കിളിമാനൂർ: രാജാ രവിവർമ്മയ്ക്ക് പൂർത്തിയാക്കാൻ കഴിയാതെപോയ അവസാന ചിത്രമായ 'പാഴ്സി ലേഡി' ഇന്ന് വെളിച്ചം കാണും.
മുംബയിലെ കലാജീവിതം മതിയാക്കി കിളിമാനൂർ കൊട്ടാരത്തിലെത്തിയപ്പോൾ കൊണ്ടുവന്ന ചിത്രങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നതാണിത്.രവി വർമ്മയുടെ 175ാമത് ജന്മദിനത്തോടനുബന്ധിച്ച് ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരത്തിൽ ഇന്ന് വൈകിട്ട് 3.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ചിത്രം പ്രകാശനം ചെയ്യുന്നത്.
കൊട്ടാരത്തിൽ അമൂല്യമായി സൂക്ഷിച്ചിരുന്ന ചിത്രം പാലസ് ട്രസ്റ്റ് മുൻകൈയെടുത്ത് രവി വർമ്മ പെയിന്റിംഗിന്റെ കൺസർവേറ്റർമാരായ ഡോ.മഥൻ, എ.മോസസ് എന്നിവരാണ് പൂർത്തിയാക്കിയത്. അദ്ദേഹം വരച്ച മാവേലി, പുത്തൻ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തൃക്കേട്ട തിരുനാൾ ഉമയമ്മ തമ്പുരാട്ടിയുടെ അപൂർവമായ ഛായാ ചിത്രം തുടങ്ങിയവയും ഗവർണർ അനാച്ഛാദനം ചെയ്യും.
കേന്ദ്രമന്ത്രി വി.മുരളീധരൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ റസൂൽ പൂക്കുട്ടി മുഖ്യാതിഥിയാകും. അടൂർ പ്രകാശ് എം.പി, ഒ.എസ്.അംബിക എം.എൽ.എ എന്നിവർ പങ്കെടുക്കും. ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ രാജാരവിവർമ്മ സാംസ്‌കാരിക നിലയത്തിൽ രാവിലെ 11ന് പുഷ്പാർച്ചനയും വൈകീട്ട് 4ന് പ്രഭാഷണവും സംഘടിപ്പിക്കും.
1904ൽ സഹോദരൻ രാജ രാജ വർമ്മയുടെ മരണവും, മുംബയിൽ വ്യാപിച്ച പ്ലേഗിനെയും തുടർന്നാണ് ലോനവാലയിൽ ജർമ്മൻ സാങ്കേതിക വിദ്യയിൽ ആരംഭിച്ച പ്രിന്റിംഗ് പ്രസ് വിറ്റശേഷം നാട്ടിലെത്തിയത്. മറ്റ് ചിത്രങ്ങൾ കൊട്ടാരത്തിലെ ചിത്രശാലയിൽ വച്ചു പൂർത്തിയാക്കി. 'പാഴ്സി ലേഡി'യുടെ അവസാന മിനുക്കു പണികൾ പുരോഗമിക്കവേ, രോഗശയ്യയിലാവുകയും 1906 ഒക്ടോബർ 2ന് അന്തരിക്കുകയും ചെയ്തു.
പാഴ്സി ലേഡി
രാജാ രവി വർമ്മ മുംബയിൽ താമസിക്കുമ്പോൾ പ്രസിന് സമീപത്ത് താമസിച്ചിരുന്ന പാഴ്സി കുടുംബത്തിലെ യുവതി. തന്റെ ചിത്രം വരയ്‌ക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന് കോടികളുടെ മൂല്യംവരും. കഴിഞ്ഞ മാസം മുംബയിലെ പെൻഡോൾ ആർട് ഗ്യാലറിയിൽ രവിവർമ്മ ചിത്രമായ യശോദയും കൃഷ്‌ണനും ലേലത്തിൽ വിറ്റുപോയത് 38 കോടി രൂപയ്‌ക്കാണ്.
'ചിത്രങ്ങൾ രവിവർമ്മയുടെ അവസാന നിമിഷങ്ങൾ കടന്നുപോയ ചിത്രശാലയിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് വയ്ക്കും.
' രാമവർമ്മ, സെക്രട്ടറി
കിളിമാനൂർ പാലസ് ട്രസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |