
ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ കാവേരിയുടെ ആദ്യഘട്ടം തുടങ്ങിയിരിക്കുകയാണ്. 367ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിൽ തങ്ങുകയാണ്. മറ്റുരാജ്യങ്ങളും സുഡാനിൽനിന്നും സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നത് ഉൗർജ്ജിതമാക്കി. റോഡ്, കടൽ, ആകാശം മാർഗങ്ങളിലൂടെയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. തലസ്ഥാനമായ ഖാർത്തൂമിലെ പ്രധാന വിമാനത്താവളം ആക്രമണകേന്ദ്രമായതിനാൽ ചെങ്കടൽ തീരത്തുള്ള പോർട്ട് സുഡാൻ വഴിയാണ് കൂടുതൽ രക്ഷാദൗത്യങ്ങളും നടക്കുന്നത്.
മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിയിരിക്കുന്നത്. സുഡാനിലെ ആഭ്യന്തര ഏറ്റുമുട്ടലിൽ കണ്ണൂർ സ്വദേശിയായ അഗസ്റ്റ്യന് ജീവൻ നഷ്ടപ്പെട്ടിരുന്നു. അവിടെ ദുരിതസാഹചര്യത്തിൽ കുടുങ്ങിയ അദ്ദേഹത്തിന്റെ ഭാര്യയെയും കുഞ്ഞിനെയും കണ്ണൂരിലെത്തിച്ചിട്ടുണ്ട്. ഈദിനോടനുബന്ധിച്ച് താത്‌കാലികമായി വെടിനിറുത്തണമെന്ന് മറ്റ് രാജ്യങ്ങളും മദ്ധ്യസ്ഥരും അഭ്യർത്ഥിച്ചെങ്കിലും ഇരുപക്ഷത്തായി നില്‌ക്കുന്ന സൈനിക മേധാവിയും അർദ്ധസൈനിക മേധാവിയും അത് തള്ളിക്കളയുകയാണുണ്ടായത്. എന്നാൽ പെരുന്നാൾ ദിനത്തിൽ പോരാട്ടങ്ങൾ നേരിയ തോതിൽ ശമിച്ചിരുന്നു. ഈ അവസരം മുതലെടുത്താണ് അമേരിക്ക, യു.കെ, ഫ്രാൻസ്, സൗദി, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ നയതന്ത്ര പ്രതിനിധികളെയും സ്വന്തം പൗരന്മാരെയും ഒഴിപ്പിച്ചുതുടങ്ങിയത്. ഫ്രഞ്ച് വ്യോമസേനാ വിമാനം രക്ഷപ്പെടുത്തിയവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. സൗദി അറേബ്യയാണ് കടൽവഴി ഒഴിപ്പിക്കൽ ദൗത്യം ഏറ്റവും വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. അമേരിക്ക നയതന്ത്ര ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഹെലികോപ്ടറുകളിൽ അയൽരാജ്യമായ എത്യോപ്യയിലേക്കാണ് മാറ്റിയിരിക്കുന്നത്.
സുഡാനിലെ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട് ഇത്രയും ദിവസം പിന്നിട്ടിട്ടും ഇന്ത്യ ഒഴിപ്പിക്കൽ ദൗത്യം തുടങ്ങാത്തതിൽ അവിടത്തെ ഇന്ത്യക്കാർ ആശങ്കാകുലരായിരുന്നു. ഇവരെ മോചിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സന്ദർശനത്തിനിടയിൽ വെളിപ്പെടുത്തിയിരുന്നു. ഒന്നര നൂറ്റാണ്ടിലധികമായി ഇന്ത്യയ്ക്ക് സുഡാനുമായി വളരെ നല്ല ബന്ധമാണുള്ളത്. പരമ്പരാഗതമായ ഈ ബന്ധം ഉപയോഗിച്ച് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള മാർഗങ്ങളാണ് അധികൃതർ അവലംബിക്കുന്നത്. യുക്രെയിൻ യുദ്ധം തുടങ്ങിയപ്പോൾ അവിടെ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിജയകരമായി ഒഴിപ്പിച്ചിരുന്നു. അതുപോലെ തന്നെ സുഡാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും വരുംദിവസങ്ങളിൽ രക്ഷിക്കാനാവുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. ഇന്ത്യയുടെ രക്ഷാദൗത്യത്തിനും ഒഴിപ്പിക്കൽ നടപടികൾക്കും സൗദി അറേബ്യയാണ് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്. ഇതിന് മന്ത്രി മുരളീധരൻ സൗദി മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |