ബംഗളുരു : ജാമ്യം ലഭിച്ച് കേരളത്തിലെത്തുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ലെന്ന് കർണാടക സർക്കാർ, കർണാടക ഭീകരവിരുദ്ധ സെൽ ഇത് സംബന്ധിച്ച് സുപ്രിംകോടതിയിൽ സത്യവാങ്‌മൂലം ഫയൽ ചെയ്തു, അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടിക്കുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.
യതീഷ് ചന്ദ്ര ഐ.പി.എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയത്. ഈ സംഘം കേരളം സന്ദർശിച്ചാണ് ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സർക്കാർ അറിയിച്ചു.
മഅദനിയെ കേരളത്തിലെത്തിക്കാൻ പ്രതിമാസം 20 ലക്ഷം കർണാടക സർക്കാർ ആവശ്യപ്പെട്ടതോടെ കുടുംബം സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. വിഷയത്തിൽ മറുപടി നൽകാൻ കർണാടക സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു, തുടർന്നാണ് കർണാടക സർക്കാർ സത്യവാങ്മൂലം നൽകിയത്.
മഅദനിയെ കേരളത്തിലെത്തിക്കാനായി ഭീമമായ തുക ആവശ്യപ്പെട്ട കർണാടക സർക്കാരിനെതിരെ സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. കർണാടക സർക്കാരിന്റെ നടപടി കോടതി വിധിയെ നിർവീര്യമാക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കഴിഞ്ഞ കേരള യാത്രയിൽ നാല് ഉദ്യോഗസ്ഥർ വന്നിടത്ത് ഇത്തവണ അത് 20 ആയി വർദ്ധിച്ചതെങ്ങനെ എന്ന് കോടതി ചോദിച്ചു.
ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ മഅദനി ജാമ്യ വ്യവസ്ഥപ്രകാരം ദീർഘകാലമായി കർണാടകയിലാണ് താമസിച്ച് വരുന്നത്. രോഗബാധിതനായ പിതാവിനെ കാണാൻ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മഅദനിയ്ക്ക് വീണ്ടും കേരള സന്ദർശനത്തിന് അവസരമൊരുങ്ങിയത്.82 ദിവസം നീണ്ട യാത്രയ്ക്കായി മാസം 20 ലക്ഷം എന്ന കണക്കിൽ 60 ലക്ഷത്തോളം രൂപയാണ് കർണാടക പൊലീസ് മഅദനിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടത്. മഅദനിയുടെ കേരള സന്ദർശനത്തിലുടനീളം അനുഗമിക്കുന്ന 20 പൊലീസ് ഉദ്യോഗസ്ഥരുടെ യാത്രാ, താമസ സൗകര്യങ്ങൾക്കടക്കമാണ് ഇത്രയും തുക എന്നായിരുന്നു വിശദീകരണം. എന്നാൽ ഇത്രയും ഭീമമായ തുക അടയ്ക്കാനാകില്ല എന്നും കർണാടക സർക്കാർ മഅദനിയുടെ ജാമ്യ ഇളവ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് കൊണ്ട് കുടുംബം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |