ലോകമെങ്ങും ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ ബിസിനസ് വളർത്താൻ നൂതന ആശയങ്ങളുമായി മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. വലിയ മാറ്റങ്ങളാണ് വരുംദിനങ്ങളിൽ ഇൻഷ്വറൻസ് രംഗത്ത് വരാൻ പോകുന്നത്.
വാഹന ഉപയോഗം തീരെ കുറവുള്ളവരും വളരെ കൂടുതലുള്ളവരും ഒരുപോലെ പ്രീമിയം നൽകുന്നതിലെ അപാകത പരിഹരിക്കാൻ രാജ്യത്തെ ചില ഇൻഷ്വറൻസ് കമ്പനികൾ മുന്നോട്ടുവച്ച 'പേ ആസ് യു ഡ്രൈവ് ', 'പേ ഹൗ യു ഡ്രൈവ്' എന്ന രീതിയിൽ മെഡിസെപ് ഇൻഷ്വറൻസും ക്രമീകരിക്കാവുന്നതാണ്.
പ്രീമിയം തുക മാറ്റണമെന്നില്ല. എന്നാൽ, ഓരോ വർഷവും തീരെ ക്ലെയിമില്ലാത്തവർക്കും തീരെ കുറഞ്ഞ തുക മാത്രം ക്ലെയിം ചെയ്തവർക്കും നല്ലൊരുതുക വർഷംതോറും ബോണസായി നൽകിയാൽ പരാതികൾ കുറയുമെന്ന കാര്യത്തിൽ സംശയമില്ല.
ഇതുമൂലം ഇൻഷ്വറൻസ് കമ്പനികൾക്ക് നേട്ടമേ ഉണ്ടാവൂ. എങ്ങനെയെന്നോ, തീരെ നിസാരമായ അസുഖങ്ങൾക്കായി ആശുപത്രിയിലേക്ക് ഓടുന്നവരുടെ എണ്ണം കുറയുമെന്നതിനാൽ ക്ലെയിമിന്റെ കാര്യത്തിലും വലിയ തോതിൽ കുറവുണ്ടാവും. താത്പര്യമില്ലാത്തവരെ നിർബന്ധപൂർവം പദ്ധതിയിൽ ചേർത്തെന്ന പരാതികൾക്കുള്ള പരിഹാരം കൂടിയാണ് 'നോ ക്ലെയിം ബോണസ്'.
ജോസ് കെ. തോമസ്
കുളനട
ശുചീകരണം
ഊർജിതമാക്കണം
മഴക്കാലം എത്താറായി. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ശുചീകരണപ്രവർത്തനങ്ങളുടെ വേഗം കൂട്ടേണ്ട സമയമായിക്കഴിഞ്ഞു. കൊതുക് പരത്തുന്ന ഡെങ്കിപ്പനിയും എലി പടർത്തുന്ന പ്ളേഗുമെല്ലാം മഴക്കാലരോഗ ഭീഷണികളാണ്. ശുചീകരണത്തിന് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട ജാഗ്രത പോലെതന്നെ പ്രധാനമാണ് ജനങ്ങൾ പുലർത്തേണ്ട ജാഗ്രതയും. ഓരോ വർഷവും നടത്തുന്ന ബോധവത്കരണത്തിന് അനുസരിച്ച് ജനങ്ങളും സർക്കാർ സംവിധാനങ്ങളും ഉയർന്നിരുന്നെങ്കിൽ മഴക്കാല പകർച്ചവ്യാധികളെ വലിയൊരു പരിധിവരെ നിയന്ത്രിക്കാമായിരുന്നു.
സ്കൂളുകളുടെ പരിസരങ്ങൾ പലയിടങ്ങളിലും കാടുപിടിച്ച നിലയിലാണ്. കെട്ടിടത്തോട് ചേർന്ന ഭാഗം മാത്രമല്ല, പരിസരമാകെ വൃത്തിയാക്കിയാൽ മാത്രമേ രോഗഭീഷണിയിൽ നിന്നും മറ്റ് വിഷജീവികളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാനാകൂ.
ഓരോരുത്തരും വീടും പരിസരവും വൃത്തിയാക്കുന്നതിനൊപ്പം വെള്ളം കെട്ടിക്കിടക്കാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കണം. മഴക്കാലത്ത് ഗുരുതരമാകുന്ന പല രോഗങ്ങളുടെയും കാരണം കൊതുകുകളാണല്ലോ. ഓടകളും റോഡുകളുടെ പരിസരവും മഴയ്ക്ക് മുൻപ് പൂർണമായി ശുചിയാക്കിയെന്ന് ഉറപ്പുവരുത്താനും അധികൃതർ ശ്രദ്ധിക്കണം.
മിനി സാബു
പത്തനംതിട്ട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |