തിരുവനന്തപുരം: ഡോ. വന്ദനാ ദാസിന്റെ മരണത്തെത്തുടർന്ന് നടന്നുവന്നിരുന്ന പ്രതിഷേധ സമരം പിൻവലിച്ചതായി കെ.ജി.എം.ഒ.എ. ഡോക്ടർമാർ പ്രഖ്യാപിച്ച 48 മണിക്കൂർ പ്രതിഷേധ സമരമാണ് പിൻവലിച്ചത്. ഇന്ന് നടന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് തീരുമാനം. എന്നാൽ സർക്കാർ ഉറപ്പുനൽകിയ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.
സമരം പിൻവലിച്ചെങ്കിലും വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി സർവീസിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. സുരക്ഷിതമായി തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നത് വരെ ഇത് തുടരുമെന്നാണ് സംഘടനുടെ നിലപാട്. ആശുപത്രി നിയമത്തിലെ ഓർഡിനൻസ് പരിഷ്കകരണമടക്കമുള്ള ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. യുവ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) 24മണിക്കൂർ സമരം പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ടോടെ സമരം 48 മണിക്കൂറാക്കി. സമരത്തിൽ ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും പങ്കെടുത്തിരുന്നു.
അതേസമയം കെ.ജി.എം.ഒ.എയെ കൂടാതെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എസ്.ഡി.എ, മെഡിക്കൽ കോളേജ് അദ്ധ്യപക സംഘടനയായ കെ.ജി.എം.സി.ടി.എ, പി.ജി ഡോക്ടർമാരും ഹൗസർജൻമാരും പ്രതിഷേധ സമരത്തിന്റെ ഭാഗമായിരുന്നു. ഇതോടെ ആശുപത്രികളിൽ ഒ.പികൾ നിലച്ചു. നഴ്സുമാരുടെ സംഘടനയായ കെ.ജി.എൻ.എ പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ മെഡിക്കൽ കോളേജുകളിലെ നഴ്സുമാരുടെ സംഘടനയായ കെ.ജി.എൻ.യുവിന്റെ നേതൃത്വത്തിൽ ജോലി ബഹിഷ്കരിച്ചു.ഇതോടെ അത്യാഹിതവിഭാഗം,ഐ.സി.യു,ഓപ്പറേഷൻ തീയേറ്റർ,ലേബർ റൂം എന്നിവിടങ്ങിൽ മാത്രമായി പ്രവർത്തനം. ശസ്ത്രക്രിയകൾ ഉൾപ്പെടെ രാവിലെ മുതൽ ആരംഭിച്ചതിനാൽ തടസമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |