തൃശൂർ: തൃശൂർ പൂരത്തിന്റെ വിളമ്പരം ഇന്ന്. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട വഴി വടക്കുംനാഥ ക്ഷേത്രത്തിന് പുറത്തിറങ്ങി നിലപാട് തറയിലെത്തി പൂര വിളമ്പരം നടത്തും. ഇതോടെ 48 മണിക്കൂർ നീണ്ട് നിൽക്കുന്ന പൂരാഘോഷത്തിന് തുടക്കമാകും.
നാളെ രാവിലെ മുതൽ ഘടക ക്ഷേത്രങ്ങളിൽ നിന്നും പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിൽ നിന്നും ദേവി ദേവന്മാർ വടക്കുംനാഥന്‍റെ മണ്ണിലേക്ക് എത്തും. പിന്നീട് മഠത്തിൽ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും നടക്കും . മറ്റന്നാൾ പുലർച്ചെയാണ് വെടിക്കെട്ട്.
അതേസമയം ഇന്നലെ നടന്ന സാമ്പിള്‍ വെടിക്കെട്ട് കാഴ്ചയുടെ വര്‍ണവിസ്മയമൊരുക്കി . തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് കരിമരുന്ന് പ്രയോഗം നടത്തിയപ്പോൾ കാഴ്ചക്കാരും ആവേശത്തിലായി. കൂട്ടപൊരിച്ചിലിന് പുറമെ പ്രത്യേകം തയ്യാറാക്കിയ എൽ ഇ ഡി മാലകളും വെടിക്കെട്ടിന് ഉണ്ടായിരുന്നു. 7.25ഓടെ കമ്പ കെട്ടിന് തിരികൊളുത്തിയത് തിരുവമ്പാടി. മൂന്ന് മിനിറ്റിൽ വർണ്ണ വിസ്മയത്തിനൊപ്പം കാതടപ്പിക്കുന്ന കൂട്ടിപിരിച്ചിലും. സ്വരാജ് റൌണ്ടിന്‍റെ വടക്കുഭാഗത്ത് പതുക്കെ പൊട്ടി തുടങ്ങിയപ്പോൾ മുതൽ ആളുകൾ ആരവം മുഴക്കി. പതിഞ്ഞ താളത്തിലാണ് പാറമേക്കാവ് തുടങ്ങിയത്. സ്വരാജ് റൗണ്ടിന്‍റെ തെക്കുഭാഗത്ത് നിന്ന് പടിഞ്ഞേറ് ഭാഗത്തേക്ക് കുഴിമിന്നലും അമിട്ടും ഓല പടക്കവുമൊക്കെയായി രംഗം കൊഴുത്തു.
ഇരു കൂട്ടരും കരുതി വച്ച സ്പെഷ്യൽ നില അമിട്ടുകളുടെ വരവായി. പിരിപിരിയനും എൽ ഇ ഡി കുടകളും മനം കവർന്നു. നിയന്ത്രണങ്ങളുടെ ബാഹുല്യം വെടിക്കെട്ട് കാഴ്ചകളിൽ നിന്ന് ആളുകളെ മറച്ചെന്ന പരാതി ഇത്തവണയും ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |