തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ച് ഗ്രൂപ്പ് താത്പര്യങ്ങൾ സംരക്ഷിക്കാൻ ഭാരവാഹികളാക്കിയ വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും നീക്കണമെന്ന കെ. സുധാകരന്റെ കടുത്ത നിലപാടിന് മുന്നിൽ പൂർണ്ണമായും വഴങ്ങാതെ എൻ.എസ്.യു. വിവാഹിതരെ രാജിവച്ച് ഒഴിപ്പിച്ച് പ്രായപരിധി പിന്നിട്ടവരെ നിലനിറുത്താനാണ് എൻ.എസ്.യു ശ്രമം. ഇതോടെ, പ്രായപരിധി പിന്നിട്ട 5 പേരും ജംബോ പട്ടികയിൽ തുടരുമെന്നാണ് വിവരം. ഇവരെയും നീക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുധാകരൻ. വിവാഹിതരായ 7 പേരിൽ ഉപാദ്ധ്യക്ഷന്മാരായ വിശാഖ് പത്തിയൂരും അനന്തനാരായണനും രാജിവച്ചെങ്കിലും 5 പേർ ഇപ്പോഴും തുടരുന്നുണ്ട്.
വിവാഹിതർ സംഘടനയിൽ പ്രവർത്തിക്കാൻ പാടില്ലെന്ന് കെ.എസ്.യുവിന്റെയോ എൻ.എസ്.യുവിന്റെയോ ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് രാജിവയ്‌ക്കാത്ത നേതാക്കൾ പറയുന്നത്. സ്‌ത്രീധനം വാങ്ങരുതെന്ന് മാത്രമാണ് എൻ.എസ്.യു ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. ഒഴിവാകുന്ന വിവാഹിതർക്ക് പകരം തങ്ങളുടെ പക്ഷത്തിൽ ഉൾപ്പെട്ട നേതാക്കളെ സംസ്ഥാനകമ്മിറ്റിയിൽ ഉൾപ്പെടുത്താനാണ് ചില നേതാക്കളുടെ ശ്രമം. ജംബോ പട്ടികയെന്ന് ആക്ഷേപിക്കുന്ന നേതാക്കൾ തന്നെ ഇത്തരം നീക്കം നടത്തുന്നതിനെതിരെ കെ.എസ്.യുവിനുളളിൽ അമർഷമുണ്ട്. അതിനിടെ 97 അംഗ സംസ്ഥാന കമ്മിറ്റിയിൽ 10 പേർ പോലും വിദ്യാർത്ഥികളല്ലെന്ന ആക്ഷേപവും ശക്തമാണ്.
ഇനി വിവാഹം കഴിക്കാമോ?
വിവാഹിതരെ ഒഴിവാക്കാനുളള നീക്കത്തിന് പിന്നാലെ വിവാഹം കഴിച്ചാൽ തങ്ങളും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് അയോഗ്യരാകുമോയെന്ന ആശങ്കയിലാണ് കെ.എസ്.യു നേതാക്കൾ. ഭൂരിപക്ഷം പേരും വിവാഹം ഉറപ്പിച്ചവരോ വിവാഹ ആലോചന നടക്കുന്നവരോ ആണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എൻ.എസ്.യു നേതൃത്വമാണെന്ന് കെ.എസ്.യുവിന്റെ ചുമതലയുണ്ടായിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം കേരളകൗമുദിയോട് പറഞ്ഞു.
യൂത്ത് കോൺഗ്രസ് പുനഃസംഘടന ജൂണിൽ
യൂത്ത് കോൺഗ്രസ് പുനഃസംഘടന ജൂണിൽ നടത്താൻ ആലോചന. മേയ് 22, 23, 24 തീയതികളിൽ സംഘടനയുടെ സംസ്ഥാനസമ്മേളനം തൃശൂരിൽ നടക്കും. അതിനുശേഷം പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന തരത്തിലുള്ള പുനഃസംഘടനയാണ് പരിഗണനയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |