SignIn
Kerala Kaumudi Online
Thursday, 25 April 2024 9.50 PM IST

പാർലമെന്റ് മന്ദിരം ; ഉദ്ഘാടനവും വിവാദവും

photo

1911ലാണ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ന്യൂഡൽഹിയിലേക്കു മാറ്റിയത്. തൊട്ടടുത്തവർഷം എഡ്വിൻ ലൂട്ടിൻസും ഹെർബർട്ട് ബേക്കറും ചേർന്ന് രൂപകൽപന ചെയ്തതാണ് ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം. 1921ൽ പണിതുടങ്ങി; 1927ൽ പൂർത്തീകരിച്ചു. ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ആയാണ് പ്രവർത്തനമാരംഭിച്ചത്. വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന ലോർഡ് ഇർവിനാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. 1947ൽ ഈ മന്ദിരത്തിലാണ് ഐതിഹാസികമായ അധികാര കൈമാറ്റം നടന്നത്. വിധിയുമായുള്ള സമാഗമം എന്നാരംഭിക്കുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പ്രസംഗം മുഴങ്ങിയതും ഇവിടെത്തന്നെ. അതിനുശേഷം ഭരണഘടന അസംബ്ലി പ്രവർത്തിച്ചതും ഇതേ മന്ദിരത്തിലായിരുന്നു. 1950 മുതൽ 52 വരെ താത്കാലിക പാർലമെന്റും ഇതേ മന്ദിരത്തിൽ സമ്മേളിച്ചു. 1952 മുതൽ ഇക്കഴിഞ്ഞ ദിവസംവരെ പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിച്ചത് ഈ മന്ദിരത്തിലായിരുന്നു. നിലവിലുള്ള കെട്ടിടത്തിൽ സ്ഥലസൗകര്യം കുറവാണെന്ന ആവലാതി 21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഉയരാൻ തുടങ്ങി. 2012ൽ മീരാ കുമാർ സ്പീക്കറായിരുന്ന കാലത്ത് ബദൽ സംവിധാനത്തെക്കുറിച്ച് ആലോചിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു. അന്ന് യു.പി.എ സർക്കാരാണ് അധികാരത്തിലുണ്ടായിരുന്നത്; മൻമോഹൻ സിംഗ് ആയിരുന്നു പ്രധാനമന്ത്രി. ആ സർക്കാരിന് അധികമൊന്നും ചെയ്യാൻ കഴിഞ്ഞില്ല. 2019ൽ നരേന്ദ്രമോദി രണ്ടാമതും അധികാരത്തിലേറിയതോടെ പുതിയ പാർലമെന്റ് മന്ദിരം എന്ന ആശയത്തിന് ഗതിവേഗം വർദ്ധിച്ചു. 20,000 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിരിക്കും പുതിയ പാർലമെന്റ് മന്ദിരമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. ഏകദേശം 970 കോടി രൂപയാണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണച്ചെലവ്.

2020 ഡിസംബർ പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു. അപ്പോൾ മുതൽ വിവാദവും പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തും ലോകത്തും കൊവിഡ് മഹാമാരി പടർന്നുപിടിക്കുന്ന കാലമായിരുന്നു അത്. വറുതിയുടെയും ക്ഷാമത്തിന്റേയും ആരോഗ്യ അടിയന്തരാവസ്ഥയുടേയും കാലത്ത് ദുർവഹമായ പണച്ചെലവ് ഒഴിവാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. പക്ഷേ കേന്ദ്രസർക്കാർ വഴങ്ങിയില്ല. ചിലർ ഹർജികളുമായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സർക്കാരിന്റെ കാലത്തുതന്നെ നിർമ്മാണം പൂർത്തീകരിക്കണമെന്നും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തണമെന്നും പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിവേഗത്തിൽ പ്രവൃത്തി പുരോഗമിച്ചു, പണിപൂർത്തീകരിച്ചു. ഒടുവിൽ ഉദ്ഘാടനത്തിന്റെ തീയതിയും കാര്യപരിപാടിയും നിശ്ചയിച്ചതോടെ അടുത്തവിവാദം പൊട്ടിപ്പുറപ്പെട്ടു. സവർക്കറുടെ ജന്മദിനമായ മേയ് 28 ആണ് ഉദ്ഘാടന തീയതി. രാഷ്ട്രപതി ദ്രൗപദി മുർമു അല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടകൻ. അതോടെ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഇടതുപക്ഷ പാർട്ടികൾക്കും രാഷ്ട്രപതിയോട് കലശലായ ആദരവും ബഹുമാനവും തോന്നി. ഉദ്ഘാടന ചടങ്ങിൽ ദ്രൗപദി മുർമുവിനെ ഒഴിവാക്കിയത് രാഷ്ട്രപതിയോടുള്ള അവഹേളനവും ആദിവാസി വിഭാഗത്തോടുള്ള അവഗണനയുമാണെന്ന് അവർ വ്യാഖ്യാനിച്ചു. പുതിയൊരു പാർലമെന്റ് മന്ദിരം പണിതതുതന്നെ അനാവശ്യമായിരുന്നെന്നും രാഷ്ട്രതലൈവിയും പ്രഥമപൗരയുമായ ഇന്ത്യൻ പ്രസിഡന്റിനെ ഒഴിവാക്കിയത് രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭൂഷണമല്ലെന്നും മറ്റു ചില ബുദ്ധിജീവികൾ വിശദീകരിച്ചു. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ അല്ല ലോക്‌സഭ സ്പീക്കറാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് മുസ്ലിം മജ്‌ലിസ് നേതാവ് അസദുദ്ദീൻ ഒവൈസിക്ക് വെളിപാടുണ്ടായി. രാഷ്ട്രപതിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കം 19 പ്രതിപക്ഷപാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. ബി.ജെ.പിയും ഒട്ടും വിട്ടുകൊടുത്തില്ല. 1975 ഒക്ടോബർ 24ന് പാർലമെന്റ് അനക്‌സ് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നെന്നും 1987 ആഗസ്റ്റ് 15ന് പാർലമെന്റ് ലൈബ്രറിയുടെ ശിലാസ്ഥാപനം നടത്തിയത് പ്രധാനമന്ത്രി രാജീവ്ഗാന്ധി ആയിരുന്നെന്നും ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢ് നിയമസഭ മന്ദിരത്തിന് തറക്കല്ലിട്ടത് പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആയിരുന്നില്ല, യു.പി.എ ചെയർപേഴ്‌സൺ സോണിയാ ഗാന്ധി ആയിരുന്നെന്നും കൂട്ടിച്ചേർത്തു.

തെലങ്കാന സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തന്നെ അറിയിക്കുകകൂടി ചെയ്തില്ലെന്ന് ഗവർണർ തമിഴ്ഇശൈ സുന്ദർരാജൻ പരാതിപറഞ്ഞു. അതിനിടെ ചോളരാജാക്കന്മാരുടെ മാതൃകയിലുള്ള ചെങ്കോലുമായി ആഭ്യന്തരമന്ത്രി അമിത്ഷാ രംഗപ്രവേശം ചെയ്തു. 1947ൽ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഗവർണർ ജനറൽ മൗണ്ട്ബാറ്റൺ പ്രഭു ജവഹർലാൽ നെഹ്‌റുവിന് കൈമാറിയ ഈ ചെങ്കോൽ പ്രയാഗ് രാജിലെ നെഹ്‌റു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരുന്നതെന്നും അത് പോളിഷ് ചെയ്ത് ഇനി പാർലമെന്റിൽ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പൂജയും ഹോമവും വേദമന്ത്രോച്ചാരണങ്ങളുമൊക്കെ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിലും ഉണ്ടാകുമെന്ന് ഇതോടെ വ്യക്തമായി. അയോദ്ധ്യയിലെ രാമക്ഷേത്രംപോലെ നരേന്ദ്രമോദിയുടെ പ്രചരണായുധങ്ങളിൽ ഒന്നായി പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും മാറുമെന്ന് വ്യക്തം.

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായ പാർട്ടികളെ കൂടാതെ ഏഴ് പ്രതിപക്ഷകക്ഷികൾ കൂടി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ബഹുജൻ സമാജ് പാർട്ടി, ശിരോമണി അകാലിദൾ, ജനതാദൾ (സെക്യുലർ), ലോക്ജനശക്തി പാർട്ടി, വൈ.എസ്.ആർ കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി, ബിജു ജനതാദൾ. ഇവയിൽ വൈ.എസ്.ആർ കോൺഗ്രസും ബിജു ജനതാദളും മുമ്പുതന്നെ സമദൂര സിദ്ധാന്തക്കാരാണ്. ലോക്ജനശക്തി പാർട്ടിയും തെലുങ്കുദേശവും ശിരോമണി അകാലിദളും സമീപകാലം വരെ ദേശീയ ജനാധിപത്യസഖ്യത്തിൽ അംഗങ്ങളായിരുന്നു. ഒരുപക്ഷേ വീണ്ടും അങ്ങോട്ട് തിരിച്ചുപോകാൻ താത്പര്യപ്പെടുന്നവരും ആയിരിക്കാം. ബി.ജെ.പിയോട് കടുത്ത ശത്രുത വച്ചുപുലർത്തുമ്പോഴും മായാവതി പറയുന്നത് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിക്ക് അവകാശമുണ്ട് എന്നുതന്നെയാണ്. ഇപ്പോൾ ആദിവാസി സ്‌നേഹം പ്രകടിപ്പിക്കുന്ന പാർട്ടികളൊക്കെ രാഷ്ട്രപതി തിരഞ്ഞെടുപ്പു വേളയിൽ എന്തുനിലപാടാണ് സ്വീകരിച്ചതെന്നും അവർ ചോദിക്കുന്നു. ബി.ജെ.പിയോടുള്ള എതിർപ്പ് നിലനിറുത്തിക്കൊണ്ടുതന്നെ താൻ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ അറിയിച്ചത്. ''ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത് ആർ.എസ്.എസ് കാര്യാലയമോ ബി.ജെ.പി ഓഫീസോ അല്ല. രാജ്യത്തിന്റെ അഭിമാനമായ പാർലമെന്റ് മന്ദിരമാണ് - "അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതിയെ പങ്കെടുപ്പിക്കാത്തതിലുള്ള പ്രതിഷേധം നിലനിറുത്തിക്കൊണ്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതായിരുന്നു വിവേകം. പക്ഷേ പോയബുദ്ധി ആന പിടിച്ചാലും പോരില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPPOSITION PARTIES TO BOYCOTT NEW PARLIAMENT INAUGURATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.