ഇന്ത്യൻ കായികപ്രേമികൾക്ക് ആവേശം പകർന്ന് മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് മലയാളിതാരം എച്ച്.എസ്. പ്രണോയ്. കഴിഞ്ഞദിവസം നടന്ന ഫൈനലിൽ ലോക 34-ാം റാങ്കുകാരനായ ചൈനീസ് താരം വെംഗ് ഹോംഗ് യാംഗിനെ മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിൽ 21-19, 13-21, 21-18 എന്ന സ്കോറിന് കീഴടക്കിയാണ് പ്രണോയിയുടെ കിരീടനേട്ടം. ഈ 30കാരന്റെ കരിയറിലെ ആദ്യത്തെ ബി.ഡബ്ള്യു.എഫ് വേൾഡ് ടൂർ ലെവൽ കിരീടമാണിത്. തരുവനന്തപുരം സ്വദേശിയായ സുനിൽ കുമാറിന്റയും ഹസീനയുടെയും മകനാണ് പ്രണോയ്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാഡമിയിലാണ് പരിശീലനം.
മലേഷ്യയിലെ കലാശപ്പോരിൽ ആദ്യ ഗെയിം സ്വന്തമാക്കിയാണ് ലോക ഒൻപതാം റാങ്കുകാരനായ പ്രണോയ് തുടങ്ങിയത്. എന്നാൽ രണ്ടാം ഗെയിമിൽ ചൈനീസ് താരം ശക്തമായി തിരിച്ചുവന്നു. 13 പോയിന്റ് മാത്രമാണ് പ്രണോയ്ക്ക് രണ്ടാം ഗെയിമിൽ നേടാനായത്. അവസാന ഗെയിമിലും വെംഗ് ഹോംഗ് യാംഗ് മികച്ചുനിന്നെങ്കിലും പ്രണോയ്‌യെ മറികടക്കാനായില്ല. 21-18 ന് മൂന്നാം ഗെയിമും കിരീടവും പ്രണോയ് സ്വന്തമാക്കി. ഇതോടെ ഇന്റർനാഷണൽ ബാഡ്മിന്റൺ സർക്യൂട്ടിൽ പുരുഷ സിംഗിൾസിലെ ഒരു രാജ്യാന്തര കിരീടത്തിനായുള്ള തന്റെ ആറുവർഷത്തെ കാത്തിരിപ്പിനാണ് പ്രണോയ് അറുതിവരുത്തിയത്.
കഴിഞ്ഞവർഷത്തെ തോമസ് കപ്പ് ടീം ചാമ്പ്യൻഷിപ്പിലും 2018ൽ കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ ഇന്ത്യൻ ടീമിനുവേണ്ടി നിർണായക പ്രകടനം കാഴ്ചവച്ച താരമാണ് പ്രണോയ്. എന്നാൽ അവസാനമായി ഒരു വ്യക്തിഗത കിരീടം പ്രണോയ് നേടിയത് 2017ലെ യു.എസ് ഓപ്പണിലായിരുന്നു. കഴിഞ്ഞവർഷം സ്വിസ് ഓപ്പണിൽ റണ്ണറപ്പും ഇന്തോനേഷ്യ ഓപ്പണിൽ സെമിയിലുമെത്തിയ പ്രണോയ്‌ക്ക് പലപ്പോഴും തലനാരിഴയ്ക്കാണ് കിരീടങ്ങൾ നഷ്ടമായിക്കൊണ്ടിരുന്നത്. ലിൻ ഡാൻ അടക്കമുള്ള വമ്പൻ താരങ്ങളെ അട്ടിമറിക്കുന്നത് പതിവാക്കിയ പ്രണോയ് പക്ഷേ ഫൈനൽ എന്ന കടമ്പ കടന്ന് കിരീടത്തിലേക്കെത്താൻ കഴിയാതെ മടങ്ങുന്നത് നിരാശപ്പെടുത്തിയിരുന്നു.
കിരീടങ്ങളുടെ അകമ്പടി ഇല്ലെങ്കിലും ഇന്റർനാഷണൽ ബാഡ്മിന്റൺ സർക്യൂട്ടിൽ കഴിഞ്ഞ രണ്ടുവർഷത്തോളമായി മികച്ച പ്രകടനമാണ് പ്രണോയ് കാഴ്ചവച്ചിരുന്നത്. അതിന്റെ തുടർച്ചയെന്നോണമാണ് മലേഷ്യ മാസ്റ്റേഴ്സിലെ കിരീടധാരണം. ആൾ ഇംഗ്ലണ്ട് ചാമ്പ്യൻ ലീ ഷി ഫെംഗ്, ലോക ആറാം റാങ്കുകാരനായ ചൗ ടിയെൻ ചെൻ, മുൻ ചാമ്പ്യൻ കെന്റാ നിഷിമോട്ടോ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രണോയ് അട്ടിമറിച്ചിരുന്നു. പുരുഷ സിംഗിൾസിൽ ഈ മാസമാദ്യം കരിയർ ബെസ്റ്റായ ഏഴാം റാങ്കിലേക്ക് എത്തിയിരുന്ന പ്രണോയ് കഴിഞ്ഞവാരമാണ് ഒൻപതാം റാങ്കിലായത്. ഈ കിരീടനേട്ടത്തോടെ റാങ്ക് വീണ്ടും ഉയരും.
പ്രണോയ്‌യുടെ മലേഷ്യയിലെ കിരീടനേട്ടം ഇന്ത്യൻ ബാഡ്മിന്റൺ രംഗത്തിനും ആത്മവിശ്വാസം തിരിച്ചെത്തിക്കുന്നതാണ്. പുരുഷ സിംഗിൾസിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഈ സീസണിലെ ആദ്യ ഇന്റർനാഷണൽ കിരീടമാണിത്. പുല്ലേല ഗോപിചന്ദും യു.വിമൽകുമാറും സൈന നെഹ്‌വാളും പി.വി സിന്ധുവുമൊക്കെച്ചേർന്ന് ഇന്ത്യൻ ബാഡ്മിന്റണിനെ എത്തിച്ച ഉയരങ്ങളിൽ നിന്ന് വീണ്ടും മുകളിലേക്കുള്ള പ്രയാണത്തിലാണ് പ്രണോയ്‌യും ലക്ഷ്യസെന്നും മലയാളി വനിതാതാരം ട്രീസാ ജോളിയും അടക്കമുള്ളവർ. തീർച്ചയായും ഈ നേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാം. വി.ദിജുവും അപർണ ബാലനും രൂപേഷ് കുമാറും സനാവേ തോമസും പി.സി തുളസിയുമൊക്കെ കേരളത്തിൽ നിന്ന് അന്താരാഷ്ട്ര ബാഡ്മിന്റൺ വേദികളിലേക്ക് പറന്നുയർന്നവരാണ്. അവർക്ക് പിന്നാലെ പ്രണോയ്ക്കും ഇനിയുമിനിയും അന്താരാഷ്ട്രകിരീടങ്ങൾ ഉയർത്താനാവട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |