ചേർത്തല: പ്രമുഖ കാഥികനും പ്രഭാഷകനും സിനിമാനിർമ്മാതാവുമായിരുന്ന ചേർത്തല ഭവാനി മന്ദിരത്തിൽ (പിറവം മുളക്കുളം അമ്പലപ്പടി ചാലപ്പുറത്ത്) ചേർത്തല ബാലചന്ദ്രൻ (76) നിര്യാതനായി. ഹരികഥാകാലക്ഷേപ പ്രവീണയായിരുന്ന ചേർത്തല ഭവാനിയമ്മയുടെ മകനാണ്. ചെറുപ്പത്തിലെ ഹരികഥ പറഞ്ഞ് അരങ്ങിലെത്തി. പിന്നീടാണ് കഥാപ്രസംഗത്തിലേക്ക് കടന്നത്. എം.ടിയുടെ രണ്ടാമൂഴത്തിന്റെ കഥ അവതരിപ്പിച്ച് പ്രശസ്തി നേടി. ഒരാഴ്ച നീണ്ടുനിൽക്കുന്ന കഥാപ്രസംഗം ചേർത്തല ബാലചന്ദ്രന്റെ പ്രത്യേകതയായിരുന്നു. വൈക്കത്തഷ്ടമി നാളിൽ പതിവായി ബാലചന്ദ്രന്റെ കഥയുണ്ടാകുമായിരുന്നു. ഇതിഹാസ കഥകൾ കഥാപ്രസംഗമാക്കി വേദിയിൽ അവതരിപ്പിച്ച ബാലന്ദ്രൻ മറ്റ് കാഥികരിൽ നിന്ന് വ്യത്യസ്തനായിരുന്നു. വി. സാബശിവൻ സ്ഥാപക പ്രസിഡന്റായിരുന്ന പുരോഗമന കഥാപ്രസംഗ കലാ സംഘടനയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച ഹരിപ്പാട് സുദർശനൻ രൂപം നൽകിയ കഥാപ്രസംഗ അക്കാഡമിയുടെ അദ്ധ്യക്ഷ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. കഥാപ്രസംഗത്തിനുള്ള നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സംസ്കാരം ഇന്ന് രാത്രി 8ന് പിറവം മുളക്കുളത്തെ വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി ബാലചന്ദ്രൻ. മക്കൾ: ഭരത്ചന്ദ്രൻ(മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ,എറണാകുളം),ഭഗവത് ചന്ദ്രൻ(ഓസ്‌ട്രേലിയ),ലക്ഷ്മി ബാലചന്ദ്രൻ(പ്രഥമാദ്ധ്യാപിക തൃശൂർ). മരുമക്കൾ:ആശ,വിധു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |