തിരുവനന്തപുരം: വ്യവസായ വകുപ്പിൽ നിന്ന് മാറ്റിയ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിന് വീണ്ടും അതേ വകുപ്പിൽ തന്നെ ചുമതല നൽകി. രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഹനീഷിന് സ്ഥാനമാറ്റം ഉണ്ടാവുന്നത്.
റോഡ് ക്യാമറ വിവാദം അന്വേഷിക്കുന്നതിനിടെ മേയ് ഏഴാം തീയതിയാണ് ഹനീഷിനെ മാറ്റിയത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിട്ടായിരുന്നു നിയമനം. ഹൗസിംഗ് ബോർഡിന്റെ ചുമതലയും നൽകിയിരുന്നു. പിറ്റേദിവസം വീണ്ടും സ്ഥാനമാറ്റം നടത്തി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. തുടർന്നാണ് വീണ്ടും വ്യവസായ വകുപ്പിലേയ്ക്ക് സ്ഥാനമാറ്റം നൽകിയത്. ഹനീഷിന് വ്യവസായ വകുപ്പിന്റെ അധിക ചുമതല നൽകി ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി കേശവേന്ദ്ര കുമാറിന്റെ ഫിനാൻസ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചതായി ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞദിവസം റോഡ് ക്യാമറ ഇടപാട് സംബന്ധിച്ച റിപ്പോർട്ട് ഹനീഷ് സർക്കാരിന് കൈമാറിയിരുന്നു. ഇടപാടിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങൾ കെൽട്രോൺ പാലിച്ചതായാണ് ഹനീഷിന്റെ കണ്ടെത്തൽ.
മറ്റ് ചില ഐ എ എസ് ഉദ്യോഗസ്ഥർക്കും സ്ഥാനമാറ്റം ലഭിച്ചിട്ടുണ്ട്. ടിങ്കു ബിസ്വാളിനെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം ഐ എ എസിന് അർബൻ അഫയേഴ്സ് ഡയറക്ടറുടെ അധിക ചുമതല നൽകി. പുതിയ കോട്ടയം കലക്ടറായി വി വിഘ്നേശ്വരിയെ നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |