
നേതാവിനോട്
..................................
ഷിബു ബേബിജോൺ
ആർ.എസ്.പി സംസ്ഥാന സെക്രട്ടറി
തയ്യാറാക്കിയത്
ബി. ഉണ്ണിക്കണ്ണൻ
ആറ്റിങ്ങലും മട്ടന്നൂരും വച്ചുമാറാൻ ആലോചന
ചവറയിൽത്തന്നെ ഇക്കുറിയും മത്സരിക്കും
ഇത്തവണ യു.ഡി.എഫ് വരുമെന്ന് ഉറപ്പ്
സാമ്പത്തിക തട്ടിപ്പിൽ മന:പൂർവം പ്രതിയാക്കി
ഇടതുപക്ഷത്തിന് തുടർഭരണം നല്കിയത് അബദ്ധമായെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും, യു.ഡി.എഫിന് അനുകൂലമാണ് നിലവിലെ സ്ഥിതിയെന്നും ഷിബു ബേബിജോൺ. സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരവും അജണ്ടയുമാണെന്നും തുറന്നടിക്കുന്നു, ആർ.എസ്. പി സംസ്ഥാന സെക്രട്ടറി.
? യു.ഡി.എഫ് ഭരണത്തിൽ വന്നാൽ ജമാ അത്തെ ഇസ്ലാമിയായിരിക്കും ഭരിക്കുക എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞല്ലോ.
മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. സി.പി.എമ്മിനും ബി.ജെ.പിക്കും ഇപ്പോൾ ഒരേ സ്വരമാണ്. നേരത്തെ ബി.ജെ.പി പോലും പറയാൻ മടിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോൾ സി.പി.എം പറയുന്നത്. രണ്ടു കൂട്ടർക്കും ഒരേ അജണ്ടയാണ് വർഗീയത പറയാതിരിക്കുകയായിരുന്നു നേരത്തെ രാഷ്ട്രീയത്തിലെ മാന്യത. ഇപ്പോൾ ചില രാഷ്ട്രീയ നേതാക്കൾ വർഗീയത തുറന്നുപറയുകയാണ്. കേരളത്തിന്റെ മതേതര മനസിനെ അപകടത്തിലാക്കുന്ന ലക്ഷ്യങ്ങളാണ് സി.പി.എമ്മിനും ബി.ജെ.പിക്കുമുള്ളത്.
? ആർ.എസ്.പി കൂടുതൽ സീറ്റ് ആവശ്യപ്പെടുമോ.
നിലവിൽ ആർ.എസ്.പി അഞ്ചു സീറ്റിലാണ് മത്സരിക്കുന്നത്. അതിൽ മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾ വച്ചുമാറുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയാണ്. പകരം ഏതു സീറ്റെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഒരു എം.എൽ.എ പോലും ഇല്ലാത്ത പാർട്ടിയെന്ന ദുരവസ്ഥ ഇത്തവണ മാറും. മത്സരിക്കുന്ന സീറ്റുകളിലെല്ലാം ആർ.എസ്.പി സ്ഥാനാർത്ഥികൾ വിജയിക്കും.
? താങ്കൾ മത്സരിക്കുമോ; എവിടെയായിരിക്കും.
എനിക്കേറെ ഹൃദയബന്ധമുള്ള സ്ഥലമാണ് ചവറ. ഞാൻ എവിടെ മത്സരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നത്. മത്സരിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ചവറയിൽ അവസരം നൽകണമെന്ന് പാർട്ടിയോട് പറഞ്ഞിട്ടുണ്ട്. ചവറയിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ട്. പാർട്ടിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ച ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങൾ പാർട്ടി പൂർത്തിയാക്കിയിട്ടുണ്ട്.
? എൻ.കെ. പ്രേമചന്ദ്രൻ എം.പി നിയമസഭയിലേക്ക് മത്സരിക്കുമോ.
പ്രേമചന്ദ്രൻ പാർലമെന്റ് അംഗമെന്ന നിലയിൽ ഭംഗിയായി പ്രവർത്തിക്കുകയാണ്. അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കാൻ സാദ്ധ്യതയില്ല. അത്തരം ചർച്ചകൾ നടന്നിട്ടില്ല.
? ആർ.എസ്.പിയെ നേരത്തെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിരുന്നല്ലോ.
അത്തരം ചർച്ചകൾക്കൊന്നും പ്രസക്തിയില്ല. ആർ.എസ്.പി യു.ഡി.എഫിൽത്തന്നെ ഉറച്ചുനിൽക്കും. ഉപതിരഞ്ഞടുപ്പ് ഫലങ്ങളും തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും യു.ഡി.എഫിന് അനുകൂലമായിരുന്നു. എൽ.ഡി.എഫിന് തുടർഭരണം നൽകിയത് അബദ്ധമായെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണ്.
? കോവൂർ കുഞ്ഞുമോൻ അടക്കം പാർട്ടി വിട്ടവർ വന്നാൽ സ്വീകരിക്കുമോ.
ചുരുക്കം വ്യക്തികൾ മാത്രമാണ് പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോയിട്ടുളളത്.. വലിയ നേതാക്കളാരും പോയിട്ടില്ല. പോയതിനെക്കാൾ ഏറെ പ്രവർത്തകർ പാർട്ടിയിലേക്ക് വന്നിട്ടുണ്ട്. പാർട്ടി വിട്ടവർ തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ, അതത് പ്രാദേശിക ഘടകങ്ങളാണ് അക്കാര്യത്തിൽ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ തുറന്ന മനസാണ്.
? താങ്കൾക്കെതിരെ ഒരു സാമ്പത്തിക തട്ടിപ്പ് ഉയർന്നിരുന്നല്ലോ.
ഞാൻ 15 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. രണ്ടുപേർ തമ്മിലുള്ള സിവിൽ തർക്കത്തിലേക്ക് എന്നെ വലിച്ചിഴയ്ക്കുകയായിരുന്നു. അതിൽ പൊലീസ് എന്തിന് കേസെടുത്തുന്നുവെന്ന് നിയമവിദഗ്ദ്ധർക്കു പോലും ഉത്തരമില്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബോധപൂർവം പ്രതിയാക്കിയതാണെന്ന് എല്ലാവർക്കും ബോദ്ധ്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |