കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊല്ലപ്പെടുന്നതിന് മുമ്പായി എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ റൂമുകൾ ബുക്ക് ചെയ്തിരുന്നതായി റിപ്പോർട്ട്. ജി3, ജി4 എന്നിങ്ങനെ രണ്ട് റൂമുകൾ ഈ മാസം 18നാണ് ബുക്ക് ചെയ്തത്. ഇതിൽ ജി4ൽ വച്ചാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല നടത്തിയ ഹോട്ടലിൽ നിന്ന് പ്രതികൾ എന്ന് സംശയിക്കുന്നവർ പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഹോട്ടലിന്റെതൊട്ടടുത്ത വസ്ത്രവിൽപ്പനശാലയിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഈ മാസം 18നാണ് സിദ്ദിഖിനെ കാണാതാകുന്നത്. 19ന് വൈകിട്ട് 3.09നും 3.19നും ഇടയിൽ ബാഗുകൾ കാറിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
വെള്ള നിറത്തിലുള്ള കാറിലാണ് ബാഗുകൾ കയറ്റിയത്. കാർ പാർക്ക് ചെയ്ത് 15 മിനിട്ടിന് ശേഷമാണ് ആദ്യ ബാഗ് കാറിന്റെ ഡിക്കിയിൽ കയറ്റിയത്. പിന്നീട് കുറച്ച് സമയത്തിന് ശേഷം അടുത്ത ബാഗുമായി ഒരു യുവതി എത്തുന്നു. ഈ ട്രോളി ബാഗും കാറിൽ കയറ്റിയ ശേഷം ഇരുവരും കാറിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെയാൾ കാറിനുള്ളിൽ ഉണ്ടായിരുന്നതായാണ് നിഗമനം. ഹോട്ടലിലെ സിസിടിവി കേടായിരുന്നുവെന്നും 19നാണ് പുനഃസ്ഥാപിച്ചതെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഹോട്ടൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |