പാരീസ് : ഫ്രഞ്ച് സംവിധായിക ജസ്റ്റീൻ ട്രയറ്റിന്റെ മർഡർ മിസ്റ്ററി ചിത്രമായ ' അനാട്ടമി ഒഫ് എ ഫോൾ ' 76-ാമത് കാൻ ഫിലിംഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കി. ബ്രിട്ടീഷ് സംവിധായകൻ ജോനാഥൻ ഗ്ലേസറിന്റെ ' ദ സോൺ ഒഫ് ഇന്ററസ്റ്റി'നാണ് രണ്ടാമത്തെ ബഹുമതിയായ ഗ്രാൻ പ്രീ പുരസ്കാരം. ഭർത്താവിന്റെ കൊലപാതകം ആരോപിക്കപ്പെട്ട ഒരു എഴുത്തുകാരി തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് അനാട്ടമി ഒഫ് എ ഫോളിന്റെ ഇതിവൃത്തം. പാം ഡി ഓർ സ്വന്തമാക്കുന്ന മൂന്നാമത്തെ വനിതയാണ് ജസ്റ്റീൻ ട്രയറ്റ്. ജർമ്മൻ നടി സാൻഡ്ര ഹുള്ളർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗ്രാൻ പ്രീ പുരസ്കാരം നേടിയ ദ സോൺ ഒഫ് ഇന്ററസ്റ്റിലും സാൻഡ്ര മുഖ്യവേഷം അവതരിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ അന്തരിച്ച ബ്രിട്ടീഷ് എഴുത്തുകാരൻ മാർട്ടിൻ എയ്മിസിന്റെ നോവലിനെ ആസ്പദമാക്കിയുള്ളതാണ് ദ സോൺ ഒഫ് ഇന്ററസ്റ്റ്. ഫിന്നിഷ് സംവിധായകൻ അകി കോറിസ്മാകിയുടെ ' ഫോളൻ ലീവ്സ് ' ജൂറി പുരസ്കാരത്തിന് അർഹമായി. ജാപ്പനീസ് താരം കോജി യകുഷോ ആണ് മികച്ച നടൻ (ചിത്രം - പെർഫെക്ട് ഡേയ്സ്). തുർക്കിഷ് നടി മർവെ ദിസ്ദാർ ആണ് മികച്ച നടി (ചിത്രം - എബൗട്ട് ഡ്രൈ ഗ്രാസസ് ). ' ദ പോട്ട് - ഒ - ഫോ " എന്ന ചരിത്ര - റൊമാന്റിക് ചിത്രത്തിലൂടെ വിയറ്റ്നാമീസ് വംശജനായ ഫ്രഞ്ച് സംവിധായകൻ ട്രാൻ ആൻ ഹംഗ് മികച്ച സംവിധായകനായി. ഹോളിവുഡ് ഇതിഹാസങ്ങളായ മാർട്ടിൻ സ്കോർസേസി, റോബർട്ട് ഡി നീറോ, ക്വെന്റിൻ ടാരന്റീനോ, ഇസബെല്ല റോസെല്ലിനി, ഷോൺ പെൻ തുടങ്ങിയ പ്രമുഖർ റെഡ് കാർപ്പറ്റിൽ അണിനിരന്ന പ്രൗഢ ഗംഭീരമായ ഫെസ്റ്റിവലിനാണ് ഇത്തവണ കാൻ സാക്ഷിയായത്. നടന്മാരായ ഹാരിസൺ ഫോർഡ്, മൈക്കൽ ഡഗ്ലസ് എന്നിവർക്ക് ഓണററി പാം ഡി ഓറും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |