ഇടുക്കി: ഇന്നലെ ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടെന്ന് വനംവകുപ്പിലെ ചീഫ് വെറ്ററിനറി സർജനായ അരുൺ സക്കറിയ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് തളച്ചത്. ചക്കക്കൊമ്പനുമായുള്ള പോരിലാണ് ആനയ്ക്ക് പരിക്കേറ്റതെന്നും എന്നാൽ ഇത് സാരമുള്ളതല്ലെന്നും സി സി എഫ് ആർ എസ് അരുൺ വ്യക്തമാക്കി.
നിലവിൽ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണ്. തുറന്ന് വിടുന്നതിനുമുൻപ് ചികിത്സ നൽകിയിരുന്നു. ചികിത്സ ഇനിയും തുടരും. പെരിയാർ കടുവ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളറിലൂടെ നിരീക്ഷിച്ചുവരികയാണ്. ആദ്യ സിഗ്നൽ കിട്ടി. പുലർച്ചെ ഒരു മണിക്കാണ് ആദ്യ സിഗ്നൽ കിട്ടിയത്.
അഞ്ച് മയക്കുവെടിയെന്ന് പറയാനാകില്ല. ടോപ്പ് അപ്പ് ഡോസ് ആണ് നൽകിയത്. ഇത് ആരോഗ്യത്തെ ബാധിക്കില്ല. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ അരിക്കൊമ്പന് സമയം എടുക്കും. ശരീരത്തിലെ മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റുന്നതിനിടെ കുമളിയിൽ ഉൾപ്പെടെ എല്ലായിടത്തും ലഭിച്ച സ്വീകരണം വലിയൊരു മാതൃകയാണെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു.
അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ആരംഭിച്ച അരിക്കൊമ്പൻ ദൗത്യം ആദ്യ ദിനം ആനയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആനയെ കണ്ട ശങ്കരപാണ്ഡ്യമേട്ടിലും 301 കോളനിയിലും ആനയിറങ്കൽ ഭാഗങ്ങളിലും അരിക്കൊമ്പനുവേണ്ടി തിരച്ചിൽ ആരംഭിച്ചുകൊണ്ടായിരുന്നു രണ്ടാം ദിനത്തിലെ ദൗത്യം ആരംഭിച്ചത്.
രാവിലെ 7.30ന് സൂര്യനെല്ലിയ്ക്കും സിങ്കുകണ്ടത്തിനും ഇടയ്ക്കുള്ള 92 കോളനിയിൽ അരിക്കൊമ്പനെയും ചക്കക്കൊമ്പനെയും നാട്ടുകാർ കണ്ടെത്തി. പടക്കമെറിഞ്ഞ് ചക്കക്കൊമ്പനെ ദൂരേക്കു മാറ്റിയ റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർ.ആർ.ടി) പ്രതീക്ഷയേകി അരിക്കൊമ്പൻ രാവിലെ 10 മണിയോടെ യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിൽ നിലയുറപ്പിച്ചു. 11 മണിയോടെ സിമന്റ് പാലത്തിൽ അരിക്കൊമ്പനെത്തിയതോടെ മയക്കുവെടി വയ്ക്കാൻ തീരുമാനം. 11.57ന് ആദ്യ മയക്കുവെടി വച്ചതോടെ ആന അൽപദൂരം ഓടി മരങ്ങൾക്കിടയിൽ വിശ്രമിച്ചു.
പിന്നീട് കൃത്യമായ ഇടവേളകളിൽ നാല് ബൂസ്റ്റർ ഡോസുകൾ കൂടി അരിക്കൊമ്പനു നൽകി. തുടർന്ന് കുങ്കികളെയിറക്കി അരിക്കൊമ്പന് ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഏറെക്കുറെ മയക്കത്തിലായ അരിക്കൊമ്പന്റെ കാലുകളിൽ കുരുക്കിടാൻ ദൗത്യസംഘം ശ്രമമാരംഭിച്ചു. കാലിൽ കുരുങ്ങിയ വടം കുടഞ്ഞെറിഞ്ഞു അർദ്ധ ബോധാവസ്ഥയിലും അരിക്കൊമ്പൻ ശക്തമായി പ്രതിരോധിച്ചു.
2.50 ഓടെ പിൻകാലുകളിൽ കയർ കുരുക്കി ആനയെ പൂർണനിയന്ത്രണത്തിലാക്കി. മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു വഴി വെട്ടിയ ശേഷം ലോറി അരിക്കൊമ്പന് സമീപത്തെത്തിച്ചു. പിന്നാലെയെത്തിയ മഴ ആശങ്കപ്പെടുത്തിയെങ്കിലും നാല് കുങ്കികളുടെയും സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ അരിക്കൊമ്പൻ ശക്തമായ പ്രതിരോധം തീർത്ത് ലോറിക്ക് പിറകിൽ നിന്ന് വശങ്ങളിലേക്കു തിരിച്ചു. വീണ്ടും മഴയും കാറ്റും ശക്തമായതോടെ ആനയ്ക്ക് അഞ്ചാമത്തെ ബൂസ്റ്റർ ഡോസ് കൂടി നൽകി. ഇതിന് ശേഷമാണ് അഞ്ച് മണിയോടെ അരിക്കൊമ്പനെ ലോറിയിലെ കൂട്ടിൽ തളയ്ക്കാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |