പാകിസ്ഥാനിൽ ജനാധിപത്യ പാർട്ടികളും ഭരണവും ഒരു സങ്കല്പം മാത്രമാണ്. പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ് എല്ലാം . സൈന്യത്തിന്റെ പിന്തുണയില്ലാതെ ഒരു പ്രധാനമന്ത്രിക്കും പാകിസ്ഥാനിൽ ഭരിക്കാനാവില്ല. അഞ്ചുവർഷം മുമ്പ് അധികാരത്തിലെത്താൻ സൈന്യവും കോടതിയുമാണ് ഇമ്രാൻഖാനെ സഹായിച്ചത്. സൈന്യം കൈവിട്ടപ്പോഴാണ് ഒരുവർഷം മുൻപ് പുറത്തായത്. തുടക്കത്തിൽ കോടതിയും ഇമ്രാന് എതിരായിരുന്നു. എന്നാൽ കോടതിയുടെ ജനാല പൊട്ടിച്ച് അകത്തുകയറി ഇമ്രാനെ അർദ്ധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത് കോടതിയെ ചൊടിപ്പിച്ചു. പാകിസ്ഥാൻ സുപ്രീംകോടതി ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയ ഇമ്രാന് ചീഫ് ജസ്റ്റിസ് ജാമ്യം നല്‌കി.
ഇമ്രാനെതിരെ ചാർത്തപ്പെട്ടിരിക്കുന്നത് അഴിമതി കേസാണ്. കൊടുത്താൽ എന്നായാലും തിരിച്ച് കിട്ടുമെന്ന് പറയുന്നതുപോലെ മുഖ്യധാരാ കക്ഷികളായ പീപ്പിൾസ് പാർട്ടി, മുസ്ളിംലീഗ് എന്നിവയിലെ നേതാക്കൾക്കെതിരെ അഴിമതിക്കേസ് ഫയൽ ചെയ്തതാണ് ഇമ്രാന് അധികാരത്തിലേക്കുള്ള വഴിയൊരുക്കിയ ആദ്യ പടി. ഈ കേസുകളിൽ മിക്കതും കോടതി ശരിവച്ചിരുന്നു. ഇതോടൊപ്പം സൈന്യത്തിന്റെ പിന്തുണ കൂടി ലഭിച്ചതാണ് 2018 ൽ ഇമ്രാൻ പ്രധാനമന്ത്രിയാകാൻ ഇടയാക്കിയത്. തുടർന്ന് മൂന്നുവർഷം കോടതിയും സൈന്യവും ഇമ്രാനോടൊപ്പമായിരുന്നു. ഇതിനിടെ മുൻ സർക്കാരുകളുടെ ഭാഗമായിരുന്ന പല പ്രമുഖരെയും അഴിമതിക്കേസിൽ തടവിലാക്കിക്കൊണ്ടായിരുന്നു ഇമ്രാൻ ഭരണം നടത്തിയത്.
ഏത് ഭരണാധികാരിയും അധികാരം വിട്ടൊഴിഞ്ഞാൽ അഴിമതിക്കേസിൽ അകത്താവുന്നതും വിചാരണ നേരിടുന്നതും പാകിസ്ഥാനിൽ പതിവാണ്. ചിലർ ശിക്ഷിക്കപ്പെടും. ചിലർക്ക് ജീവൻ നഷ്ടപ്പെടും. ചുരുക്കം ചിലർ വിദേശത്തേക്ക് രക്ഷപ്പെടും. ഇതിലൊരു വഴിയും സ്വീകരിക്കാൻ ഇമ്രാൻ ഒരുക്കമായിരുന്നില്ല. പകരം വോട്ടെടുപ്പിലൂടെ അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങളാണ് ഇമ്രാൻ നടത്തിയത്. ഇമ്രാന് നല്ല ജനകീയ പിന്തുണ ഇപ്പോഴുമുണ്ട്. ഇമ്രാനെ അറസ്റ്റ് ചെയ്തപ്പോൾ പ്രതിരോധകേന്ദ്രങ്ങൾ വരെ ആക്രമിക്കുന്ന രീതിയിൽ പ്രതിഷേധമുയർന്നതും മറ്റൊന്നും കൊണ്ടല്ല.
പാക് ചാരസംഘടനയുടെ മേജർ ജനറൽ ഫൈസർ നസീർ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പൊതുയോഗത്തിൽ ഇമ്രാൻ ആരോപിച്ചിരുന്നു. ഇതിനെതിരെ സൈന്യം പ്രതികരിച്ചതിന്റെ പിറ്റേദിവസമാണ് ഇമ്രാൻ കോടതിമുറിയിൽ നിന്ന് അറസ്റ്റിലായത്. ഇമ്രാൻഖാന് ജാമ്യം ലഭിച്ചത് പ്രതിഷേധങ്ങൾ താത്‌കാലികമായി കെട്ടടങ്ങാൻ ഉപകരിക്കുമെങ്കിലും വരുംദിനങ്ങളിൽ പാകിസ്ഥാനിലെ പ്രതിസന്ധിയും അസ്വസ്ഥതകളും കൂടിവരാനാണ് സാദ്ധ്യത. ഇതോടൊപ്പം പാകിസ്ഥാൻ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. വിദേശനാണ്യശേഖരം ഒരു മാസത്തേക്ക് പോലും തികയില്ല. നാണയപ്പെരുപ്പം സർവകാല റെക്കാഡിലെത്തി. പല സ്ഥലങ്ങളിലും ഭക്ഷ്യക്ഷാമം അതിരൂക്ഷമാണ്.
പാകിസ്ഥാൻ രാഷ്ട്രീയമായും ഭരണപരമായും സാമ്പത്തികമായും അസ്ഥിരമാകുന്നത് ഇന്ത്യയ്ക്കും ഭീഷണി ഉയർത്തുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ ജനശ്രദ്ധ തിരിക്കാൻ ഇന്ത്യയ്ക്കെതിരെ സൈനിക നീക്കങ്ങളും ഭീകരാക്രമണങ്ങളും സൃഷ്‌ടിക്കുകയാണ് അവരുടെ രീതി. പൂഞ്ചിലും രജൗറിയിലും അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും അതിർത്തിയിൽ ജാഗ്രത വർദ്ധിപ്പിക്കണം. കലാപസാഹചര്യം മുതലെടുത്ത് ലഷ്‌കറെ തൊയ്‌ബ, ജെയ്‌ഷേ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾ ഇന്ത്യയിൽ ഭീകരാക്രമണം നടത്താനുള്ള സാദ്ധ്യത തള്ളാനാകില്ല. അതിനാൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാസന്നാഹങ്ങളൊരുക്കുന്നതിൽ ഇന്ത്യൻ ഭരണാധികാരികളും അതീവശ്രദ്ധ പുലർത്തേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |