അതിതീവ്രവമായ പ്രണയങ്ങൾ എല്ലാം തന്നെ എപ്പോഴും അപ്രവചനീയതയുടെ മേലങ്കിയുള്ളതായിരിക്കും. അതിനുകാരണം കാമുകനും കാമുകനുമിടയിലുള്ള രസതന്ത്രം തന്നെ. കേവലം ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിൽ നിന്ന് മാറി രണ്ട് വ്യക്തികളുടെ ജീവിതത്തിലെ ഓരോ അണുവിനേയും തൊട്ടുതലോടി അതിന്റെ മൂർദ്ധന്യതയിലെത്തി മഞ്ഞുതുള്ളി പോലെ അലിഞ്ഞില്ലാതാകുന്ന പ്രണയം. അത്രയും തീവ്രമായ പ്രണയങ്ങളാണ് എല്ലാവരെയും നൊമ്പരപ്പെടുത്താറുള്ളത്. യുവനടൻ ടൊവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ലൂക്ക എന്ന സിനിമയും ഇത്തരമൊരു അതിതീവ്ര പ്രണയത്തിന്റെ നേർക്കാഴ്ചയാണ്.
ലൂക്കയും നിഹാരികയും
കുഞ്ഞുനാളിലേയുള്ള അച്ഛന്റേയും അമ്മയുടേയും മരണത്തിന് ശേഷം പെയിന്റിംഗ്, ആർട്ടിസ്റ്റിക് വർക്കുകൾ
ചെയ്ത് അടക്കുംചിട്ടയുമില്ലാത്ത അലസജീവിതം നയിക്കുന്ന ലൂക്ക എന്ന യുവാവിന്റേയും ബാംഗ്ളൂരിൽ നിന്ന്
കൊച്ചിയിൽ റിസർച്ചിനെത്തുന്ന നിഹാരികയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ കഥ.
പ്രണയം മാത്രമല്ല ലൂക്ക
പരമ്പരാഗത രീതിയിലുള്ള കണ്ടുമടുത്ത വെറും പ്രണയം മാത്രമല്ലെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിന്റെ ആദ്യന്തം പ്രണയത്തോടൊപ്പം മാനസിക, ശാരീരിക വ്യാപാരങ്ങളെ കൂടി അതിന്റേതായ രീതിയിൽ സിനിമ അനാവരണം ചെയ്യുന്നുണ്ട്. മാനസിക വികാരങ്ങളെ അതിതീവ്രവമായി ഒപ്പിയെടുത്തിരിക്കുന്നതും സിനിമയിൽ കാണാം. ഒരു മരണരംഗത്തിൽ നിന്നുതുടങ്ങി ഡയറിത്താളുകളിലൂടെ സഞ്ചരിക്കുന്ന സിനിമ പ്രേക്ഷകരെ ബോറടിപ്പിക്കുന്ന പതിവ് പ്രണയത്തിൽ നിന്ന് വഴിമാറി നടക്കുന്നുണ്ട്. അസ്വാഭാവികമായ അപരിചിതത്വങ്ങളിൽ നിന്നുതുടങ്ങി പരിചിതങ്ങളിലേക്ക് ചലിക്കുന്ന ലൂക്കയുടേയും നിഹാരികയുടേയും പ്രണയത്തിന് അകമ്പടിയേകുന്നത് സംഗീതവും കലയുമാണ്. ഏത് വേദനയ്ക്കുമുള്ള മരുന്നായി കാണുന്ന കലയേയും അർഹിക്കുന്ന പ്രാധാന്യത്തോടെ സിനിമയിൽ ഒരുകഥാപാത്രമായി സംവിധായകൻ കൊണ്ടുവന്നിട്ടുണ്ട്.
സംഗീതവും മുഖ്യപങ്ക് വഹിക്കുന്ന സിനിമകളിൽ നിരവധി ബിംബങ്ങളും കാണാനാകും. ലൂക്ക എന്ന കഥാപാത്രത്തിന്റെ അലസജീവിതം തന്നെ ആക്രി സാധനങ്ങളിൽ നിന്ന് ഇൻസ്റ്റലേഷനുകളും കരിക്കട്ട കൊണ്ടു കോറിയിടുന്ന വക്കുപൊട്ടിയ ജീവിതക്കാഴ്ചകളുടേയും ബിംബങ്ങളാണ്. വെറുമൊരു വെള്ള ക്യാൻവാസിൽ തെറ്റിയും തെറിച്ചും വീഴുന്ന വർണത്തുള്ളികൾ വിസ്‌മയം വിരിയിക്കുന്നതുപോലെയോ, അലസജീവിതം നയിക്കുന്ന ഒരാളുടെ മുറിയിലെ അലങ്കോലപ്പെട്ടു കിടക്കുന്ന വസ്തുക്കൾ പോലും എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. ഈ അലങ്കോലത്തിനും ഒരു അലങ്കാരമുണ്ടെന്ന് നായകനെ കൊണ്ടുപറയിക്കുന്ന സംവിധായകൻ തന്റെ സിനിമയുടെ രൂപകൽപനയിലേക്കാണ് കൃത്യമായി വിരൽചൂണ്ടുന്നത്.
അരുൺ ബോസും മൃദുൽ ജോർജും ചേർന്നാൊരുക്കിയിരിക്കുന്ന തിരക്കഥയിൽ ലൂക്കയുടേയും നിഹാരികയുടേയും പ്രണയത്തിന് സമാന്തരമായി അതിതീവ്രമായ മറ്റൊരു പ്രണയകഥ കൂടി സംവിധായകൻ പറയുന്നുണ്ട്. പരസ്‌പരം ബന്ധപ്പെട്ട് കിടക്കുന്ന രണ്ട് മരണങ്ങൾ അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറുടെ ജീവിതത്തിലെ കടുത്ത പ്രതിസന്ധി കൂടിയാണ് സംവിധായകൻ വരച്ചുകാട്ടുന്നത്. ഒരുവശത്ത് ഇരട്ട മരണങ്ങളുടെ പൊരുൾ തേടുമ്പോൾ തന്റെ ജീവിതം എന്താകുമെന്ന ഒരു നിശ്ചയവുമില്ലാതെ അക് ബർ എന്ന ആ പൊലീസ് ഉദ്യോഗസ്ഥനും യാത്ര തുടരുന്നു. എന്നാൽ, പൊലീസുകാരന്റെ പ്രണയത്തിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് ക്ളൈമാക്സ് വരെ കണ്ടാലേ മതിയാകൂ. ചെയ്യുന്നത് എന്തുതൊഴിലായാലും അതിനെ അഗാധമായി പ്രണയിക്കുന്നുണ്ട് ലൂക്ക. അതുപോലെ തന്നെയാണ് അവിചാരിതമായി തന്റെ ജീവിതത്തിന്റെ രസതന്ത്രം മാറ്റിമറിച്ചെത്തുന്ന നിഹാരികയെന്ന കെമിസ്ട്രി ഗവേഷക വിദ്യാർത്ഥിയേയും അയാൾ ഭ്രാന്തമായി പ്രണയിക്കുകയാണ്. കുട്ടിക്കാലത്ത് അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേൽക്കേണ്ടി വന്നതിന്റെ മുറിപ്പാടുകൾ ഉണങ്ങാത്ത മനസുമായെത്തുന്ന നിഹ ലൂക്കയിൽ കണ്ടെത്തുന്നത് തന്നെത്തന്നെയാണ്.
കലക്കൻ ലുക്കുമായി ലൂക്ക
ലൂക്കയെ അവതരിപ്പിക്കുന്ന ടൊവിനോ ലുക്ക് കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരുടെ മനസിൽ ഇടംനേടുന്ന പ്രകടനമാണ് നടത്തുന്നത്. മരണഭയം പേറിനടക്കുന്ന, തീർത്തും അലസനായ ലൂക്കയെ അത്ര പെർഫെക്ടയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. വെട്ടിയൊതുക്കാത്ത താടി പോലും കഥാപാത്രത്തിന് പൂർണത നൽകുന്നു.
നായികയായി എത്തുന്ന അഹാന കൃഷ്ണ (നടൻ കൃഷ്ണകുമാറിന്റെ മകൾ) യുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി തന്നെ നിഹാരികയെ കാണാം. ഞാൻ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങളിലൊന്നും അഹാനയുടെ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാൽ, തന്നിലെ അഭിനയപ്രതിഭയെ കൂടുതൽ പ്രകടിപ്പിക്കാൻ കഴിഞ്ഞ വേഷമാണ് ഈ സിനിമയിലേത്. നായകനോളം പോന്ന പ്രകടനമാണ് അഹാനയുടേതെന്ന് പറയാതിരിക്കാനാകില്ല. അക്ബറിനെ അവതരിപ്പിക്കുന്ന നിതിൻ ജോർജ്ജിന്റെ പ്രകടനവും വേറിട്ടുനിൽക്കുന്നു. ശ്രീകാന്ത് മുരളി, വിനീത കോശി, അൻവർ ഷെരീഫ്, ഷാലു റഹീം, പൗളി വിൽസൻ, തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, രാഘവൻ,നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ചിത്രത്തിന്റെ കലാസംവിധാനമാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ശരിക്കും ഒരു ഇൻസ്റ്റലേഷൻ വർക്കുപോലെ സാന്ദ്രമാണ് സിനിമ. ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ചേരുന്നതായി.
വാൽക്കഷണം: വെറും പ്രണയമല്ല
റേറ്റിംഗ്: 3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |