തിരുവനന്തപുരം:നാലര വയസിൽ പോളിയോ മൂലം ഇരു കാലുകളും തളർന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആർ.പുഷ്‌പകുമാറിന്റെ ജീവിതം
എന്നും പരിമിതികളോടുള്ള പടവെട്ടായിരുന്നു. ഈ മാസം 31ന് 56ാം വയസിൽ സർക്കാർ സർവീസിൽ നിന്ന് റിട്ടയർ ചെയ്യുമ്പോൾ ജീവിതം വിരസമാവാതിരിക്കാൻ വീടിന്റെ ടെറസിൽ ഒരു കുഞ്ഞ് പഴവർഗത്തോട്ടം തന്നെ തന്നെ വച്ചുപിടിപ്പിച്ചിട്ടുണ്ട്. 800 ചതുരശ്രയടിയിൽ 40 വീപ്പകളിലായി മാവും പേരയും സപ്പോട്ടയും നാരങ്ങയും വിളഞ്ഞു നിൽക്കുന്നു.
പട്ടം കെ.എസ്.ഇ.ബി ആസ്ഥാനത്തെ സീനിയർ സൂപ്രണ്ടാണ് പുഷ്പകുമാർ. വിരമിക്കുമ്പോൾ സമയം ചെലവാക്കാനുള്ള ഒരു വഴിയായി ഒന്നര വർഷം മുമ്പ് ടെറസിൽ കൃഷി ആരംഭിച്ചത്. ഗ്രോ ബാഗുകളെക്കാൾ ഭംഗിയുള്ള കണ്ടെയ്‌നറുകളിലാണ് മാവും മറ്റും നട്ടത്. വായിച്ചും യൂട്യൂബിലൂടെയും കൃഷിരീതികൾ പഠിച്ചു. മണ്ണ് ഒരുക്കിയതും വീപ്പകൾ മുകളിലെത്തിച്ചതും വീട്ടുകാരുടെ സഹായത്തോടെ. അൽഫോൺസ, ചക്കരക്കൊമ്പി, കോട്ടൂർക്കോണം, മല്ലിക തുടങ്ങി 12ഇനം മാവിൻ തൈകൾ . പരിപാലനം പുഷ്പകുമാർ തന്നെ. ടെറസിൽ ഒരു വീൽചെയർ വച്ചിട്ടുണ്ട്. അതിൽ ഇരുന്നാണ് ഹോസ് കൊണ്ട് വെള്ളം ഒഴിയ്ക്കുന്നതും വളമിടുന്നതും. വളർച്ച നിയന്ത്രിക്കാൻ കമ്പുകൾ മുറിച്ച് കൊടുക്കും. കഴിഞ്ഞ മാസം രണ്ടാം വിളവെടുപ്പായിരുന്നു. 15കിലോ മാങ്ങയും ഒരു മരത്തിൽ നിന്ന് 50ലേറെ നാരങ്ങയും ലഭിച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി. കേന്ദ്രസർക്കാർ ആത്മ പദ്ധതിയിലൂടെ പുഷ്പകുമാറിനെ അംഗീകരിച്ച് ധനസഹായവും നൽകി.
'ഓരോ പടിയിലും ഇരിക്കും. കൈ കൊണ്ട് മുകളിലത്തെ പടിയിൽ ബലം നൽകി അടുത്ത പടിയിലേക്ക് കയറും. കുറച്ച് ബുദ്ധിമുട്ടിയാലെന്താ, മട്ടുപ്പാവിൽ എന്റെ സ്വർഗമല്ലേ...എന്നാണ് പുഷ്പകുമാർ പറയുന്നത്. മഴക്കാലത്ത് പടികൾ കയറാൻ ബുദ്ധിമുട്ടാണ്. അപ്പോൾ ഭാര്യ ജ്യോതിയും ഇളയ മകനും ചിന്മയ വിദ്യാലയത്തിലെ പത്താംക്ലാസുകാരനുമായ ഭരതും സഹായിക്കും. മൂത്ത മകൻ അനന്ദു ലണ്ടനിൽ ഉപരിപഠനം നടത്തുന്നു.
ഏകാന്തതയ്ക്ക് കൂട്ടായി
പോളിയോ കാലുകൾ തളർത്തിയതിനാൽ പുഷ്പകുമാർ സ്കൂളിൽ പോയിട്ടില്ല. വീട്ടിലിരുന്ന് പഠിച്ചാണ് പത്താം ക്ലാസും കറസ്പോണ്ടൻസ് കോഴ്സായി പ്രീഡിഗ്രിയും പാസായത്. ജനിച്ചു വളർന്ന ആലപ്പുഴ ചേർത്തലയിലെ വീട്ടിൽ വലിയ പറമ്പ് ഉണ്ടായിരുന്നു. അന്ന് ഏകാന്തതയിൽ നിന്ന് രക്ഷതേടി പറമ്പിലേക്കിറങ്ങുമായിരുന്നു. മണ്ണും മാവും മനസിൽ കയറിയത് അന്നാണ്. സർക്കാർ ഉദ്യോഗസ്ഥനായപ്പോഴും കർഷകനാകണമെന്ന മോഹം സൂക്ഷിച്ചു.
വില്‌പനയും സാമ്പത്തിക ലാഭവും ലക്ഷ്യമല്ല. പ്രഷർ കുറയ്ക്കാനും പ്ലഷർ കൂട്ടാനുമാണ് കൃഷി.
ആർ.പുഷ്പകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |