തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഉറ്റബന്ധുവിലേക്കും ആരോപണം നീണ്ടതിനു പിന്നാലെ, ക്യാമറാപദ്ധതിയിലെ അഴിമതി അന്വേഷിക്കേണ്ടെന്ന് വിജിലൻസ് തീരുമാനിച്ചു.
പദ്ധതിയുടെ ടെൻഡറിലും ഉപകരാറുകളിലും കൺസൾട്ടൻസിയിലുമടക്കം ആരോപിക്കപ്പെട്ട അഴിമതി അന്വേഷിക്കുമെന്നാണ് വിജിലൻസ് നേരത്തേ പറഞ്ഞിരുന്നത്.
മോട്ടോർ വാഹനവകുപ്പ്, കെൽട്രോൺ എന്നിവിടങ്ങളിലെ ഇടപാടുകളേ അന്വേഷിക്കൂ. ടെൻഡർ രേഖകളിൽ ക്രമക്കേടുണ്ടോ, അനർഹർക്ക് കരാറുകൾ നൽകിയിട്ടുണ്ടോ എന്നിവയാവും അന്വേഷിക്കുക. ഉപകരാർ ലഭിച്ച സ്വകാര്യകമ്പനികളിലേക്ക് അന്വേഷണമുണ്ടാവില്ല. ടെൻഡറിൽ സ്വകാര്യ കമ്പനികൾക്ക് എത്ര വലിയ നിരക്കും നൽകാമെന്നും സ്വകാര്യ കരാറുകൾ പരിശോധിക്കാൻ അധികാരമില്ലെന്നുമാണ് വിജിലൻസ് നിലപാട്.
കെൽട്രോൺ വിളിച്ച ഓപ്പൺടെൻഡറിൽ കുറഞ്ഞതുക ക്വോട്ട് ചെയ്തവരെ ഒഴിവാക്കുകയോ, അർഹതയില്ലാത്തവർക്ക് കരാർ നൽകുകയോ ചെയ്തെന്ന് കണ്ടെത്തിയാൽ കേസെടുക്കുമെന്നാണ് വിജിലൻസ് പറയുന്നത്. കെൽട്രോൺ ഉപകരാർ നൽകിയ ബംഗളുരുവിലെ എസ്.ആർ.ഐ.ടിയാണ് കുറഞ്ഞ തുക (151.22കോടി) ക്വോട്ട് ചെയ്തത്. എസ്.ആർ.ഐ.ടി, 83.63കോടിക്ക് ക്യാമറകളും സോഫ്‌റ്റ്‌വെയറും ഉപകരണങ്ങളും അഞ്ചു വർഷത്തെ അറ്റകുറ്റപ്പണിയുമടക്കം തിരുവനന്തപുരത്തെ ലൈറ്റ്മാസ്റ്ററിന് പുറംകരാർ നൽകി. ഇതേക്കുറിച്ച് അന്വേഷിക്കില്ല. അൽഹിന്ദ്, പ്രസാഡിയോ, ട്രോയ്സ്, മീഡിട്രോണിക്സ്, ഇസെൻഡ്രടിക് കമ്പനികളുടെ പങ്കും അന്വേഷിക്കില്ല. ഗുണമേന്മ ഉറപ്പുവരുത്തുന്നതിൽ കെൽട്രോൺ വീഴ്ചവരുത്തിയോ എന്ന് പരിശോധിക്കാം. പദ്ധതിയിൽ സർക്കാർ ഇതുവരെ പണം മുടക്കിയിട്ടില്ല. പണമിടപാട് നടക്കാത്തതിനാൽ കോഴയിടപാടിനും വകുപ്പില്ല. ഓപ്പൺടെൻഡറുകളിലൂടെ കരാർ നേടുന്ന കമ്പനികൾ എത്രത്തോളം ലാഭമുണ്ടാക്കുന്നു എന്നത് അഴിമതിയുടെ പരിധിയിൽ വരില്ല- വിജിലൻസ് വിശദീകരിച്ചു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന രാജീവ് പുത്തലത്ത്, അക്കൗണ്ടന്റ് രാജേഷ് എന്നിവർക്കെതിരായ പരാതിയിലാണ് അന്വേഷണം.
മൊഴിയെടുപ്പിൽ
അന്വേഷണം തീരും
കെൽട്രോൺ, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത് വിജിലൻസ് അന്വേഷണം അവസാനിപ്പിക്കാനാണിട. കുറഞ്ഞതുക ക്വോട്ട് ചെയ്ത കമ്പനിക്കാണ് കെൽട്രോൺ കരാർ നൽകിയതെന്നതിനാൽ അന്വേഷണത്തിന് പഴുതില്ലെന്ന് രേഖപ്പെടുത്തി അവസാനിപ്പിക്കും.
ക്യാമറാദൃശ്യങ്ങൾ പരിശോധിച്ച് ഗുണനിലവാരമുറപ്പാക്കേണ്ടത് കെൽട്രോണാണ്. അതിനായി സാങ്കേതികസമിതിയെ നിയോഗിച്ചിരുന്നു. കൺട്രോൾ റൂമിലെത്തുന്ന ദൃശ്യങ്ങളിൽ പിഴവുകളില്ലെന്ന് സമിതി ഉറപ്പാക്കിയിട്ടുണ്ട്.
അന്വേഷണ ചോദ്യങ്ങൾ
1)ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടായോ
2)എസ്റ്റിമേറ്റ് തുക കണക്കാക്കിയതിൽ പിഴവോ
3)അയോഗ്യരായ കരാറുകാരെ തിരഞ്ഞെടുത്തോ
4)കുറഞ്ഞ നിരക്കിലാണോ കരാർ നൽകിയത്
5)ഉയർന്ന നിരക്കാണെങ്കിൽ ടെൻഡർ റദ്ദാക്കാത്തതെന്ത്
6)ആവശ്യമില്ലാത്ത ഉപകരണങ്ങൾ ടെൻഡറിലുണ്ടോ
7)ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തിക്കുന്നോ
പരാതിയിലെ ആരോപണം
ഗുണമേന്മ കുറഞ്ഞ ക്യാമറകൾ വൻവിലയ്ക്ക് വാങ്ങി
ക്യാമറകൾക്കുള്ള ടെൻഡറിലടക്കം തിരിമറി നടത്തി
കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും വൻവിലയ്ക്ക് വാങ്ങി
വൈദ്യുത വാഹനങ്ങൾ വാടകയ്ക്കെടുത്തത് വൻതുകയ്ക്ക്
കാറുകൾ വാങ്ങുന്നതിലധികം തുക വാടകയായി നൽകി
232.25കോടി
പദ്ധതിചെലവ്
151.22കോടി
കെൽട്രോണിന്റെ
ഉപകരാർ
66കോടി
കൺട്രോൾ റൂമടക്കം ചെലവിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |