൾ നേടി. ഗോകുലത്തിനായി ഘാന താരം സാമുവൽ മെൻസ ഇരട്ട ഗോൾ നേടി.
ഐ.എസ്.എൽ കരുത്തരെ ഞെട്ടിച്ച് ഗോകുലമാണ് ആദ്യം ഗോൾ നേടിയിത്. 33ാം മിനിട്ടിൽ സാമുവൽ മെൻസയാണ് ഗോൾ നേടിയത്. ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് ജംഷഡ്പൂർ താരങ്ങളെ മറികടന്ന് സൗരവ് നൽകിയ മനോഹരമായ പാസിൽ നിന്നാണ് സാമുവലിന്റെ ഗോൾ പിറന്നത്. കുതിച്ചെത്തിയ പ്രതിരോധ താരങ്ങളെ മറികടന്ന് സാമുവൽ മികച്ച ഷോട്ടിലൂടെ ജിതേന്ദ്രസിംഗിന്റെ പ്രതിരോധവും തകർത്തു. ഗോകുലത്തിന്റെ ലീഡിന് ഏഴ് മിനിട്ടേ ആയുസുണ്ടായുള്ളൂ. ഓസ്ട്രേലിയൻ സ്ട്രൈക്കർ ഹാരിസൺ സോയറിലൂടെ ജംഷഡ്പൂർ 40ാംമിനിട്ടിൽ ഒപ്പമെത്തി. ജർമൻപ്രീത് സിംഗിന്റെ അസിസ്റ്റിൽ നിന്നാണ് സോയർ ഗോൾ കുറിച്ചത്. ജർമൻപ്രീത് നൽയ പാസ് ബോക്സിനുള്ളിലുണ്ടായിരുന്ന സോയറിന്റെ കാലിലെത്തി. കൃത്യമായ ഫിനിഷിലൂടെ സോയർ ജംഷഡ്പൂരിനെ ഒപ്പമെത്തിച്ചു.
59ാം മിനിട്ടിൽ ഫാറൂഖ് ചൗധരി ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. ഫാറൂഖ് ചൗധരി എടുത്ത കോർണർ കിക്ക് ബോൾ സോയർ ഫാറൂഖിന് തിരിച്ചു നൽകി. ഫാറൂഖിന്റ ഷോട്ട് ഗോകുലത്തിന്റെ ഗോൾവല കുലുക്കി. മൂന്ന് മിനിട്ടിന് ശേഷം സാമുവൽ ഗോകുലത്തിനായി രണ്ടാം ഗോൾ നേടി ഒപ്പമെത്തിച്ചു. 63ാം മിനിട്ടിൽ വലതുവിംഗിലൂടെയുള്ള ശ്രീക്കുട്ടന്റെ വേഗതയോറിയ നീക്കത്തിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്സിലേക്ക് മുന്നേറിയ ശ്രീക്കുട്ടൻ നൽകിയ പാസ് പിടിച്ചെടുത്ത സാമുവൽ കരുത്തുറ്റ ഷോട്ടിലൂടെ വലകുലുക്കി. 69ാം മിനിട്ടിൽ ഇഷാൻ പണ്ഡിത ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ റിത്വക് ദാസ് നൽകിയ ക്വക്ക് ബോൾ സ്വീകരിച്ച ഇഷാൻ നിമിഷം പോലും പാഴാക്കാതെ ഗോകുലം പോസ്റ്റിലേക്ക് നിറയൊഴിച്ചു.
@ സെമി ലൈനപ്പ് ഇന്നാവും
സൂപ്പർ കപ്പ് സെമി ഫൈനൽ ലൈനപ്പ് ഇന്നറിയാം. ഗ്രൂപ്പ് എ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സിയും ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ജംഷഡ്പൂർ എഫ്.സിയും 21ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടും. രാത്രി ഏഴിനാണ് മത്സരം. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 22ന് രാത്രി ഏഴിന് നടക്കുന്ന രണ്ടാം സെമിയിൽ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ഒഡീഷ എഫ്.സി ഗ്രൂപ്പ് ഡി ചാമ്പ്യന്മാരെ നേരിടും.
@ ഇന്ന് കോഴിക്കോട്ടും മഞ്ചേരിയിലും നിർണായക മത്സരങ്ങൾ
സൂപ്പർ കപ്പ് സെമി പ്രവേശനത്തിന് നിർണായകമാവുന്നതിനാൽ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരങ്ങളുടെ വേദിയിൽ മാറ്റം വരുത്തി. ചർച്ചിൽ ബ്രദേഴ്സ് - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി മത്സരം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നിന്ന് കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് മാറ്റി. രാത്രി 8.30നാണ് കളി. ചെന്നൈയിൻ എഫ്.സി - മുംബെയ് സിറ്റി എഫ്.സി മത്സരം മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8.30ന് നടക്കും. ഗ്രൂപ്പ് ഡിയിൽ നാല് പോയിന്റുമായി ചെന്നൈയിൻ എഫ്.സി നാല് പോയിന്റുമായി മുന്നിലാണ്. മുംബെയ്ക്കും നോർത്ത് ഈസ്റ്റിനും മൂന്ന് പോയിന്റ് വീതമുണ്ട്. ചർച്ചിലിന് ഒരുപോയിന്റ് മാത്രമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |