തിരുവനന്തപുരം: പീഡനത്തിനിരയായ 14കാരി വീട്ടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കുട്ടികളിലെ ലഹരി ഉപയോഗം വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ മനോജ് കുമാർ കെ.വി പറഞ്ഞു. ലഹരിക്കെതിരായ പദ്ധതികളിൽ സ്കൂളുകളിലെ എസ്.പി.സി, സ്കൗട്ട്സ്, എൻ.സി.സി തുടങ്ങിയവ യോജിപ്പിച്ച് കുട്ടികളെ ചൈൽഡ് റൈറ്റ്സ് അംബാസഡർമാരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പെൺകുട്ടി അമിതമായി ലഹരി ഉപയോഗിച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ സ്ഥിരീകരണം നൽകാൻ പൊലീസ് തയാറായിട്ടില്ല. മരണം സംബന്ധിച്ച ദുരൂഹതയും പീഡനവും അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ അദ്ധ്യാപകരുടെ മൊഴിയെടുത്തിരുന്നു. പെൺകുട്ടി പൊലീസുകാരനായ അച്ഛനും അമ്മയ്ക്കും ഒപ്പം പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നത്.
14 കാരിയുടെ മരണം ഞെട്ടിക്കുന്നത്: സതീശൻ
കൊച്ചി: ലഹരി ഉപയോഗത്തെ തുടർന്ന് തിരുവനന്തപുരത്ത് 14 വയസുകാരിക്കുണ്ടായ ദാരുണാന്ത്യം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ലഹരിമാഫിയയെ അടിച്ചമർത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ കേരളം കൂടുതൽ അപകടകരമായ അവസ്ഥയിലേയ്ക്ക് പോകുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടകരമായ രീതിയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നത് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നതിനെത്തുടർന്ന് സർക്കാർ പ്രചാരണങ്ങൾ ആരംഭിച്ചെങ്കിലും നിലച്ചമട്ടാണ്. ലഹരി മാഫിയകൾക്കെതിരെയോ ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളോ സ്വീകരിക്കുന്നില്ല. ഭരണകക്ഷി നേതാക്കൾ പ്രദേശികതലം മുതൽ നൽകുന്ന സംരക്ഷണമാണ് ലഹരിമാഫിയയെ നിലനിറുത്തുന്നത്. ഇതിനെ ഭരണകൂടം ഗൗരവത്തോടെ കൈകാര്യം ചെയ്യണം. 14 കാരിയുടെ ദൗർഭാഗ്യകരമായ അന്ത്യം രക്ഷിതാക്കളെ അരക്ഷിതത്വത്തിലാക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |