SignIn
Kerala Kaumudi Online
Wednesday, 01 May 2024 10.22 AM IST

സി. കേശവൻ, നീതിക്കായി ഉയിർകൊണ്ട ശബ്ദം

c-kesavan

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും തിരു-കൊച്ചി മുഖ്യമന്ത്റിയുമായിരുന്ന സി.കേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ മൂർച്ചയും തീക്ഷ്ണതയും കാലാതിവർത്തിയായി അലയടിക്കുന്നു. നിവർത്തനപ്രക്ഷോഭ നേതാവായിരുന്ന അദ്ദേഹം 1935 മേയ് 11ന് കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം തിരുവിതാംകൂർ രാഷ്ട്രീയത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തപ്പെട്ടതാണ്. തിരുവിതാംകൂർ സ്​റ്റേ​റ്റ് കോൺഗ്രസിന്റെ നേതൃത്വത്തിലാരംഭിച്ച പ്രക്ഷോഭത്തിന്റെ ഉദ്ഘാടനമായിരുന്നു ആ പ്രസംഗം. ജീവൻ പണയപ്പെടുത്തി മാത്രമേ അന്ന് അങ്ങനെയൊരു പ്രസംഗം നടത്താൻ കഴിയുമായിരുന്നുള്ളൂ. പ്രതാപശാലിയും ശക്തനുമായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ അന്ന് ദിവാൻ പദത്തിൽ പ്രവേശിച്ചിരുന്നില്ലെങ്കിലും തിരുവിതാംകൂർ മഹാരാജാവിന്റെ ഉപദേഷ്ടാവെന്ന നിലയിൽ ഭരണചക്രം തിരിക്കുന്നത് അദ്ദേഹമായിരുന്നു. 'സർ സി.പിയെന്ന ജന്തുവിനെ നമുക്കാവശ്യമില്ല, അദ്ദേഹം ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഒരു ഗുണവും ചെയ്യില്ല. ഈ വിദ്വാൻ ഇവിടെ വന്നതിൽ പിന്നെയാണ് തിരുവിതാംകൂർ രാജ്യത്തെപ്പ​റ്റി ഇത്ര ചീത്തയായ പേര് പുറത്ത് പരന്നത്. ഈ മനുഷ്യൻ പോയെങ്കിലല്ലാതെ രാജ്യം ഗുണം പിടിക്കില്ല' ഇങ്ങനെ അസാമാന്യ ധൈര്യം കാട്ടിയ പ്രസംഗമായിരുന്നു അത്. ചേർത്തലയിലെ തൊഴിലാളികളെക്കുറിച്ച് അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞ സി.കേശവൻ, 'ഇൻക്വിലാബ് സിന്ദാബാദ് ' മുദ്റാവാക്യം മുഴക്കിയാണ് പ്രസംഗം ഉപസംഹരിച്ചത്. വസ്തുകരം വോട്ടവകാശത്തിന് മാനദണ്ഡമാക്കിയ 1932 ലെ ഭരണപരിഷ്‌കാര വിളംബരത്തിനു ശേഷവും ഭൂമി കൈവശമുണ്ടായിരുന്ന ക്രിസ്ത്യാനിക്കും ഈഴവനും മുസ്ലിമിനും വോട്ടവകാശം ലഭിച്ചിരുന്നില്ല. കാരണം അവർ കരമൊടുക്കേണ്ടിയിരുന്നത് പഴയ ജന്മിമാരുടെ പേരിലായിരുന്നു. ഇതിലെ അനീതിക്കെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോഴഞ്ചേരി പ്രസംഗം. സി.കേശവന്റെ പ്രസംഗം രാജ്യദ്റോഹമാണെന്നാരോപിച്ച് 1935 ജൂൺ ഏഴിന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനത്തുവച്ച് അദ്ദേഹത്തെ അറസ്​റ്റ് ചെയ്തു. ഒരുവർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷിച്ചു. പ്രസംഗിക്കുന്നതിനും രണ്ടുമാസത്തേക്ക് വിലക്കേർപ്പെടുത്തി.

സി.കേശവൻ, പട്ടം താണുപിള്ള, ടി.എം. വർഗീസ് ത്രയങ്ങൾ തിരുവിതാംകൂറിലെ ജനങ്ങളെ ആവേശം കൊള്ളിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. സ്​റ്റേ​റ്റ് കോൺഗ്രസ് പ്രക്ഷോഭത്തിന് ബീജാവാപം ചെയ്തതിലും അതിനായി മ​റ്റു നേതാക്കളെ മുന്നിട്ടിറക്കിയതിലും ധീരമായ പങ്കാണ് സി.കേശവൻ വഹിച്ചത്. പ്രക്ഷോഭരംഗത്തു നിന്ന് അധികാരപദവിയിൽ എത്തിയപ്പോഴും പലർക്കും അനുഭവപ്പെടുന്നതുപോലെ ആദർശഭ്രംശം അദ്ദേഹത്തെ തീണ്ടിയില്ല.
അറസ്​റ്റും തുറുങ്കിലടയ്‌ക്കലും ഒക്കെയുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് നാടിന്റെയും ജനങ്ങളുടെയും താത്പര്യങ്ങൾ മുൻനിറുത്തി സി. കേശവൻ അന്ന് ആ പ്രസംഗം നടത്തിയത്.
ഈഴവ സമുദായത്തിൽപ്പെട്ടവർക്കും മ​റ്റു പിന്നാക്ക വിഭാഗങ്ങൾക്കും മനുഷ്യോചിതമായി ജീവിക്കാനുള്ള സാമൂഹ്യാവസ്ഥ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിറുത്തിയതായിരുന്നു ആ പ്രസംഗം. പിൽക്കാലത്ത് വെട്ടേ​റ്റ് സർ സി.പി.രാജ്യം വിടുകയും നാട് രക്ഷപ്പെടുകയും ചെയ്തപ്പോൾ സി.കേശവന്റെ വാക്കുകൾ ദീർഘദർശിത്വമുള്ളതെന്ന് തെളിഞ്ഞു.
തന്റെ ചോ​റ്റുപട്ടാളത്തെക്കൊണ്ട് നാടിനെ വിറപ്പിച്ച സി.പിയെ ജന്തു എന്നു വിളിക്കാൻ അത്യപൂർവമായ ധൈര്യം മാത്രം പോര, സ്വാതന്ത്റ്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള ഉയർന്ന രാഷ്ട്രീയബോധവും വേണം. നമ്മുടെ നാടിന്റെ സാമൂഹ്യ രാഷ്ട്രീയ വികസനപ്രക്രിയയ്ക്ക് പുരോഗമനാത്മകമായ കുതിപ്പ് പകർന്നതിലൂടെ ചരിത്ര പ്രധാനമായി അടയാളപ്പെടുത്തപ്പെട്ട പ്രസംഗങ്ങൾ അപൂർവമായേയുള്ളൂ. കോഴഞ്ചേരി പ്രസംഗം നമ്മുടെ സാമുദായിക നവോത്ഥാന പ്രക്രിയയ്‌ക്കും രാഷ്ട്രീയ സ്വാതന്ത്റ്യത്തിനുള്ള ശ്രമങ്ങൾക്കും തുല്യതയ്‌ക്കായുള്ള പോരാട്ടങ്ങൾക്കും പുതിയ ഊർജ്ജം പകർന്നു. സമൂഹത്തിലെ അധഃസ്ഥിതരെന്നു മുദ്റയടിക്കപ്പെട്ടവരുടെ അവകാശങ്ങൾ വിളംബരം ചെയ്യാനും അതു നേടിയെടുക്കാനുമുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു കോഴഞ്ചേരി പ്രസംഗം.

നിവേദനങ്ങളും അഭ്യർത്ഥനകളുമായി കഴിഞ്ഞിരുന്ന സമുദായങ്ങളെ പ്രത്യക്ഷസമരങ്ങളുടെ പരമ്പരയിലേക്ക് നയിക്കാൻ ആ പ്രസംഗം ഉപകരിച്ചു. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച ഈ നാടിനെ നാമിന്നു കാണുന്ന ആധുനിക കേരളമാക്കി പരിവർത്തിപ്പിച്ച മഹദ് വ്യക്തികളുടെ നിരയിലാണ് സി.കേശവന്റെ സ്ഥാനം.

സാമുദായിക വിവേചനങ്ങൾ, ഭരണതലത്തിൽ അതിന്റെ നീതിരഹിതമായ പ്രതിഫലനങ്ങൾ, സർ സി.പിയുടെ സവർണ പക്ഷപാതിത്വത്തിനെതിരായ പ്രത്യക്ഷപ്രതിഷേധം, ഈഴവ ക്രൈസ്തവ മുസ്ലിം ജനവിഭാഗങ്ങൾക്ക് എല്ലാ സാമൂഹ്യരംഗങ്ങളിലും ലഭിക്കേണ്ട പരിഗണനയുടെ ആവശ്യകത, പ്രായപൂർത്തി വോട്ടവകാശത്തിന്റെയും ഉത്തരവാദഭരണത്തിന്റെയും മേന്മ തുടങ്ങിയവയൊക്കെ പ്രസംഗത്തിലുടനീളം മുഴങ്ങുന്നു. ഒരു സന്ധ്യയ്ക്കാണ് സി.കേശവൻ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത്. 'അന്ധകാരമയമായ' ഈ സമയത്ത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. അന്നത്തെ സന്ധ്യയെക്കുറിച്ചുള്ള വിശേഷണം മാത്രമല്ല, താൻ ജീവിക്കുന്ന കാലത്തിന്റെ പൊതുചിത്രവുമുണ്ടായിരുന്നു സി.കേശവന്റെ വാക്കുകളിൽ.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനവും സ്വാതന്ത്റ്യസമരവും സംഭാവന ചെയ്ത സമ്പൂർണ വിപ്ലവകാരിയായ സി.കേശവന്റെ ജനനം 1891 മേയ് 23 നാണ്. ഈ 23 ന് അദ്ദേഹത്തിന്റെ 123 -ാം ജന്മവാർഷികമാണ്. 1969 ജൂലായ് ഏഴിന് അദ്ദേഹം അന്തരിച്ചപ്പോൾ ഇ.എം.എസ് വിശേഷിപ്പിച്ചത് ഇങ്ങനെ -. 'സാമൂഹികമായ അനാചാരങ്ങൾ, സാംസ്‌‌കാരികരംഗത്തെ അന്ധവിശ്വാസങ്ങൾ, രാഷ്ട്രീയ മണ്ഡലത്തിലെ അടിമത്തം, സ്വേച്ഛാധിപത്യം ഇവയ്‌ക്കെല്ലാം എതിരായ സമരങ്ങളെ വെവ്വേറെ കാണാതെ കൂട്ടിയിണക്കാൻ കഴിഞ്ഞ പ്രതിഭാശാലിയായ വീരസേനാനിയായിരുന്നു സി.കേശവൻ.'

എന്നാൽ തിരു-കൊച്ചി മുഖ്യമന്ത്റിയെന്ന നിലയിലും നിവർത്തന പ്രക്ഷോഭത്തിന്റെ നെടുനായകനെന്ന നിലയിലും കേരള നവോത്ഥാനത്തിൽ സി.കേശവൻ വഹിച്ച പങ്കിനെക്കുറിച്ച് ആധുനികസമൂഹം വേണ്ടത്ര ചർച്ച ചെയ്യുന്നില്ലെന്നത് ഖേദകരമാണ്. സി.കേശവന്റെ വിലപ്പെട്ട സംഭാവനകളെക്കുറിച്ച് പഠിക്കാനോ വിലയിരുത്താനോ സവർണസമൂഹം വേണ്ടത്ര താത്പര്യം കാട്ടുന്നില്ല. സാമൂഹ്യനീതി കൈവരിക്കാൻ സി.കേശവൻ നടത്തിയ പോരാട്ടത്തിന്റെ വീര്യം ഉൾക്കൊള്ളാൻ പിന്നാക്ക വിഭാഗക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു. സി.കേശവൻ ശരിയായ രീതിയിൽ വിലയിരുത്തപ്പെടാതെ പോകുന്നത് ചരിത്രത്തെ തമസ്‌കരിക്കുന്നതിന് സമാനമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: C KESAVAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.