SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.21 PM IST

സംശയം തോന്നാതിരിക്കാൻ മുറി പൂട്ടാതെ പോലും പുറത്തുപോകും; കൈക്കൂലിയായി എന്തും വാങ്ങും, സുരേഷിന്റെ വീട്ടിൽ കണ്ടത് ആരും പ്രതീക്ഷിക്കാത്ത സാധനങ്ങളും

Increase Font Size Decrease Font Size Print Page
suresh-kumar

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ നയിച്ചിരുന്നത് വളരെ ലളിതമായ ജീവിതം. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സൂക്ഷിച്ചിരുന്നത് സ്വന്തമായി വീട് വയ്ക്കാനാണെന്നാണ് പൊലീസിന് മൊഴി നൽകിയത്.

അവിവാഹിതൻ ആയിരുന്നതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വന്നിരുന്നില്ലെന്ന് സുരേഷ് കുമാർ പൊലീസിനോട് പറഞ്ഞു. 35 ലക്ഷം രൂപയ്ക്ക് പുറമേ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖയും 17 കിലോ നാണയവും സുരേഷിന്റെ മുറിയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. സുരേഷ് കുമാർ സാലറി അക്കൗണ്ടിൽ നിന്ന് പണം വിൻവലിക്കാറില്ലായിരുന്നുവെന്നാണ് വിജിലൻസ് അറിയിക്കുന്നത്. നിലവിൽ ഇയാളുടെ സാലറി അക്കൗണ്ടിൽ ബാക്കിയുള്ളത് 25 ലക്ഷം രൂപയാണ്.

കൈക്കൂലിയായി എന്തുകിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസ് പറയുന്നത്. പണത്തിനുപുറമേ കവർ പൊട്ടിക്കാത്ത പത്ത് ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, പത്ത് ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേന എന്നിവയും സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തു. 2500 രൂപ മാസവാടകയ്ക്കാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ താമസിച്ചിരുന്ന മുറി പോലും പൂട്ടാതെ സുരേഷ് പുറത്തുപോകുമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.

സുരേഷ് കുമാറിനെക്കുറിച്ച് വിജിലൻസിന് പരാതി ലഭിക്കുന്നത് ഇതാദ്യമാണ്. മുൻപ് ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസുകളിലും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിലും ആരും പരാതി നൽകിയിരുന്നില്ല. സുരേഷിനെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ വിജിലൻസ് കസ്റ്റഡി അപേക്ഷ നൽകുമെന്നും വിവരമുണ്ട്.

TAGS: SURESH KUMAR, VILLAGE FIELD ASSISTANT, BRIBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY