ബംഗളൂരു: കർണ്ണാടകത്തിൽ അധികാരം നിലനിറുത്താൻ സർവശക്തിയുമെടുത്ത് പോരാടുന്ന ബി.ജെ.പിക്ക് 'പാൽ രാഷ്ട്രീയം" തിരിച്ചടിയായേക്കും. വോട്ടർമാരിലെ വലിയൊരു വിഭാഗമായ ക്ഷീരകർഷകരിൽ ആശങ്ക വിതച്ച നന്ദിനി-അമൂൽ വിവാദമാണ് പാർട്ടിക്ക് ക്ഷീണമായത്.
കർണ്ണാടക ക്ഷീരകർഷക സഹകരണസംഘത്തിന്റെ ഉത്പന്നമാണ് നന്ദിനി. രാജ്യത്ത് ഏറ്റവും കൂടുതൽ വില്പനയുള്ള രണ്ടാമത്തെ മിൽക്ക് സഹകരണസംഘം. വർഷത്തിൽ 25,000 കോടിയാണ് വിറ്റുവരവ്. നന്ദിനിയുമായി മത്സരിക്കാൻ ഗുജറാത്ത് ക്ഷീരകർഷക സഹകരണസംഘത്തിന്റെ ഉത്പന്നമായ അമൂൽ എത്തുന്നതാണ് വിവാദമായത്.
ഗുജറാത്തും കർണ്ണാടകയും ഭരിക്കുന്നത് ബി.ജെ.പി. ഇരു സംസ്ഥാനങ്ങളിലെയും ക്ഷീരസഹകരണസംഘങ്ങളെ സംയോജിപ്പിച്ച് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കുമെന്ന സഹകരണ-ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവന കൂടി വന്നതോടെ കർഷകരിൽ കടുത്ത ഭയാശങ്കകളായി. വൻസബ്സിഡിയും മറ്റ് സഹായങ്ങളുമായി മികച്ച രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇല്ലാതാകുമെന്നും വിപണിയിൽ ഇടിവുണ്ടാകുമെന്നും അവർ ഭയന്നു. ഇതോടെ പ്രതിപക്ഷത്തെ കോൺഗ്രസ്, ജനതാദൾ പാർട്ടികളും കന്നഡ സംരക്ഷണ സംഘടനകളും കർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഭരണകക്ഷിയായ ബി.ജെ.പിക്ക് ഇത് നിഷേധിച്ച് പ്രസ്താവനയിറക്കാനല്ലാതെ ജനങ്ങളെ ബോധവത്ക്കരിക്കാനായില്ല. പ്രകടനപത്രികയിൽ ദിവസവും പാവപ്പെട്ടവർക്ക് അരലിറ്റർ പാൽ സൗജന്യമായി നൽകുമെന്നും പാലിന്റെ വിപണി വർദ്ധിപ്പിക്കാൻ നടപടിയെടുക്കുമെന്നും ഉറപ്പ് നൽകിയെങ്കിലും അത് കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല.
ക്ഷീരമേഖലയിൽ ഒരു കോടി വോട്ടർമാർ
സംസ്ഥാനത്തെമ്പാടുമായി 16 മിൽക്ക് യൂണിയനുകളാണ് കെ.എം.എഫിന് കീഴിലുള്ളത്. പാലുത്പാദനം പ്രതിദിനം 99 ലക്ഷം ലിറ്റർ. 24 ലക്ഷം ക്ഷീരകർഷകർ ഉൾപ്പെട്ട 14,000 പാൽ സൊസൈറ്റികൾ ചേർന്നതാണ് കർണ്ണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ. ഇതുമായി ബന്ധപ്പെട്ട് ഏകദേശം ഒരു കോടി വോട്ടർമാരുണ്ട്. മൊത്തം 5.4 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. നന്ദിനി വിവാദം ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നതിന് കാരണമിതാണ്. ബി.ജെ.പി.യുടെ മുഖ്യഎതിരാളിയായ കോൺഗ്രസിന്റെ പ്രധാന പ്രചാരണവിഷയം കൂടിയാണിപ്പോൾ നന്ദിനി-അമൂൽ വിവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |