സെക്രട്ടേറിയറ്റിൽ വ്യവസായവകുപ്പ് മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. 2020 ലും ഒരു തീപിടിത്തം ഉണ്ടാവുകയും അതിനെക്കുറിച്ച് അന്വേഷണം നടക്കുകയും ചെയ്തതാണ്. അന്ന് തീപിടിച്ചതല്ല ഫയലുകൾ നശിപ്പിക്കാൻ തീവച്ചതാണെന്ന ആരോപണവും ഉയർന്നിരുന്നു. എ.ഐ ക്യാമറ ടെൻഡറിൽ വിവാദവും അതിന്മേൽ അന്വേഷണവും തുടരവെയാണ് ഇപ്പോൾ വീണ്ടും സെക്രട്ടേറിയറ്റിൽ തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഓഫീസിലേത് ഇ - ഫയലുകളാണെന്നുമാണ് മന്ത്രി പി.രാജീവ് അറിയിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ളോക്കിനോട് ചേർന്ന് സാൻവിച്ച് ബ്ളോക്കിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 7.15ന് ഓഫീസ് ജീവനക്കാരൻ എ.സിയും ലൈറ്റുകളും ഓണാക്കിയിരുന്നെന്നും അരമണിക്കൂറിനുള്ളിലാണ് എ.സിയിൽ പുക ഉയരുകയും തീപിടിത്തമുണ്ടാവുകയും ചെയ്തതെന്നുമാണ് പറയുന്നത്. എ.സി പൂർണമായും ഉരുകിപ്പോയി. ജനൽ, കർട്ടൻ, സീലിംഗ് എന്നിവയിലേക്കും തീപടർന്നിരുന്നു.
തുടക്കത്തിൽ പുത്തൻകച്ചേരി എന്ന് അറിയപ്പെട്ട സെക്രട്ടേറിയറ്റിന്റെ പ്രധാന മന്ദിരത്തിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പിന്നീട് പുതിയ ബ്ളോക്കുകൾ ആവശ്യാനുസരണം കൂട്ടിച്ചേർക്കുകയായിരുന്നു. ഇപ്പോഴും പല മുറികളിലും വയറിംഗ് പുറത്തുകാണാം. കമ്പ്യൂട്ടറെന്ന ആശയം പോലും ജനിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പാണ് സെക്രട്ടേറിയറ്റിലെ മന്ദിരങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ആധുനിക കാലത്ത് അതിനുവേണ്ട സൗകര്യങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു. എത്ര കൂട്ടിച്ചേർത്താലും പഴയ കെട്ടിടത്തെ ആധുനിക കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ച് പൂർണമായും മാറ്റാനാകില്ല. കൂട്ടിച്ചേർക്കലുകൾ പലപ്പോഴും ഷോർട്ട് സർക്യൂട്ടിനും തീപിടിത്തത്തിനും മറ്റും കാരണമാകാം. ഇത് ആവർത്തിക്കാനുള്ള എല്ലാ സാദ്ധ്യതയും നിലനില്‌ക്കുന്നു. മാത്രമല്ല പലവിധ അസൗകര്യങ്ങളാൽ വീർട്ടുമുട്ടുന്ന മന്ദിരമാണ് ഇപ്പോഴത്തെ സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് നിർമ്മിച്ച കാലത്ത് തിരുവിതാംകൂറിൽ വിരലിലെണ്ണാവുന്ന കാറുകളേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അന്നത്തെ നിലയനുസരിച്ച് വിശാലമാണ് വളപ്പ്. എന്നാൽ ഇന്ന് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ നേരിയ ശതമാനത്തിനു പോലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ മന്ദിരവളപ്പിൽ ഇടമില്ല. അതിനാൽ ആധുനിക കാലഘട്ടത്തിന് യോജിച്ച ഒരു പുതിയ സെക്രട്ടേറിയറ്റ് മന്ദിരം നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പഴയകാലത്ത് സ്ഥലവിസ‌്‌തൃതിയാണ് വേണ്ടിയിരുന്നത്. എന്നാലിപ്പോൾ അതിനുള്ള സംവിധാനമൊരുക്കാൻ അത്രയും സ്ഥലവിസ്‌തൃതി ആവശ്യമില്ല. തലസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നൂറുകണക്കിന് വാഹനങ്ങൾ യാതൊരു ബുദ്ധിമുട്ടും കൂടാതെ പാർക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്. അതുപോലും നമ്മുടെ സെക്രട്ടേറിയറ്റ് മന്ദിരത്തിനില്ല എന്ന് വരുന്നത് അപമാനകരമാണ്.
പുതിയ സെക്രട്ടേറിയറ്റ് നിർമ്മിക്കാനുള്ള പ്രൊപ്പോസൽ നിലവിലുള്ളതാണ്. അതിന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ തുടക്കം കുറിക്കുകയാണ് വേണ്ടത്. ഏതൊരു പുതിയ പദ്ധതി തുടങ്ങുമ്പോഴും ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നുവരിക സ്വാഭാവികമാണ്. ആധുനിക കാലത്തെ സെക്യൂരിറ്റി സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള പുതിയ നിർമ്മിതിയാണ് നമുക്ക് വേണ്ടത്. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാൻ തുടങ്ങിയപ്പോഴും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ ഭാരം വഹിച്ച് നില്‌ക്കുന്ന ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും സെക്രട്ടേറിയറ്റ് മന്ദിരങ്ങളും മാറേണ്ടതുണ്ട്. തെലുങ്കാന അതിമനോഹരമായ സെക്രട്ടേറിയറ്റ് മന്ദിരമാണ് പൂർത്തീകരിച്ചിരിക്കുന്നത്. കേരളീയ ശൈലിയും ആധുനികതയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ സെക്രട്ടേറിയറ്റ് മന്ദിരം നിർമ്മിക്കാൻ ഇനിയും വൈകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |