കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് ചലച്ചിത്ര താരം അപർണ ബാലമുരളി. പ്രധാനമന്ത്രിയ്ക്കൊപ്പം വേദി പങ്കിടാനായതിൽ സന്തോഷം രേഖപ്പെടുത്തിയ താരം യുവം പരിപാടി നാളെയുടെ ഭാവിയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും പറഞ്ഞു. യുവം പോലൊരു യൂത്ത് കോൺക്ളേവ് പ്രോത്സാഹിപ്പിക്കുന്നതിലും സന്തോഷമുണ്ട്. ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. അപർണ ബാലമുരളി കൂട്ടിച്ചേർത്തു. അപർണ ബാലമുരളിയെ കൂടാതെ നവ്യാ നായർ, ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ് തുടങ്ങിയ താരങ്ങളും പ്രധാനമന്ത്രിയ്ക്കൊപ്പം വേദി പങ്കിട്ടു.
അതേസമയം രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചിയിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. നാവികസേന വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി വന്നിറങ്ങിയത് കേരളീയ വേഷം ധരിച്ചാണ്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേൽമുണ്ടും ധരിച്ചെത്തിയ മോദിയെ ആയിരങ്ങൾ ആരവങ്ങളോടെ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്. പിന്നാലെ കാൽനടയായി റോഡ് ഷോയും ആരംഭിച്ചു. വെണ്ടുരുത്തി പാലം മുതൽ തേവര കോളേജ് വരെയാണ് റോഡ് ഷോ. കാൽനടയായാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തത്. ജനസാഗരമാണ് റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയത്.
തുറന്ന വാഹനത്തിലായിരിക്കും റോഡ് ഷോ എന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ. എന്നാൽ കാൽനടയായി റോഡോ ഷോ നടത്താൻ പ്രധാനമന്ത്രി തയ്യാറാവുകയായിരുന്നു. ജനത്തെ കൈവീശിയും തൊഴുതും പ്രധാനമന്ത്രി നടന്നു നീങ്ങി. അതിന് ശേഷം യുവം സമ്മേളനം നടക്കുന്ന വേദിയിൽ പ്രധാനമന്ത്രി എത്തി. ഇപ്പോൾ യുവം വേദിയിൽ പ്രസംഗിക്കുകയാണ് പ്രധാനമന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |