കോട്ടയം: വന്യജീവി പ്രശ്‌നത്തിൽ സർക്കാരിനും വനംവകുപ്പിനും നേരെ രൂക്ഷ വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ. കണമലയിലെ കാട്ടുപോത്ത് ആക്രമണം ഒറ്റപ്പെട്ട സംഭവമായി മാറ്റാൻ വനംവകുപ്പ് ശ്രമിക്കുകയാണെന്ന് മാർ ജോസ് പുളിക്കൽ ആരോപിച്ചു. 'കാട്ടുപോത്ത് കയറിവന്ന് രണ്ട് മനുഷ്യരെ ഒരേദിവസം തന്നെ ദാരുണമായി കൊലപ്പെടുത്തിയപ്പോൾ അതിനെ സംരക്ഷിക്കാനായി വനപാലകരടക്കം രംഗത്തുണ്ടായിരുന്നു. ഈ കാട്ടുപോത്ത് കയറിവന്നത് നിയമസഭയിലോ പാർട്ടി ഓഫീസിലോ ആയിരുന്നെങ്കിൽ പെട്ടെന്ന് ഒരു തീരുമാനമുണ്ടാകുമായിരുന്നല്ലോ?' മാർ ജോസ് പുളിക്കൽ ചോദിച്ചു.
കാട്ടുപോത്തിന് വോട്ടവകാശമില്ലെന്ന കാര്യം സർക്കാരും ബന്ധപ്പെട്ടവരും രാഷ്‌ട്രീയ പാർട്ടികളും മറക്കരുത്. ഈ വന്യമൃഗങ്ങളെ സംരക്ഷിക്കാനായി പലരും വല്ലാതെ പാടുപെടുന്നുണ്ട്. വന്യമൃഗങ്ങളേതും നിങ്ങളെ വോട്ട്‌ചെയ്‌ത് ഒരിടത്തുമെത്തിക്കുകയില്ല. മജ്ജയും മാംസവുമുള്ള മനുഷ്യരാണ് ഇവിടെ ജീവിക്കുന്നതെന്ന കാര്യം ആരും മറക്കാതിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിയമസഭയിലോ പാർട്ടി ഓഫീസിലോ കാട്ടുപോത്ത് കയറിവന്നിരുന്നെങ്കിൽ നിയമത്തിന്റെ കുരുക്കഴിക്കാൻ ആരും മിനക്കെടില്ലായിരുന്നെന്നും വെടിവച്ചുകൊല്ലാൻ ഒരുതാമസവും ഉണ്ടാകില്ലായിരുന്നുവെന്നും ജോസ് പുളിക്കൽ വിമർശിച്ചു. പാവപ്പെട്ട കർഷകന്റെ നെഞ്ചത്തേക്ക് കാട്ടുപോത്ത് ഓടിക്കയറുമ്പോൾ ആയിരക്കണക്കിന് നിയമങ്ങളാണ് കുരുക്കഴിക്കാനുണ്ടായിരുന്നതെന്നും ഈ ഇരട്ടത്താപ്പ് വിലപ്പോവില്ലെന്നും ജോസ് പുളിക്കൽ പറഞ്ഞു. കണമലയിൽ ഒരേ സമയം രണ്ടുപേർ മരണത്തിനിടയായ കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് പ്രദേശവാസികൾ ഉയർത്തിയത്. തുടർന്ന് കാട്ടുപോത്തിനെ വെടിവയ്‌ക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |