ന്യൂഡൽഹി: തനിക്കെതിരെ പരാതി നൽകിയ വനിത താരങ്ങളെല്ലാം കോൺഗ്രസ് നേതാവായ ദീപേന്ദർ സിംഗ് ഹൂഡ രക്ഷാധികാരിയായ അഖാഡയിൽ പരിശീലിക്കുന്നവരാണെന്ന് റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ സിംഗ്. ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ രക്ഷിതാക്കളും ഫെഡറേഷനൊപ്പമാണ്. എന്നാൽ തനിക്കെതിരെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന വനിത താരങ്ങളെല്ലാം മഹാദേവ് റെസ്ലിംഗ് അക്കാഡമിയിൽ നിന്നുള്ളവരാണ്. ഈ അഖാഡയുടെ രക്ഷാധികാരി കോൺഗ്രസ് നേതാവ് ദീപേന്ദർ സിംഗ് ഹൂഡയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. പ്രതിഷേധിക്കുന്നവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് സംസാരിക്കുന്നത്. ഇവർ ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നവരാണെന്ന് ഓർക്കണം. ജന്തർ മന്തറിൽ സമരം ചെയ്യാതെ നീതി ലഭിക്കണമെങ്കിൽ പൊലീസിനെയും കോടതിയെയും സമീപിക്കുകയാണ് വേണ്ടത്. കോടതി വിധി എന്തായാലും അത് അനുസരിക്കും. സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സമരവേദിയിലെത്താതിരുന്നത് ഇതിലെ സത്യം അവർക്കറിയാമെന്നത് കൊണ്ടാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |