കൊച്ചി: പൊലീസ് സംവിധാനത്തിന്റെ പരാജയമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെടാൻ കാരണമെന്ന് വിമർശിച്ച ഹൈക്കോടതി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും പൊലീസ് സംരക്ഷണം നൽകാനും ഡി.ജി.പി ഇക്കാര്യം ഉറപ്പാക്കാനും ഉത്തരവിട്ടു. ആശുപത്രികൾക്കും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും 24 മണിക്കൂറും സംരക്ഷണം നൽകാൻ പൊലീസിന് ബാദ്ധ്യതയുണ്ട്. പ്രതികളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുമ്പോൾ പൊലീസ് പാലിക്കുന്ന അതേ പ്രോട്ടോക്കോൾ ഇവരെ വൈദ്യ പരിശോധനയ്ക്ക് ആരോഗ്യ പ്രവർത്തകർക്കു മുന്നിൽ ഹാജരാക്കുമ്പോഴും പാലിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ഇന്നലെ രണ്ടാം ദിവസവും സ്‌പെഷ്യൽ സിറ്റിംഗ് നടത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.
കേസിന്റെ വിചാരണയ്ക്ക് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആശുപത്രികൾക്കും ഡോക്ടർമാർക്കും സംരക്ഷണം നൽകുന്നതിനുള്ള നിയമം ഭേദഗതി ചെയ്ത് മെഡിക്കൽ വിദ്യാർത്ഥികളടക്കമുള്ളവർക്ക് സംരക്ഷണം നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്താൻ ഓർഡിനൻസ് കൊണ്ടുവരാൻ നിർദ്ദേശിക്കണമെന്നും ഐ.എം.എയുടെ സീനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. സർക്കാർ ഇവ ഗൗരവത്തോടെ കാണുന്നുണ്ടെന്നും ഭേദഗതി ഓർഡിനൻസിന്റെ വിവരങ്ങൾ ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദീകരിക്കാമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. രാത്രി അസമയത്ത് പൊലീസ് എത്തുമ്പോൾ മുറിവേറ്റ നിലയിൽ ഒരു വടിയും പിടിച്ചു നിൽക്കുന്നയാളെ കണ്ടിട്ട് പൊലീസിന് അസ്വാഭാവികത തോന്നിയില്ലേയെന്ന് കോടതി ചോദിച്ചു. അപ്രതീക്ഷിതമായതു പൊലീസ് പ്രതീക്ഷിക്കേണ്ടേ? ഡ്രസിംഗ് റൂമിൽ മതിയായ സുരക്ഷയില്ലാതിരുന്നിട്ടും പ്രതി നഴ്‌സിനെ ആക്രമിക്കാതിരുന്നതു ഭാഗ്യം. ഒറ്റപ്പെട്ട സംഭവമെന്ന തരത്തിൽ ഇതിനെ അവഗണിക്കാനാവില്ലെന്നു പറഞ്ഞ കോടതി ഹർജി 25ലേക്ക് മാറ്റി.
വന്ദനയോട് മാപ്പു ചോദിച്ച് കോടതിയും
വന്ദനയെയും കുടുംബത്തെയും പൊലീസ് തോല്പിച്ചു. മകളെ നഷ്ടപ്പെട്ട ആ കുടുംബത്തോടു വീണ്ടും വീണ്ടും മാപ്പു ചോദിക്കുന്നുവെന്നും കോടതി വാക്കാൽ പറഞ്ഞു. നിലവിലെ സംവിധാനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി സൈനികരെപ്പോലെ പൊലീസ് ഡോ. വന്ദനയ്ക്ക് സംരക്ഷണം ഉറപ്പാക്കണമായിരുന്നുവെന്ന് വ്യക്തമാക്കി. വന്ദനയ്ക്ക് 11 തവണ കുത്തേറ്റു. എങ്ങനെ ഇതിനെ ന്യായീകരിക്കും? ആ പെൺകുട്ടിയുടെ ആത്മാവിനുവേണ്ടി കേസ് അന്വേഷിക്കണം. അല്ലെങ്കിൽ ആത്മാവ് നിങ്ങളോടു പൊറുക്കില്ല. ഡോ. വന്ദന കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടാം ദിവസവും പൊലീസിനെ രൂക്ഷമായി വിമർശിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമർശങ്ങൾ.
പൊലീസ് കൊണ്ടുവന്ന ഒരാൾ ആക്രമണം നടത്തിയാൽ പൊലീസിനല്ലേ ഉത്തരവാദിത്വം? ഇവിടെ കുത്തുകൊണ്ടവരൊക്കെ ഓടി മാറി. യുവ ഡോക്ടർ പ്രതിയുടെ മുന്നിൽ പേടിച്ച് ഒന്നനങ്ങാൻ പോലുമാകാതെ നിന്നുപോയി. ആ സമയം പൊലീസ് എവിടെയായിരുന്നു? പ്രതിയുമായെത്തിയ പൊലീസുകാർ ആരും അവിടെ ഉണ്ടായിരുന്നില്ല. 55 വയസിലേറെ പ്രായമുള്ള ഹോം ഗാർഡാണ് ഡ്രസിംഗ് റൂമിനു പുറത്തു കാവൽ നിന്നത്. ഞങ്ങൾക്കും ആ പ്രായമായി. ഇത്തരം സംഭവമുണ്ടായാൽ നേരിടാൻ ഞങ്ങൾക്ക് കഴിയില്ല. ഇനിയുമിത് ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
'ഞങ്ങൾ മരിച്ചാലും ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കണമായിരുന്നു. അതിനു കഴിഞ്ഞില്ല"
- എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കോടതിയിൽ പറഞ്ഞത്
. 'പൊലീസിന്റെ പക്കൽ ആയുധങ്ങളുണ്ടായിരുന്നില്ല. പ്രതിയെ കീഴടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പൊലീസുകാർക്കും പരിക്കേറ്റു. പക്ഷേ, ആ കുട്ടിയെ രക്ഷിക്കാനായില്ല"
- ഡി.ജി.പി അനിൽ കാന്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |