കൊച്ചി: സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും ആവശ്യമായ സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി. പ്രതികളുടെ വൈദ്യപരിശോധന സമയത്തും പൊലീസ് സുരക്ഷയൊരുക്കണം. മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോഴുള്ള മാനദണ്ഡങ്ങളാണ് ആശുപത്രിയിൽ പാലിക്കേണ്ടതെന്നും കോടതി നിർദേശിച്ചു.
വന്ദനാ ദാസ് കൊലക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ അതിവേഗം നിയമിക്കുന്നത് പരിഗണിക്കണമെന്നും കോടതി നിർദേശം നൽകി. രണ്ട് മണിക്കൂറോളം നീണ്ട സ്‌പെഷ്യൽ സിറ്റിംഗ് അൽപം മുമ്പാണ് അവസാനിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പകത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വലിയ രീതിയിലുള്ള പിഴവാണ് ഉണ്ടായത്. അക്രമം കണ്ട് പേടിച്ച് വന്ദന നിൽക്കുമ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു.ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആർ അജിത് കുമാർ സംഭവത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് കോടതിയുടെ ചോദ്യം. ഡി ജി പി ഓൺലൈനായും ഹാജരായിരുന്നു.
മുറിവ് വൃത്തിയാക്കാൻ കാൽ താഴ്ത്തിവയ്ക്കാൻ നഴ്സ് ആവശ്യപ്പെട്ടെങ്കിലും സന്ദീപ് സമ്മതിച്ചില്ലെന്നും, ഈ സമയം ബന്ധു രാജേന്ദ്രൻ പിള്ള കാൽ ബലമായി താഴ്ത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.
പ്രതിയുമായി ആശുപത്രിയിൽ എത്തിയ പൊലീസുകാർക്ക് തോക്കുണ്ടായിരുന്നില്ലേയെന്നും ഡിവിഷൻബെഞ്ച് ഇന്നലെ ചോദിച്ചിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണമായ നടപടികൾ വേണം. സംരക്ഷണം നൽകാൻ എന്തുകൊണ്ട് പൊലീസിന് കഴിഞ്ഞില്ല. സൈനികരായിരുന്നെങ്കിൽ ജീവൻകൊടുത്ത് സംരക്ഷണം നൽകിയേനേ. പൊലീസിന് എന്തിനാണ് തോക്ക് നൽകിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകണമായിരുന്നു. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാവുമോ. പൊലീസ് പൂർണമായും പരാജയപ്പെട്ടുവെന്നായിരുന്നു കോടതിയുടെ വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |