ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന് വിദേശത്തുള്ള ആദ്യ ആശ്രമം ആഗസ്റ്റ് 17ന് ശിലാന്യാസം
ശിവഗിരി: അമേരിക്കയിൽ ഗുരുദേവ ദർശനത്തിന്റെ പ്രകാശവുമായി ശിവഗിരി ആശ്രമമൊരുങ്ങുന്നു.
ശിവഗിരി മഠം നോർത്ത് അമേരിക്കയിലെ ടെക്‌സാസിൽ ഡാളസ് നഗരത്തോടു ചേർന്ന് ഗ്രാന്റ് പ്രിയറിയിൽ നിർമിക്കുന്ന ആശ്രമസമുച്ചയത്തിന്റെ ശിലാന്യാസ ചടങ്ങുകൾ ആഗസ്റ്റ് 17ന് നടക്കും.
ശ്രീനാരായണ ഗുരുവിന്റെ സാർവലൗകിക ദർശനത്തെ പാശ്ചാത്യലോകത്തിന് ആഴത്തിൽ പരിചയപ്പെടുത്തുകയാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന് ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യസംരംഭത്തിന്റെ ലക്ഷ്യം.
പ്രകൃതിരമണീയമായ മൂന്നര ഏക്കർ സ്ഥലത്താണ് ആശ്രമം നിർമ്മിക്കുക. 17 നു രാവിലെ ആശ്രമഭൂമിയിൽ ശാന്തിഹവനം, മഹാഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30 ന് ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്‌കൂൾ ഒഫ് വേദാന്ത മുഖ്യ ആചാര്യൻ സ്വാമി മുക്താനന്ദയതി എന്നിവരുടെ കാർമികത്വത്തിലാണ് ശിലാന്യാസം. 101 അംഗങ്ങളടങ്ങുന്ന സ്വാഗതസംഘത്തിന്റെയും വിവിധ ഉപസമിതികളുടെയും നേതൃത്വത്തിൽ ശിലാന്യാസ പരിപാടികൾ പ്രൗഢഗംഭീരമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ആദ്യഘട്ടമായി വിശാലമായ ലൈബ്രറി, പ്രസിദ്ധീകരണ വിഭാഗം, യോഗ- ധ്യാന കേന്ദ്രം എന്നിവയാണ് നിർമിക്കുക.ഗുരുദർശനത്തിൽ തുടർപഠനത്തിനും ഗവേഷണത്തിനുമുളള സംവിധാനം ആശ്രമത്തിലുണ്ടാകും
ഗുരു വിഭാവനം ചെയ്തതു പോലെ മനുഷ്യനെയും പ്രകൃതിയെയും ഒരുപോലെ സ്നേഹിച്ച് പരിപാലിക്കുവാൻ ഉതകും വിധം അമേരിക്കൻ പൊതുമനസിനെ പാകപ്പെടുത്തുന്ന സേവനപദ്ധതികളും നടപ്പാക്കും
ആസ്ഥാനം ഇവിടെ
അമേരിക്കയിൽ ഫിലാഡെൽഫിയയിലും ഹൂസ്റ്റണിലുമുള്ള ഗുരുമന്ദിരങ്ങളുടെ ആസ്ഥാനമായിരിക്കും ഗ്രാൻഡ് പ്രിയറിയിലെ ശിവഗിരി ആശ്രമം. ന്യൂയോർക്കിലും അമേരിക്കയിലെ മറ്റു ചില സംസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങൾ ആരംഭിക്കാൻ താത്പര്യമുള്ള ഗുരുഭക്തരുണ്ട്. ഇവ യാഥാർഥ്യമാകുമ്പോൾ എല്ലാ ഗുരുമന്ദിരങ്ങളുടെയും പ്രാർത്ഥനാ മന്ദിരങ്ങളുടെയും കേന്ദ്രമായി ഈ ആശ്രമം മാറും
വർഷങ്ങളായി അമേരിക്കയിൽ നടക്കുന്ന ഗുരുധർമ്മ പ്രചാരണ സഭയുടെ പ്രവർത്തനങ്ങളും വർഷംതോറും നടന്നുവരുന്ന സാധനാ പഠനയാത്രയുമാണ് അമേരിക്കയിൽ ശിവഗിരി മഠത്തിന് ഒരു ആശ്രമമെന്ന ആശയത്തിന് വിത്തുപാകിയത്. ഗുരുദേവന്റെ നേർശിഷ്യനും നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ നടരാജഗുരുവും ശിഷ്യനായ ഗുരു നിത്യചൈതന്യയതിയും ഉൾപ്പെടെയുളള സന്യാസിശ്രേഷ്ഠരാണ് ആദ്യമായി ഗുരുദേവ ദർശനം അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ചത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങളെല്ലാം.
- സ്വാമി ഗുരുപ്രസാദ്
സെക്രട്ടറി, ഗുരുധർമ പ്രചാരണസഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |