ന്യൂയോർക്ക് : പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ച് യു.എസ് ഓപ്പൺ മത്സരക്കളത്തിലേക്ക് വീണ്ടുമെത്തി മുൻ ചാമ്പ്യൻ വീനസ് വില്യംസ്. വൈൽഡ് കാർഡിലൂടെ 45-ാം വയസിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ വീനസ് ആദ്യ റൗണ്ടിൽ ചെക്ക് റിപ്പബ്ളിക്കിന്റെ കരോളിന മുച്ചോവയോട് തോറ്റ് പുറത്തായെങ്കിലും ലോകമെങ്ങുമുള്ള ടെന്നിസ് ആരാധകർക്ക് പ്രചോദനമായി. മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിൽ പൊരുതിയാണ് വീനസ് തോറ്റത്. സ്കോർ : 3-6,6-2,1-6. ആദ്യ സെറ്റ് നഷ്ടമായ വീനസ് തന്നേക്കാൾ 15 വയസിന് ഇളപ്പമുള്ള മുച്ചോവയെ രണ്ടാം സെറ്റിൽ 6-2ന് മറികടന്നിരുന്നു. എന്നാൽ അവസാന സെറ്റിൽ മുച്ചോവ തിരിച്ചടിച്ചു.
2000,2001 വർഷങ്ങളിലെ യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യനായിരുന്നു വീനസ്.
യു.എസ് ഓപ്പണിൽ കഴിഞ്ഞദിവസം നടന്ന മറ്റ് ആദ്യ റൗണ്ട് മത്സരങ്ങളിൽ കാർലോസ് അൽക്കാരസ്, ബാർബോറ ക്രേസിക്കോവ,ടിയാഫോ,കാസ്പർ റൂഡ്, ആൻഡ്രിയേവ തുടങ്ങിയവർ വിജയിച്ചു. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവും 2017ലെ യുഎസ് ഓപ്പൺ ഫൈനലിസ്റ്റുമായി അമേരിക്കൻ താരം മാഡിസൺ കെയ്സ് ആദ്യ റൗണ്ടിൽ മെക്സിക്കൻ താരം റെനാറ്റ സരാസുവയോട് തോറ്റ് പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |