ശല്യക്കാരായ കാട്ടാനകളെ പിടികൂടി കൂട്ടിലാക്കുന്നതും വേറെ കാട്ടിലാക്കുന്നതും ആദ്യമല്ല. എന്നാൽ അതിനേക്കാൾ ദുഷ്കരവും സമാനതകളില്ലാത്തതുമായിരുന്നു 'മിഷൻ അരിക്കൊമ്പൻ". അരിക്കൊമ്പന്റെ സ്വഭാവ സവിശേഷതകളും ചിന്നക്കനാൽ മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ് ദൗത്യത്തെ മുൻ മാതൃകകളില്ലാത്തവിധം ക്ളേശകരമാക്കിയത്. ആ ക്ളേശമെന്തെന്നറിയാൻ ആദ്യം ഈ കൊമ്പന്റെ പ്രത്യേകതയറിയണം. അഞ്ച് മയക്കുവെടിയേറ്റിട്ടും നാല് കരുത്തരായ കുങ്കിയാനകൾക്കെതിരെയും ശക്തമായി പ്രതിരോധിച്ചു നിൽക്കണമെങ്കിൽ അത് അരിക്കൊമ്പന് മാത്രമേ കഴിയൂ. ആദ്യമായാകും ഒരു കാട്ടാനയ്ക്ക് കേരളത്തിൽ ഇത്രയധികം ആരാധകരുണ്ടാകുന്നത്.
ആരാണ് അരിക്കൊമ്പൻ?
പതിറ്റാണ്ടുകളായി ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണക്കാരിയായ കാട്ടാനകളിലൊന്നാണ് അരിക്കൊമ്പൻ. 30നും നാല്പതിനും ഇടയിൽ പ്രായമുണ്ട് അവന്. കൊമ്പുകൾക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. വിരിഞ്ഞ മസ്തകമുള്ള അരിക്കൊമ്പന്റെ മുന്നിൽപ്പെട്ടാൽ ഏത് ആനയും ഒന്നു ചൂളും. റേഷൻകടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകർത്ത് അരി അകത്താക്കുന്നതാണ് ശീലം. അങ്ങനെ വീണ പേരാണ് അരിക്കൊമ്പൻ! ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി മേഖലയിൽ അരിക്കൊമ്പന്റെ ശല്യമുണ്ട്. ചിന്നക്കനാലിലെ ജനവാസമേഖലയായ 301 കോളനിയിലും പരിസരപ്രദേശങ്ങളിലുമാണ് അരിക്കൊമ്പന്റെ പരാക്രമങ്ങളിലേറെയും. ഒരു വർഷത്തിനിടെ ഒമ്പത് തവണയാണ് പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട തകർത്ത് അരിച്ചാക്കുകൾ പൊട്ടിച്ച് അരി തിന്നുതീർത്തത്. അറുപതിൽപരം വീടുകളും നിരവധി കടകളുമാണ് അരിക്കൊമ്പന്റെ ആക്രമണത്തിൽ തകർന്നിട്ടുള്ളത്. ഏഴ് പേരെ അരിക്കൊമ്പൻ കൊന്നിട്ടുണ്ടെന്നാണ് വനംവകുപ്പ് കോടതിയിൽ നൽകിയ വിവരം. എന്നാൽ പന്ത്രണ്ടിലധികം ആളുകളെ കൊന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
മയക്കുവെടികൾ
ഏൽക്കാത്തവൻ
മുമ്പ് അഞ്ച് മയക്കുവെടികളെ അതിജീവിച്ച ആനയായിരുന്നു അരിക്കൊമ്പൻ. 2017 ജൂലായിലാണ് ഇതിന് മുമ്പ് അരിക്കൊമ്പനെ പിടികൂടാൻ ശ്രമം നടത്തിയത്. എന്നാൽ, രണ്ട് ദിവസങ്ങളിലായി മയക്കുവെടിവെച്ചിട്ടും അരിക്കൊമ്പനെ പിടികൂടാനായില്ല. ജൂലായ് 25ന് രാവിലെ ആറിനാണ് വനംവകുപ്പ് ദൗത്യം തുടങ്ങിയത്. പൊള്ളാച്ചി ആനക്ക്യാമ്പിൽ നിന്ന് എത്തിച്ച കലിം, വെങ്കിടേഷ് എന്നീ കുങ്കിയാനകളാണ് അന്ന് ദൗത്യത്തിന് സഹായിച്ചത്. കോഴിപ്പനക്കുടി, എൺപതേക്കർകുടി മേഖലയിൽ കണ്ടെത്തിയ കൊമ്പനെ ഓടിച്ച് അനുയോജ്യമായ സ്ഥലത്തേക്കെത്തിക്കാൻ മൂന്നുതവണ ശ്രമിച്ചു. മൂന്നുതവണയും കൊമ്പൻ ദേശീയപാത മറികടന്ന് ഉദ്ദേശിച്ച സ്ഥലത്തെത്തിയെങ്കിലും വീണ്ടും തിരിച്ച് ശങ്കരപാണ്ഡ്യമെട്ടിലെത്തി. ഒടുവിൽ വൈകിട്ട് നാലോടെ ഹാലേലൂയാ എസ്റ്റേറ്റിൽ ആനയെ കിട്ടിയപ്പോൾ ആദ്യ മയക്കുവെടിവെച്ചു. കുറച്ചുനേരം മയങ്ങിനിന്ന ആന വീണ്ടും ഓടി. അഞ്ചുമണിയോടെ രണ്ടാമത്തെ മയക്കുവെടിയും വെച്ചു. ഇതോടെ പാണനാൽ എസ്റ്റേറ്റിലെ വൻമരത്തിൽ ആന മയങ്ങി ചാരിനിന്നു. പക്ഷേ, സന്ധ്യയായതോടെ ദൗത്യം അന്നത്തേക്ക് അവസാനിപ്പിച്ചു. രാത്രി വാച്ചർമാരുടെ കണ്ണുവെട്ടിച്ച് ആന 10 കിലോമീറ്റർ അകലെയുള്ള പെരിയകനാൽ താഴ്‌വരയിലെത്തി. ഇവിടെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്നുതവണകൂടി ആനയെ മയക്കുവെടിവെച്ചു. പകുതിമയങ്ങിയ ആനയുടെ കാലിൽ ആന ക്യാമ്പിൽ നിന്നെത്തിയ പാപ്പാൻ വടംകൊണ്ട് ബന്ധിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആന പാപ്പാനെ ചവിട്ടാനും ശ്രമിച്ചു. ഇതിനിടെ ദൗത്യത്തിനെത്തിച്ച കുങ്കികൾ തമ്മിലിടഞ്ഞു. ആനയെ വാഹനത്തിൽ കയറ്റാൻ സാധിക്കാതെ വന്നതോടെ ദൗത്യം അന്ന് വനംവകുപ്പ് ഉപേക്ഷിക്കുകയായിരുന്നു.
മലയും പുഴയും
നിറഞ്ഞ ചിന്നക്കനാൽ
ചിന്നക്കനാലിലെ ഭൂപ്രകൃതി കുന്നുകളും മലകളും ആനയിറങ്കൽ ജലാശയവും കൂടി ചേർന്നതാണ്. ഒരു വശത്ത് വലിയ മരങ്ങളുള്ള ചോലക്കാട്, ഗ്രാന്റീസ് തോട്ടം. നടുവിൽ ആനയിറങ്കൽ ജലാശയം. മയക്കുവെടിവെച്ചാൽ ആന ഓടും. മലമുകളിൽ കയറുകയോ ജലാശയത്തിൽ ഇറങ്ങുകയോ ചെയ്യും. മലമുകളിൽ കയറിയാൽ പിന്നെ ആനയെ കയറ്റാനുള്ള വാഹനം എത്തിക്കാൻ കഴിയില്ല. മയക്കുവെടിയേറ്റ ആന ജലാശയത്തിൽ ഇറങ്ങിയാൽ അതിന്റെ ജീവൻ അപകടത്തിലാകും. അതിനാൽ, അരിക്കൊമ്പനെ ദൗത്യത്തിന് പറ്റിയ ചില പ്രദേശങ്ങളിൽ എത്തിച്ചുമാത്രമേ മയക്കുവെടിവെയ്ക്കാൻ പറ്റുമായിരുന്നുള്ളൂ.
ജി.പി.എസ്. റേഡിയോ കോളർ കിട്ടാൻ വൈകിയതും ദൗത്യം നീളാൻ കാരണമായി.
ആദ്യദിനം കൊമ്പൻ മുങ്ങി
ദൗത്യം നിശ്ചയിച്ചിരുന്ന ഏപ്രിൽ 28ന് 13 മണിക്കൂർ നൂറ്റമ്പതോളം വരുന്ന ദൗത്യസംഘം തിരച്ചിൽ നടത്തിയിട്ടും അരിക്കൊമ്പന്റെ പൊടിപോലും കണ്ടെത്താനാകായില്ല. പുലർച്ചെ 4.30 മുതൽ ആനയെ കണ്ടെത്താൻ തിരയാൻ ആരംഭിച്ചതാണ്. രണ്ട് പിടിയാനകൾക്കൊപ്പം ഒരു കൊമ്പനെ സിമന്റുപാലത്തിനടുത്തുള്ള മലയിൽ കണ്ടെത്തി. ഇത് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ച് പടക്കവും മറ്റും പൊട്ടിച്ച് ദൗത്യസ്ഥലത്തേക്ക് എത്തിക്കാൻ ഏറെ സമയം ശ്രമിച്ചു. ഇത് ചക്കക്കൊമ്പനാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ദൗത്യസംഘമൊന്നാകെ കാടും മലയും കയറി വൈകിട്ട് 4.30 വരെ തിരച്ചിൽ നടത്തിയിട്ടും വിഫലമായി. എന്നും വൈകിട്ട് 3.30ന് വെള്ളം കുടിക്കാനെത്താറുള്ള ആനയിറങ്കൽ ഡാമിലടക്കം അരിക്കൊമ്പനെത്താറുള്ള സ്ഥലങ്ങളിലെല്ലാം അരിച്ചുപെറുക്കിയിട്ടും ആനയെ കണ്ടെത്താനാകാത്തത് ദൗത്യസംഘത്തെ പോലും അദ്ഭുതപ്പെടുത്തി. ദൗത്യം അവസാനിപ്പിച്ച് ഒരു മണിക്കൂറിനുശേഷം അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട്ടിൽ നാട്ടുകാർ കണ്ടെത്തി.
ദൗത്യം രണ്ടാം ദിനത്തിലേക്ക്
രാവിലെ 7.30നു സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയ്ക്കുള്ള 92 കോളനിയിൽ അരിക്കൊമ്പനെയും ചക്കക്കൊമ്പനെയും നാട്ടുകാർ കണ്ടെത്തി. പടക്കമെറിഞ്ഞു ചക്കക്കൊമ്പനെ ദൂരേക്കു മാറ്റിയ ദൗത്യസംഘത്തിനു പ്രതീക്ഷയേകി അരിക്കൊമ്പൻ രാവിലെ 10 മണിയോടെ യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിൽ നിലയുറപ്പിച്ചു. 11 മണിയോടെ സിമന്റ് പാലത്തിൽ അരിക്കൊമ്പനെത്തിയതോടെ മയക്കുവെടിവയ്ക്കാൻ തീരുമാനം. 11.57ന് ആദ്യ മയക്കുവെടി വച്ചതോടെ ആന അൽപദൂരം ഓടി മരങ്ങൾക്കിടയിൽ വിശ്രമിച്ചു. പിന്നീടു കൃത്യമായി ഇടവേളകളിൽ 4 ബൂസ്റ്റർ ഡോസുകൾ കൂടി അരിക്കൊമ്പനു നൽകി. പിന്നീടു കുങ്കികളെയിറക്കി അരിക്കൊമ്പനു ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു. ഉച്ചയ്ക്കുശേഷം ഏറെക്കുറെ മയക്കത്തിലായ അരിക്കൊമ്പന്റെ കാലുകളിൽ കുരുക്കിടാൻ ദൗത്യസംഘം ശ്രമമാരംഭിച്ചു. കാലിൽ കുരുങ്ങിയ വടം കുടഞ്ഞെറിഞ്ഞു അർദ്ധ ബോധാവസ്ഥയിലും അരിക്കൊമ്പൻ ശക്തമായി പ്രതിരോധിച്ചു. 2.50 ഓടെ പിൻകാലുകളിൽ കയർ കുരുക്കി ആനയെ പൂർണനിയന്ത്രണത്തിലാക്കി. മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു വഴി വെട്ടിയശേഷം ലോറി അരിക്കൊമ്പനു സമീപത്തെത്തിച്ചു. പിന്നാലെയെത്തിയ മഴ ആശങ്കപ്പെടുത്തിയെങ്കിലും നാലു കുങ്കികളുടെയും സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും അരിക്കൊമ്പൻ ശക്തമായ പ്രതിരോധം തീർത്തു ലോറിക്കു പിറകിൽ നിന്നു വശങ്ങളിലേക്കു തിരിഞ്ഞു. വീണ്ടും മഴയും കാറ്റും ശക്തമായതോടെ ആനയ്ക്ക് അഞ്ചാമത്തെ ബൂസ്റ്റർ ഡോസ് കൂടി നൽകി. ഇതിനു ശേഷമാണു 5 മണിയോടെ അരിക്കൊമ്പനെ ലോറിയിലെ കൂട്ടിൽ തളയ്ക്കാനായത്. തൊട്ടുപിന്നാലെ ലോറി റോഡിലേക്കു മാറ്റി അരിക്കൊമ്പനു ജി.പി.എസ് കോളർ ഘടിപ്പിച്ചു. ലോറിയിൽ കയറ്റുന്നതിനിടെ ദൗത്യസംഘംഗങ്ങൾക്കെതിരെയും കുങ്കിയാനകൾക്കെതിരെയും അരിക്കൊമ്പൻ തിരിഞ്ഞതും അവസാന നിമിഷത്തിലുണ്ടായ കനത്ത കാറ്റും മഴയും മൂടൽ മഞ്ഞും ദൗത്യസംഘത്തെ മുൾമുനയിൽ നിറുത്തി. ആറുമണിയോടുകൂടി ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ അരിക്കൊമ്പൻ പെരിയാറിലേക്കു പുറപ്പെട്ടു. പിറ്റേന്ന് പുലർച്ചെ നാലരയോടെയാണ് ആനയെ പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിയിൽ വിടാനായത്. ദേഹത്ത് ഘടിപ്പിച്ച സാറ്റ്‌ലൈറ്റ് റേഡിയോ കോളറിലൂടെ അരിക്കൊമ്പന്റെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുകയാണ്. ഏകദേശം 80 ലക്ഷം രൂപയാണ് വനംവകുപ്പ് ഈ ദൗത്യത്തിനായി ചെലവഴിച്ചത്.
സമാനതകളില്ലാത്ത ദൗത്യം
രണ്ട് മാസത്തിലേറെയായി മലയാളിയുടെ ചർച്ചയിൽ നിറഞ്ഞ് നിന്നത് അരിക്കൊമ്പനായിരുന്നു. ആദ്യമായി ഒരു കാട്ടാനയ്ക്ക് ഇത്രയും ആരാധകരുണ്ടായതും കേരളത്തിലാകും. എന്തായാലും വർഷങ്ങളായുള്ള ചിന്നക്കനാൽ, ശാന്തമ്പാറ നിവാസികളുടെ ദുരിതത്തിന് അൽപ്പമെങ്കിലും ആശ്വാസമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |