#നടപടി കേരളകൗമുദി റിപ്പോർട്ടിന്മേൽ
തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി എൻ.സി.സി നടത്തിയ കോട്ടയം ഇന്റർ ബറ്റാലിയൻ ഷൂട്ടിംഗ് ക്യാമ്പിൽ ഗേൾസ് കേഡറ്റ് ഇൻസ്ട്രക്‌ടറുടെ വീട്ടുജോലിക്കാരി പോയിന്റ് 22 തോക്ക് ഉപയോഗിച്ച് ഷൂട്ടിംഗ് പരിശീലനം നടത്തിയ സംഭവത്തിൽ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എസ്.ആർ.ബിജു റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച " എൻ.സി.സി ക്യാമ്പിൽ സുരക്ഷാ വീഴ്ച , ഷൂട്ടിംഗ് പരിശീലനം പാചകക്കാരിക്കും " എന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ക്യാമ്പിന്റെ സംഘാടകരായ ഫൈവ് കേരള ഗേൾസ് യൂണിറ്റിന്റെ ചുമതലക്കാരനായ കമാൻഡിംഗ് ഓഫീസർ റോത്താ ശർമ്മയോടാണ് വിശദീകരണം തേടിയത്.രണ്ടു ദിവസത്തിനകം റിപ്പോർട്ട് കൈമാറണമെന്നാണ് നിർദ്ദേശം.ക്യാമ്പ് നടന്ന തിരുവല്ല മാർത്തോമാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ചുമതലക്കാരനായ അസോസിയേറ്റ് നേവൽ ഓഫീസർ പ്രൊഫ. റീസൺ സാം രാജിനോട് കോളജ് അധികൃതർ വിശദീകരണം തേടി. കുട്ടികളുടെ ജീവൻ പന്താടുന്ന വിധത്തിൽ നടന്ന സുരക്ഷാ വീഴ്ചയ്ക്കെതിതെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകാനാണ് രക്ഷിതാക്കൾ ആലോചിക്കുന്നത്.
കേസ് ഒതുക്കാനും ശ്രമം
സംഭവത്തിൽ പ്രതി സ്ഥാനത്തുള്ള ഗേൾസ് കേഡറ്റ് ഇൻസ്ട്രക്‌ടർ ദേവികയുടെ ഭർത്താവ് സൈന്യത്തിലെ ലഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്നയാളായതിനാൽ ,കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നതായി പറയുന്നു. വീട്ടുജോലിക്കാരി ഷൂട്ടിംഗ് നടത്തുന്ന ചിത്രം ഫോട്ടോ ഷൂട്ടാണെന്ന വാദം ഉന്നയിച്ചാണിത്. എന്നാൽ, വീട്ടുജോലിക്കാരിക്ക് ഗേൾസ് കേഡറ്റ് ഇൻസ്ട്രക്ടർ ഷൂട്ടിംഗ് പരിശീലനം നൽകുന്ന നിരവധി ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ ചിത്രങ്ങളിൽ ക്യാമ്പിന്റെ ചുമതക്കാരനായ പെർമനന്റ് ഇൻസ്ട്രക്ടറെയും കുട്ടികളെയും കാണാം. സംഭവത്തിൽ കേരള എൻ.സി.സി സിവിലിയൻ സ്റ്റാഫ് അസോസിയേഷൻ കൊല്ലം മേഖലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. .കോഴിക്കോട് വെസ്റ്റ് ഹില്ലിൽ പരിശീലത്തിനത്തിനിടെ പത്തനംതിട്ട സ്വദേശി വൈശാഖ് എന്ന കേഡറ്റ് നെഞ്ചിൽ വെടിയേറ്റ് മരിക്കാനിടയായ സംഭവവും അവർ ചൂണ്ടിക്കാട്ടി
ക്യാമ്പിന്റെ ചുമതലക്കാരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകും.
-ബ്രിഗേഡിയർ എസ്.ആർ.ബിജു
ഗ്രൂപ്പ് കമാൻഡർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |