SignIn
Kerala Kaumudi Online
Friday, 27 September 2024 4.06 AM IST

ശബരി റെയിൽ മലയോര ജനതയ്ക്ക് നേട്ടമാകണം

Increase Font Size Decrease Font Size Print Page
sabari-train

സംസ്ഥാനങ്ങളുടെ വികസനത്തിന് കേന്ദ്ര സർക്കാർ കയ്യയച്ച് സഹായിക്കുന്ന ഘട്ടമാണിത്. രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ശതകോടികളുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ കേരളം സന്ദർശിച്ചത്. റെയിൽവെ വികസന കാര്യത്തിൽ കേന്ദ്രം കേരളത്തിന് വലിയ സഹായം നൽകി. വന്ദേഭാരത് എക്‌സ്‌പ്ര‌സ് ട്രെയിനിന്റെ മാസ് എൻട്രി തന്നെ ഇതിനുദാഹരണം. അതിനിടെയാണ്, ശബരി റെയിൽപ്പാത എന്ന കേരളത്തിന്റെ പഴയ സ്വപ്നം യാഥാർത്ഥ്യമാകാനുള്ളത്. 25 വർഷം മുമ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ശബരി റെയിൽപ്പാത. അങ്കമാലി മുതൽ എരുമേലി വരെ നീളുന്ന 111 കിലോമീറ്റർ പാതയ്ക്ക് ഇതിനകം 500 കോടിയിലേറെ ചെലവിട്ടു. പദ്ധതി എരുമേലിയിൽ നിന്ന് പത്തനാപുരം, പുനലൂർ വഴി തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നിർദ്ദേശം ഉയർന്നപ്പോഴാണ് ചെങ്ങന്നൂരിൽ നിന്ന് പമ്പ വരെ പുതിയ റെയിൽ പാത എന്ന നിർദ്ദേശം ചില കോണുകളിൽ നിന്നുയർന്നത്.

പമ്പാതീരം വഴി എലിവേറ്റഡ് പാത ആറൻമുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ, റാന്നി, വടശ്ശേരിക്കര, അത്തിക്കയം, കണമല, അട്ടത്തോട് വഴി പമ്പയിൽ അവസാനിക്കും. ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശി എം.കെ. വർഗീസ് കോർ എപ്പിസ്കോപ്പ മെട്രോമാൻ ഇ. ശ്രീധരൻ മുഖേന കേന്ദ്ര സർക്കാരിന് സമർപ്പിച്ച പദ്ധതിയോട് കേന്ദ്ര റെയിൽവെ മന്ത്രി അനുകൂലമായി പ്രതികരിച്ചതായാണ് പ്രചാരണം. വികസന പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിച്ചാൽ പ്രഥമ ദൃഷ്ട്യ ദോഷമല്ലെങ്കിൽ പരിശോധിക്കാമെന്ന ഉറപ്പ് ഏതു സർക്കാരും നൽകും. പദ്ധതി നിർദ്ദേശത്തിന്റെ ഗുണദോഷ വശങ്ങൾ പഠിച്ച ശേഷമായിരിക്കും തള്ളണോ കൊള്ളണോ എന്ന് സർക്കാർ തീരുമാനിക്കുക. ചെങ്ങന്നൂർ - പമ്പ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചപ്പോൾ ശബരി റെയിൽ പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണോ എന്ന സംശയം ന്യായമാണ്. ശബരിമല തീർത്ഥാടകർക്കു വേണ്ടി മാത്രമുള്ളതാണ് ശബരി റെയിൽപ്പാതയെന്നും ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് റെയിൽപ്പാത നിർമ്മിച്ചാൽ ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യ പ്രദമാകും എന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്നുത്.

  • മലയോര ജനതയ്ക്ക് ഏതാണ് നേട്ടം

ശബരി റെയിൽപ്പാതയും നിർദ്ദിഷ്ട പമ്പാ പാതയും തമ്മിൽ വലിയ അന്തരമുണ്ട്. ശബരി റെയിൽ പാത ദീർഘകാലത്തേക്കും ദിവസയാത്രക്കാരെയും ഉദ്ദേശിച്ചുള്ളതാണ്. അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മലയോര മേഖലയിലൂടെ റെയിൽപ്പാത എന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. മലയോര മേഖല കേരളത്തിന്റെ റെയിൽവെ ഭൂപടത്തിൽ ഇതുവരെ സ്ഥാനം പിടിച്ചിട്ടില്ല. കിഴക്കൻ പ്രദേശത്തുള്ള സാധാരണക്കാർക്ക് തിരുവനന്തപുരത്തേക്കോ എറണാകുളത്തേക്കോ പോകാനുള്ള മാർഗം ബസ് സർവീസുകൾ മാത്രമാണ്. പല ബസുകൾ കയറിയറങ്ങി വേണം ലക്ഷ്യ സ്ഥാനത്തെത്താൻ. സമയ നഷ്ടം വരുത്തുന്നത് കൂടാതെ ചെലവേറിയതുമാണ് ഇൗ യാത്രകൾ. മലയോര മേഖലയിലൂടെ പുതിയ റെയിൽപ്പാത വന്നാൽ ഇൗ രണ്ടു കാര്യങ്ങളിലും യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. ഇപ്പോഴത്തെ പാത എരുമേലി വരെയാണെങ്കിലും തിരുവനന്തപുരം വരെ നീട്ടണമെന്ന നിർദ്ദേശം പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിട്ടുമുണ്ട്.

പുതിയതായി ഉയർന്നു വന്ന ചെങ്ങന്നൂർ പമ്പാ പാതയിൽ നിന്ന് മലയോര ജനതയ്ക്ക് പ്രയോജനമൊന്നും ലഭിക്കില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ വഴി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന തീർത്ഥാടകർക്ക് മാത്രമായിരിക്കും ഇൗ എലിവേറ്റഡ് പാതയുടെ ഗുണം ലഭിക്കുക. കൂടാതെ, മണ്ഡല-മകര വിളക്ക് തീർത്ഥാടന കാലത്ത് മാത്രമായിരിക്കും റെയിൽവെയ്ക്ക് ഇൗ പാതയിൽ നിന്ന് വരുമാനം ലഭിക്കുക. മറ്റ് സമയങ്ങളിലെ വരുമാന നഷ്ടം പരിഗണിക്കുമ്പോൾ പമ്പ പദ്ധതി റെയിൽവെ അംഗീകരിക്കുമോ എന്ന് കണ്ടറിയണം. ലാഭകരമല്ലാത്ത പദ്ധതികൾക്ക് റെയിൽവെ മുന്നിട്ടിറങ്ങാറില്ല. ചെങ്ങന്നൂരിൽ നിന്ന് പമ്പാ നദിയുടെ തീരത്ത് കൂടി എലിവേറ്റഡ് പാത തൂണുകളിലാണ് നിർമ്മിക്കുന്നത്. നിരവധി കടവുകൾക്കു മുകളിലൂടെ പാത നിർമ്മിക്കേണ്ടി വരും. ആറൻമുളയിൽ റെയിൽവെ സ്റ്റേഷൻ നിർമ്മിക്കണമെന്നും പറയുന്നു. ആറൻമുളക്കാരെ സംബന്ധിച്ച് കടവുകൾ പ്രധാനപ്പെട്ടതാണ്. പരപ്പുഴക്കടവും സത്രക്കടവും വള്ളംകളിയുമായി ബന്ധപ്പെട്ടതാണ്. അമരപ്പൊക്കമുള്ള ആറൻമുള പള്ളിയോടങ്ങളുടെ വള്ളപ്പുരകളും കടവുകളിലുണ്ട്. റെയിൽ പാതയ്ക്കായി തൂണുകൾ നിർമ്മിക്കുന്നത് കടവുകൾക്ക് സമീപത്തു കൂടിയാണെങ്കിൽ ആറൻമുള വള്ളംകളിയെ ബാധിക്കുമെന്ന ആശങ്ക പദ്ധതി സമർപ്പിച്ചവർ പരിഗണിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. പമ്പയുടെ തീരത്ത് കൂടി കടന്നു പോകുന്ന പാത ശബരിമല പൂങ്കാവനത്തിൽ എത്തുമ്പോൾ പെരിയാർ ടൈഗർ റിസർവ് വനത്തിന്റെ പരിധിയിൽ വരും. റെയിൽവെ വികസനത്തിന് വനഭൂമി തടസ്സമല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പാത നിർമ്മാണത്തിന് വനഭൂമി ലഭിച്ചേക്കും. പമ്പയിൽ റെയിൽവെ സ്റ്റേഷൻ നിർമ്മിക്കേണ്ടി വരും. വന്യ മൃഗങ്ങളുടെ ആവാസ കേന്ദ്രത്തിൽ നിർമ്മിക്കുന്ന റെയിൽവെ സ്റ്റേഷന്റെയും പാതകളുടെ തൂണുകളുടെയും സംരക്ഷണം വെല്ലുവിളിയാകും.

  • എം.പി അറിഞ്ഞില്ല

പുതിയ ചെങ്ങന്നൂർ - പമ്പ റെയിൽ പദ്ധതിയെപ്പറ്റി പത്തനംതിട്ട എം.പി ആന്റോ ആന്റണിക്ക് അറിവില്ല. സ്ഥലം എം.പി പുതിയ പദ്ധതിയെപ്പറ്റി അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. നാടിന്റെ വികസനത്തിന് അനുയോജ്യമായ ഏതു പദ്ധതിയെയും സ്വാഗതം ചെയ്യുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ, നിലവിലുള്ളതിനെ അട്ടിമറിക്കുന്നതാകരുത് പുതിയ പദ്ധതിയെന്ന് അദ്ദേഹം പറയുന്നു. എരുമേലി പദ്ധതിയെ അട്ടിമറിക്കുന്നതാകരുത് പമ്പ പദ്ധതിയെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം. എരുമേലി പദ്ധതിക്കു വേണ്ടി അങ്കമാലി - കാലടി റൂട്ടിൽ ഏഴ് കിലോമീറ്റർ പാതയും പെരിയാറിന് കുറുകെ പാലവും നിർമ്മിച്ചു. സ്ഥലം ഏറ്റെടുപ്പിന്റെ പേരിൽ ചില പ്രദേശങ്ങളിലുണ്ടായ തർക്കമാണ് പദ്ധതി വൈകിപ്പിച്ചത്. ഭൂമിയേറ്റെടുക്കലിനുള്ള തുക കിഫ്ബി വഴി സംസ്ഥാന സർക്കാർ ചെലവാക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ്, കാലങ്ങളായി മുടങ്ങിക്കിടന്ന ശബരി പദ്ധതിക്ക് ജീവൻ വച്ചത്. അത് മുന്നോട്ടു പോകുമെന്ന് ഉറപ്പായപ്പോൾ പുതിയ പമ്പ പദ്ധതിയെപ്പറ്റി പ്രചാരണമുണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SABARI RAIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.